ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം നാട്ടിലേക്ക് മടങ്ങി. മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കുശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് മടക്കയാത്ര സാധ്യമായത്. ചികിത്സാകാലം മുഴുവൻ റിയാദിലെ ഇന്ത്യൻ എംബസി കോൺസുലർ സഹായങ്ങളും മറ്റ് ആവശ്യമായ ഇടപെടലുകളും ഉറപ്പാക്കിയതായി എംബസി അറിയിച്ചു.

മാർച്ച് 8-ന് ഇറാൻ വിക്ഷേപിച്ച മിസൈലുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു നശിപ്പിക്കുന്നതിനിടെയാണ് അൽ ഖർജ് മേഖലയിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ താഴെ പതിച്ചത്. സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് അവശിഷ്ടങ്ങൾ പതിച്ച സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റിയാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
സംഭവം നടന്ന ഉടൻ ഇന്ത്യൻ എംബസിയിലെ കൗൺസിലർ സാബിർ അൽ ഖർജിലെ സംഭവസ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ഗുരുതര പരിക്കു കളോടെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അസമിന് ഒരു മാസത്തിന് ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. തുടർന്ന് ചികിത്സയിലും ആരോഗ്യനിലയിലും ഉണ്ടായ പുരോഗതി എംബസി നിരന്തരം വിലയിരുത്തുകയും ആശുപത്രി അധികൃതരുമായും കുടുംബാംഗങ്ങളുമായും തുടർച്ചയായി ബന്ധം പുലർത്തുകയും ചെയ്തു. ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും ആവശ്യമായ കോൺസുലർ സഹായങ്ങൾ എംബസി ഉറപ്പാക്കി.
ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ യാത്രാനുമതി നൽകിയത്. തുടർന്ന് യാത്രാരേഖകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അസമിന്റെ സ്വദേശത്തേക്കുള്ള മടക്കം ഇന്ത്യൻ എംബസി ഏകോപിപ്പിച്ചു.
ചികിത്സ നൽകിയ ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും, തുടക്കം മുതൽ എല്ലാ പിന്തുണയും നൽകിയ തൊഴിലുടമയ്ക്കും, ആവശ്യമായ സഹായങ്ങൾ ഒരുക്കിയ സൗദി അധികൃതർക്കും ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എംബസി വ്യക്തമാക്കി.
അസമിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി ആദ്യഘട്ടം മുതൽ സജീവമായി ഇടപെട്ടിരുന്നു. അന്നത്തെ ഇന്ത്യൻ അംബാസിഡറായ ഡോ. സുഹേൽ അജാസ് ഖാൻ ആശുപത്രി യിലെത്തി അസമിനെ സന്ദർശിക്കുകയും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും എംബസിയുടെ പൂർണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധം പുലർത്തിയ എംബസി ചികിത്സയും യാത്രയും ഉൾപ്പെടെയുള്ള എല്ലാ നടപടികളും ഏകോപിപ്പിച്ചതോടെയാണ് മൂന്നുമാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിനൊടുവിൽ അസമിന് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനായത്.
ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാൽ വീൽചെയറിലായിരുന്നു അസമിന്റെ യാത്ര. യാത്രയയക്കാൻ ഇന്ത്യൻ എംബസിയിലെ അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ റിയാദ് വിമാനത്താവള ത്തിൽ എത്തിയിരുന്നു.
പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതം സാധാരണ പ്രവാസി തൊഴിലാളികളിലേക്കും എത്തി ച്ചേർന്ന സംഭവമായിരുന്നു അൽ ഖർജിലേത്. മരണത്തെ മുഖാമുഖം കണ്ട മുഹമ്മദ് അസമിന്റെ അതിജീവനവും ദീർഘകാല ചികിത്സയ്ക്കുശേഷമുള്ള സ്വദേശത്തേക്കുള്ള മടക്കവും ഇന്ത്യൻ പ്രവാസി സമൂഹത്തിന് ആശ്വാസവും പ്രതീക്ഷയും പകരുന്നതായി വിലയിരുത്തപ്പെടുന്നു.
