ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ നഗരമായ റാസ് ലഫാനിലെ ബര്‍സാന്‍ ആഭ്യന്തര വാതക വിതരണ കേന്ദ്രത്തിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 13 തൊഴിലാളികള്‍ മരണപ്പെട്ടു. ഞായറാഴ്ച രാത്രിയില്‍ ഉണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ 66 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മരണപ്പെട്ടവരില്‍ ഒന്‍പത് പേര് ഉത്തരേന്ത്യന്‍ സ്വദേശികളും മൂന്ന് പേര് തമിഴ്നാട് സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ മലയാളികള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 2025 ഡിസംബര്‍ മുതല്‍ പൂര്‍ണമായി അടച്ചിട്ടിരുന്ന പ്ലാന്റ്, കഴിഞ്ഞ ദിവസം വീണ്ടും പ്രവര്ത്തനക്ഷമമാക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. റീസ്റ്റാര്‍ട്ട് നടപടികള്‍ക്കിടെ ഉണ്ടായ പെട്ടെന്നുള്ള സാങ്കേതിക തകരാറാണ് വന്‍ സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ഷെരീദ അല്‍ കാബി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപകടത്തിന് പിന്നില്‍ അട്ടിമറി ശ്രമങ്ങളോ മറ്റ് അക്രമങ്ങളോ ഇല്ലെന്നും അദേഹം വ്യക്തമാക്കി.
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരില്‍ ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, ഖത്തര്‍, കൂടാതെ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉണ്ട്. ഇവരില്‍ ആരുടെയും പരിക്ക് നിലവില്‍ ഗുരുതരമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് മറ്റ് വിഷവാതക ചോര്‍ച്ചകളോ പരിസ്ഥിതി ആഘാതങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അപകടമുണ്ടായ ബര്‍സാന്‍ ഫെസിലിറ്റി ഖത്തറിലെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള (വൈദ്യുതി, കുടിവെള്ള ഉല്‍പ്പാദനം) വാതക വിതരണം മാത്രം കൈകാര്യം ചെയ്യുന്ന കേന്ദ്രമാണ്. അതുകൊണ്ട് തന്നെ ഖത്തറിന്റെ അന്താരാഷ്ട്ര എല്‍.എന്‍.ജി കയറ്റുമതിയെയോ, റാസ് ലഫാന്‍ തുറമുഖത്തിന്റെ മറ്റ് വാണിജ്യ നീക്കങ്ങളെയോ ഈ അപകടം ബാധിക്കില്ലെന്ന് ഖത്തര്‍ എനര്‍ജി പ്രസ്താവനയില്‍ അറിയിച്ചു.
മരണപ്പെട്ടവരുടെ ഭൗതിക ശരീരങ്ങള്‍ എത്രയും വേഗം ജന്മനാട്ടിലേക്ക് എത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമായി ദോഹയിലെ ഇന്ത്യന്‍ എംബസി ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായും കമ്പനി അധികൃതരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ഡെസ്കും ആരംഭിച്ചു.
