അന്ന് ഭീഷണി, ഇന്ന് ലോക രാജ്യങ്ങളോട് യാചിക്കുന്നു; എണ്ണ ഇറക്കുമതിയില്‍ യു.എസിന്റെ റഷ്യന്‍ ഇരട്ടത്താപ്പിനെ പരിഹസിച്ച് ഇറാന്‍


ടെഹ്‌റാന്‍: ആഗോള എണ്ണ വിപണിയിലെ പ്രതിസന്ധികള്‍ക്കിടെ അമേരിക്കയുടെ നിലപാടുകളെ പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടയാന്‍ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അമേരിക്ക ഇപ്പോള്‍ അതേ എണ്ണ വാങ്ങാന്‍ ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്നായിരുന്നു അരാഗ്ചിയുടെ പരിഹാസം. എക്സിലൂടെയായിരുന്നു പ്രതികരണം.

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങാല്‍ അവസാനിപ്പിക്കാന്‍ മാസങ്ങളോളം യുഎസ് സമ്മര്‍ദം ചെലുത്തി. എന്നാല്‍ ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ യു.എസ് കെഞ്ചുകയാണ്. റഷ്യയ്‌ക്കെതിരേ യു.എസ് പിന്തുണ ഉറപ്പാക്കാന്‍ ഇറാനെതിരായ യുദ്ധത്തെ പിന്തുണച്ച യൂറോപ്പിന്റെ നിലപാട് പരിതാപകരമാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തി.

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണ വില വര്‍ധിക്കുകയും വിതരണം തടസപ്പെടുകയും ചെയ്തിരുന്നു. ഇത് നിയന്ത്രിക്കാനായി ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന റഷ്യന്‍ എണ്ണ കപ്പലുകള്‍ക്ക് അമേരിക്ക താല്‍കാലിക ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് ഇറാന്റെ വിമര്‍ശനം. എണ്ണ വില വര്‍ധിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നു എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അരാഗ്ചിയുടെ പോസ്റ്റ്.

മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ യാത്രയ്ക്ക് ഇറാന്‍ തടസം നില്‍ക്കില്ല. ഇന്ത്യയിലേക്കുള്ള രണ്ട് എല്‍.പി.ജി കപ്പലുകള്‍ക്ക് ഇറാന്‍ സുരക്ഷിത പാത ഒരുക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Read Previous

പറവൂരിൽ സതീശന്റെ വീട്ടുപടിക്കൽ സുധാകരനായി പോസ്റ്ററുകൾ; പിന്നിൽ സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക്.”

Read Next

ഒമാനിലെ ഡ്രോണ്‍ അപകടം: മരിച്ച രണ്ട് പേരും പരിക്കേറ്റ 11 ല്‍ 10 പേരും ഇന്ത്യക്കാര്‍; സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »