ചരിത്രത്തിന്റെ ആവര്‍ത്തനം, വിഎസിന് ശേഷം ‘ജനവികാരം’ ഭരണസാരഥ്യം ഏല്‍പ്പിച്ച വിഡിഎസ്, സമാനതകളേറെ


കൊച്ചി: വി ഡി സതീശന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍, രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയസാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. 2006 ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026 ല്‍ അത് കോണ്‍ഗ്രസായി മാറി. അന്ന് വി എസ് അച്യുതാ നന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പിബി ഇടപെട്ട് വിഎസിന് സീറ്റ് നല്‍കുകയും, വിജയിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുകയും ചെയ്തു.

ഒരു ഭരണപരിചയവും ഇല്ലാതെയായിരുന്നു വിഎസ് അന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തന മികവും, അതിന്റെ തിളക്കത്തില്‍ ആര്‍ജ്ജിച്ച ജനകീയ പിന്തുണയുമായിരുന്നു വിഎസിന്റെ പ്രവര്‍ത്തനത്തില്‍ മികവായത്. സമാനമായ സ്ഥിതിവിശേഷമാണ് വിഡി സതീശനും. പഞ്ചായത്തില്‍ അടക്കം ഒരുതരത്തിലുള്ള മുന്‍ ഭരണപരിചയവും ഇല്ലാതെയാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടുണ്ടാക്കിയ ജനകീയ പരിവേഷമാണ് കൈമുതല്‍.

ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ തകര്‍ന്നുപോയ കോണ്‍ഗ്രസിനെ വീണ്ടും കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു സതീശന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. നിയമസഭയിലും പുറത്തും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നില്‍ നിന്ന് നയിച്ച സതീശന്‍ പാര്‍ട്ടിയെ വീണ്ടും സമരോത്സുകരാക്കി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച വിജയം നേടാന്‍ മുന്നില്‍ നിന്ന് നയിച്ചു. ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലും വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് വിജയത്തിലെത്തി.

കോണ്‍ഗ്രസിന് 63 സീറ്റും യുഡിഎഫിന് 100 ലേറെ സീറ്റും ലഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പു മുതല്‍ വിഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നത്. യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ സതീശന്റെ പ്രവചനം അച്ചട്ടായി മാറി. ഒടുവില്‍ പ്രവര്‍ത്തന മികവിന് അംഗീകാരമായി മുഖ്യമന്ത്രി പദവും വിഡി സതീശനെ തേടിയെത്തി. പറവൂര്‍ മണ്ഡലത്തില്‍ നിന്നാണ് സതീശന്‍ നിയമസഭയിലെത്തിയത്. എറണാകുളത്തു നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് സതീശന്‍.


Read Previous

‘സന്തോഷമുള്ള തീരുമാനം, സതീശന് പൂര്‍ണപിന്തുണ’; അഭിനന്ദിച്ച് വേണുഗോപാല്‍

Read Next

ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »