തമിഴ്‌നാട് മന്ത്രിസഭയിൽ ലീഗും വിസികെയും; എ എം ഷാജഹാനും വന്നി അരശും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു


ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തിലുള്ള വിജയ് മന്ത്രിസഭ വീണ്ടും വിപുലീകരിച്ചു. മുന്നണിയിലെ നിർണ്ണായക സഖ്യകക്ഷികളായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിടുതലൈ ചിരുതൈഗൽ കച്ചി എന്നീ പാർട്ടികളുടെ പ്രതിപ്രതിനിധികൾ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലീഗ് ജനപ്രതിനിധി എ.എം. ഷാജഹാൻ, വിസികെ നേതാവ് വന്നി അരശ് എന്നിവരാണ് വെള്ളിയാഴ്ച ചെന്നൈ ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്നാട് ചരിത്രത്തിൽ ഇതാദ്യമായാണ് മുസ്‌ലിം ലീഗ് ഭരണത്തിൽ പങ്കാളികളാകുന്നത്.

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ സാന്നിധ്യത്തിലായിരുന്നു പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ അരങ്ങേറിയത്. പാപനാശം നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി നേടി നിയമസഭയിലെത്തിയ മുതിർന്ന നേതാവാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എ എം ഷാജഹാൻ. തിണ്ടിവനം മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച വിസികെയുടെ കരുത്തനായ നേതാവാണ് വന്നി അരശ്.

പുതിയ രണ്ട് മന്ത്രിമാർ കൂടി അധികാരമേറ്റെടുത്തതോടെ തമിഴ്‌നാട്ടിലെ വിജയ് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം മുഖ്യമന്ത്രി ഉൾപ്പെടെ 35 ആയി ഉയർന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഒരു സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ അനുമതിയുള്ള പരമാവധി മന്ത്രിമാരുടെ എണ്ണമാണിത്. കഴിഞ്ഞ ദിവസം നടന്ന ഒന്നാം ഘട്ട പുനഃസംഘടനയിൽ 33 മന്ത്രിമാരായിരുന്നു ചുമതലയേറ്റിരുന്നത്. ലീഗിന്റെയും വിസികെയുടെയും കടന്നുവരവോടെ തമിഴ്‌നാട് മന്ത്രിസഭ അതിന്റെ പൂർണ്ണസംഖ്യയിൽ എത്തിക്കഴിഞ്ഞു. പുതിയ മന്ത്രിമാർക്ക് അനുവദിക്കുന്ന വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക രാജ്ഭവൻ വിജ്ഞാപനം ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങുമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.


Read Previous

രക്ഷാപ്രവർത്തനം ‘ ചട്ടവിരുദ്ധം; ഗൺമാൻമാർക്ക് ഗുരുതര വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം

Read Next

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനില്‍ പിടി വീണു; കുറഞ്ഞ സര്‍വീസ് കാലാവധി നാല് വര്‍ഷം, ടേം വ്യവസ്ഥയിലുള്ളവര്‍ക്ക് പണിയാവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »