‘കാടിറങ്ങുന്ന മൃഗങ്ങളെ തടയും ജനങ്ങള്‍ക്ക് കാവലാകും’; 100 ദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് വനം വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനകം ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ വനം വകുപ്പ് 100 ദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ചു. ലോക പരിസ്ഥിതി ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ആണ് നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയത്.

വന്യമൃഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള കാടിന്റെ വാഹക ശേഷി വര്‍ധിപ്പിക്കുന്നത് അടക്കമുള്ള വിപുലമായ പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വനത്തിനകത്തോ പുറത്തോ വന്യജീവി ആക്രമണത്തില്‍ ഒരാള്‍ മരിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം വനംവകുപ്പിനായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

1. വനാതിര്‍ത്തികളില്‍ പ്രതിരോധ വേലികള്‍ ശക്തമാക്കും

നിലവിലുള്ള 2000 കിലോമീറ്റര്‍ സോളാര്‍ വേലികള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കും. അടുത്ത 100 ദിവസത്തിനകം 100 കിലോമീറ്ററും അഞ്ച് വര്‍ഷത്തിനകം 1900 കിലോമീറ്ററും പുതിയ സൗരോര്‍ജ വേലികള്‍ നിര്‍മ്മിക്കും. കൂടാതെ വനപാതകളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി റോഡരികുകളിലെ അടിക്കാട് തെളിച്ച് കുറഞ്ഞത് 100 കിലോമീറ്റര്‍ ദൂരത്തില്‍ കാഴ്ച പരിധി ഉറപ്പാക്കും. ഒപ്പം വന്യജീവി സംഘര്‍ഷ സാധ്യതയേറിയ പ്രദേശങ്ങള്‍ കൃത്യമായി മാപ്പ് ചെയ്യുകയും ചെയ്യും.

2. മെട്രോ റെസ്‌ക്യൂ ടീമുകളും സാറ്റലൈറ്റ് ആര്‍ആര്‍ടികളും

നിലവിലുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ക്ക് പുറമെ, ഫോറസ്റ്റ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 25 സാറ്റലൈറ്റ് ടീമുകള്‍ കൂടി രൂപീകരിക്കും. ഇവയ്ക്ക് ആധുനിക വാഹനങ്ങളും ട്രാങ്ക്വിലൈസിങ് (മയക്കുവെടി) സാമഗ്രികളും ലഭ്യമാക്കും. നഗരങ്ങളിലെ വന്യജീവി സാന്നിധ്യം കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രത്യേക ടീമുകളും ഉണ്ടാകും. ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നി എട്ട് നഗരങ്ങളിലാണ് ഇത് നടപ്പാക്കുക.

3. പുല്‍മേടുകള്‍ വീണ്ടെടുക്കും; അധിനിവേശ സസ്യങ്ങള്‍ മാറ്റും

കാട്ടുമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ തന്നെ തീറ്റ ഉറപ്പാക്കാന്‍ എല്ലാ വനം ഡിവിഷനുകളിലെയും പുല്‍മേടുകള്‍ മാപ്പ് ചെയ്ത് പരിപാലിക്കും. വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന സെന്ന, ലന്താന, മൈക്കീനിയ തുടങ്ങിയ അധിനിവേശ സസ്യങ്ങളും വിദേശയിനം വൃക്ഷങ്ങളും ഘട്ടഘട്ടമായി നീക്കം ചെയ്യും.

4. നഷ്ടപരിഹാര വിതരണത്തിന് ഏകീകൃത പോര്‍ട്ടല്‍

വനം, റവന്യൂ, ദുരന്ത നിവാരണം, കൃഷി, മൃഗ സംരക്ഷണം എന്നി വകുപ്പുകളെ ഏകോപിപ്പിച്ച് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കും. ഇതോടെ നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാനാകും. കൃഷിനാശം കണക്കാക്കുന്ന നിലവിലെ കാലഹരണപ്പെട്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനും കര്‍ഷകര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് മാതൃക തയ്യാറാക്കാനും വിദഗ്ധ സമിതികളെ നിയോഗിക്കും.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജൂണ്‍ 15 മുതല്‍ മൂന്ന് മാസം നീളുന്ന പ്രത്യേക കര്‍മ്മ പദ്ധതി ആരംഭിക്കും. കാട്ടുപന്നികളെ വെടിവച്ചിടുന്ന ഷൂട്ടര്‍മാര്‍ക്കുള്ള ഓണറ്റേറിയം 1500 രൂപയായും, ജഡം മറവ് ചെയ്യാനുള്ള തുക 2000 രൂപയായും വര്‍ധിപ്പിച്ചു. ഇതിനായി പഞ്ചായത്തുകള്‍ക്ക് തങ്ങളുടെ എസ്.ഡി.ആര്‍.എഫ് ഫണ്ട് വിനിയോഗിക്കാം.

5. വന്യ ജീവികളുടെ കണക്കെടുപ്പും വാഹക ശേഷി നിര്‍ണയവും

കേരളത്തിലെ കാടുകള്‍ക്ക് എത്രത്തോളം വന്യ മൃഗങ്ങളെ ഉള്‍ക്കൊള്ളാനാകും എന്ന് പഠിക്കാന്‍ ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തി. നാടന്‍ കുരങ്, കാട്ടുപന്നി എന്നിവയുടെ കണക്കെടുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും മറ്റ് പ്രധാന മൃഗങ്ങളുടെ കണക്കെടുപ്പ് ജനപങ്കാളിത്തത്തോടെയും നടത്തും.

സാധാരണ ഒരു കടുവയ്ക്ക് 20 ചതുരശ്ര കിലോമീറ്റര്‍ പരിധി വേണമെങ്കില്‍ വയനാട്ടില്‍ നിലവില്‍ അത് നാല് ചതുരശ്ര കിലോമീറ്റര്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വയനാട് മുത്തങ്ങയില്‍ അഞ്ച് വര്‍ഷം മുമ്പ് 120 കടുവകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 80 ആയി കുറഞ്ഞു. എന്നാല്‍ അതിര്‍ത്തി വനങ്ങളായ മുതുമല, ബന്ദിപ്പൂര്‍ എന്നിവ കൂടി ചേരുമ്പോള്‍ ഈ മേഖലയില്‍ 400 ഓളം കടുവകളുണ്ട്.

പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ 46 കടുവകളാണുള്ളത്. ഇവിടെയും പറമ്പിക്കുളത്തും നിലവില്‍ കടുവ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതേപോല കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആനകളുടെ എണ്ണം വര്‍ധിച്ചതായാണ് സൂചന. ഇതിന്റെ കൃത്യമായ വിവര ശേഖരണത്തിനായി യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കണക്കെടുപ്പ് നടത്തും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

നാട്ടാന പരിപാലന ചട്ടങ്ങള്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പാപ്പാന്മാര്‍ക്കും ആനയുടമകള്‍ക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ആന സംരക്ഷണ കേന്ദ്രങ്ങള്‍ നവീകരിക്കും. കര്‍ഷകര്‍, വനാശ്രിത സമൂഹങ്ങള്‍, വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി സുതാര്യത ഉറപ്പാക്കാന്‍ സമിതി രൂപീകരിക്കും. വന്യമൃഗങ്ങളെ അകറ്റി നിര്‍ത്തുന്ന കൃഷി രീതികള്‍ വികസിപ്പിക്കാന്‍ കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി പദ്ധതി തയ്യാറാക്കും.

കൂടാതെ കേരളത്തിന്റെ ജൈവ വൈവിധ്യം ആഗോളതലത്തില്‍ എത്തിക്കാന്‍ ഒക്ടോബര്‍ മുതല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരവും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.


Read Previous

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്, വിചാരണ നേരിടണമെന്ന് കോടതി

Read Next

‘അടിപിടി കൂടുന്നവരെല്ലാം ഗുണ്ടകളല്ല’; ആറ് കാപ്പ ഫയലുകള്‍ മടക്കി എറണാകുളം ജില്ലാ കലക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »