കോഴിക്കോട് 16കാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; ബന്ധുവായ യുവാവ് തൂങ്ങിമരിച്ച നിലയിൽ


കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് അതേ വീട്ടിൽ തൂങ്ങിമരിച്ചു. ഈസ്റ്റ് മൂഴിക്കൽ സ്വദേശിനിയായ നസ്രീന (16), ബന്ധുവായ അദ്നാൻ എന്ന് വിളിക്കുന്ന അബിനാൻ എന്നിവരാണ് മരിച്ചത്. അർധരാത്രിയോ പുലർച്ചെ അഞ്ചോടെയോ ആണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു.

വീട്ടിലെ താഴത്തെ നിലയിലുള്ള മുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് മുകളിലത്തെ നിലയിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. മുകളിലത്തെ നിലയിലുള്ള രണ്ട് മുറികളിൽ ഒന്നിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടത്. തൂങ്ങുന്നതിന് മുൻപ് ഇയാൾ വിഷം കഴിച്ചിരുന്നതായും സംശയമുണ്ട്.

വായയിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു യുവാവിൻ്റെ മൃതദേഹം. കൊല്ലപ്പെട്ട പെൺകുട്ടി പത്താം ക്ലാസ് വിദ്യാർഥിനിയാണെന്നും പ്ലസ്‌വൺ വിദ്യാർഥിനിയാണെന്നും വ്യത്യസ്ത വിവരങ്ങളുണ്ട്. ഇരുപതുകാരനായ യുവാവാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യം വിവരം പുറത്തുവന്നതെങ്കിലും ഇയാൾക്ക് 24 വയസ്സുണ്ടെന്നും പറയപ്പെടുന്നു. ഇരുവരും മാതൃസഹോദരിമാരുടെ മക്കളാണ്.

സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ ഉമ്മയും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് ഉമ്മ അറിഞ്ഞിരുന്നതായി നാട്ടുകാർ പറയുന്നു. 15 കിലോമീറ്റർ ദൂരത്ത് താമസിക്കുന്ന അദ്നാൻ എങ്ങനെ മൂഴിക്കലിലെ വീട്ടിലെത്തിയെന്നത് വ്യക്തമല്ല.

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്ത് കയറിയതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വീട്ടിൽ സിസിടിവി ക്യാമറകളുണ്ടെങ്കിലും യുവാവ് വരുന്നതോ പോകുന്നതോ ആയ ദൃശ്യങ്ങൾ പതിയാത്തത് പൊലീസിനെ കുഴപ്പത്തിലാക്കുന്നു. കൊലപാതകം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് യുവാവ് വീട്ടിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.

യുവാവ് മുൻപ് ഇതേ വീട്ടിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ആറുമാസം മുൻപാണ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്. ഇയാൾ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ മുൻപ് തർക്കങ്ങളുണ്ടായിരുന്നതായി ചിലർ പറയുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമാണ് ഇവരുടേത്. പെട്ടെന്ന് പ്രകോപനമുണ്ടാകാനോ കൊലപാതകത്തിലേക്ക് നയിക്കാനോ ഉള്ള കാരണം ആർക്കും വ്യക്തമല്ല.

രാവിലെ ആറോടെയാണ് ബന്ധുക്കളും നാട്ടുകാരും വിവരമറിയുന്നത്. ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. അസിസ്റ്റൻ്റ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തിവൈരാഗ്യമാണോ കുടുംബപ്രശ്നങ്ങളാണോ പിന്നിലെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. ബന്ധുക്കളുടെ വിശദമായ മൊഴിയെടുത്താൽ മാത്രമേ കൊലപാതകത്തിൻ്റെ യഥാർഥ കാരണത്തിൽ വ്യക്തത വരൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ ‘ദിശ’ ഹെൽപ്‌ലൈൻ നമ്പർ: 104, 1056.


Read Previous

“ആടിനെയാണ് ബലികൊടുക്കുന്നത്, സിംഹത്തെയല്ല; അതിനാൽ സിംഹമാകുക” – അടിച്ചമർത്തപ്പെട്ടവരുടെ സൂര്യോദയം,

Read Next

പന്ത് ഇനി ഇറാൻ്റെ കോർട്ടിൽ, സമാധാന ചര്‍ച്ചകളില്‍ അനുകൂല പ്രതികരണമെന്ന് അമേരിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »