സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചു, ക്രിസ്ത്യന്‍ വോട്ടു ബാങ്ക് രൂപീകരിക്കാന്‍ ഞങ്ങളില്ല: ബിഷപ്പ് ജോസഫ് പാംപ്ലാനി


കോഴിക്കോട്: സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കു ന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സാധുവായ വിശദീകരണമൊന്നും നല്‍കാതെ സഭയുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ബിഷപ്പ് പാംപ്ലാനി ആരോപിച്ചു. വിദേശ സംഭാവനകളുടെ പ്രാഥമിക ഗുണഭോക്താവ് പള്ളിയാണെന്ന ആരോപണം തെറ്റാണെന്നും, FCRA നിയമഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ബിഷപ്പ് ജോസഫ് പാംപ്ലാനി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ക്രിസ്ത്യന്‍ പ്രശ്‌നമല്ല, മറിച്ച് പൗരാവകാശങ്ങളുടെ ലംഘനമാണ്. ദേശവിരുദ്ധ ശക്തികളുമായി ബന്ധപ്പെട്ട സംഘടനകളുടെ സംഭാവനകള്‍ തടയുന്നതിനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുമുള്ള വ്യവസ്ഥകള്‍ നിലവിലെ നിയമത്തിലുണ്ട്. ഞങ്ങള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ വിദേശത്ത് ജോലി ചെയ്യുന്ന പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ശമ്പളമാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സഭ എതിരാണ്. എന്നാല്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നിലവില്‍ വന്നതിനുശേഷം, ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ മതമൗലിക ശക്തികളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നുവെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. പൊതുജനങ്ങള്‍ക്കുള്ളതു പോലെ തന്നെ സഭയ്ക്കും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്. ഏത് മുന്നണി അധികാരത്തില്‍ വന്നാലും സഭ സാധാരണപോലെ പ്രവര്‍ത്തിക്കും. ആരില്‍ നിന്നും ഞങ്ങള്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ഞങ്ങളുടെ പ്രഖ്യാപിത നിലപാടില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുമെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ പാസാക്കിയ വന ഭേദഗതി ബില്ലിന് ഗവര്‍ണറോ കേന്ദ്രമോ അംഗീകാരം നല്‍കിയിട്ടില്ല. വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വനം വകുപ്പ് ഏറ്റെടുക്കണം. ആന, കടുവ, പുള്ളിപ്പുലി തുടങ്ങി കൃഷിയിടങ്ങളില്‍ അലഞ്ഞുതിരിയുന്ന വന്യമൃഗങ്ങള്‍ക്ക് സംരക്ഷണം നല്‍കരുത്. കാട്ടുപന്നി, മയില്‍ തുടങ്ങിയവയും മനുഷ്യവാസ കേന്ദ്രങ്ങളില്‍ പെരുകുന്നു. ഇവയെ വന്യമൃഗങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം. വനഭൂമിയും റവന്യൂ ഭൂമിയും അതിര്‍ത്തികള്‍ വേര്‍തിരിക്കുകയും വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ തൂക്കുവേലികള്‍, മതിലുകള്‍, കിടങ്ങുകള്‍ തുടങ്ങിയവ നിര്‍മ്മിക്കണമെന്നും ബിഷപ്പ് ജോസഫ് പ്ലാംപ്ലാനി ആവശ്യപ്പെട്ടു.

ജസ്റ്റിസ് ജെ ബി കോശി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. സര്‍ക്കാരിന് കുറച്ചുകൂടി വേഗത്തില്‍ പ്രവര്‍ത്തിക്കാമായിരുന്നു. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് രൂപീകരിക്കാനുള്ള ഒരു നീക്കത്തെയും ഞങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കില്ല. വിശ്വാസികള്‍ക്ക് സാഹചര്യം വിശകലനം ചെയ്യാനും സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് വോട്ട് രേഖപ്പെടുത്താനും കഴിയണം എന്നതാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ സംഭവവികാസങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയും വിശ്വാസികളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യും. ഇത് അവര്‍ക്ക് ശരിയായ കാഴ്ചപ്പാട് നല്‍കും. ഐക്യത്തോടെ നില്‍ക്കേണ്ടത് ആവശ്യമാണെന്ന് വിശ്വാസികള്‍ക്ക് തോന്നുകയാണെങ്കില്‍, അവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കും. അതില്‍ സഭ ഇടപെടേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു.


Read Previous

പ്രതികൾ പൊളിച്ചു വിറ്റുവെന്ന് പറഞ്ഞ ബൈക്ക് കണ്ടെത്തി

Read Next

കാര്യവട്ടത്തെ പരിശോധനയിൽ കുടുങ്ങി; പിടിയിലായത് ഹാഷിഷ് ഓയിലും എംഡിഎംഎയും കഞ്ചാവുമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »