ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമ്മാം: ജോലിയോ ഇക്കാമയോ ഇല്ലാതെ നാലുവർഷത്തോളം സൗദിയിൽ ദുരിതത്തിലായിരുന്ന മലയാളി വനിത സന്നദ്ധ സംഘടനയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട റാന്നി സ്വദേശിനിയായ ഉഷ അബ്രഹാമാണ് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിലൂടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

ദീർഘകാലമായി ദമ്മാമിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡേറ്റ ഓപ്പറേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു ഉഷ. നാലുവർഷം മുൻപ് ആശുപത്രി സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് ഇവരുടെ ജീവിതം വഴിമുട്ടിയത്. ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ലേബർ കോടതിയെ സമീപിച്ചെ ങ്കിലും, കമ്പനി കോടതിയിൽ പാപ്പർ സ്യൂട്ട് (Bankrupt) ഫയൽ ചെയ്തതോടെ നിയമപരമായി ആനു കൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത ഇല്ലാതായി. ഇതിനിടെ ഇക്കാമ കാലാവധി കഴിഞ്ഞതും ഇവർക്ക് തിരിച്ചടിയായി. രേഖകളില്ലാതെ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിൽ നാലുവർഷത്തോളം വലിയ ബുദ്ധിമുട്ടാണ് ഉഷ അനുഭവിച്ചത്.
നവയുഗം പ്രവർത്തക മിനി ജോർജ്ജ് വഴി വിവരം അറിഞ്ഞ നവയുഗം ജീവകാരുണ്യ വിഭാഗം വിഷയത്തിൽ ഇടപെടുകയായിരുന്നു. ജീവകാരുണ്യ പ്രവർത്തകരായ ഷാജി അമ്പലത്ത്, മുഹമ്മദ് ഷിബു, മുഹമ്മദ് റിയാസ്, ജാബിർ മുഹമ്മദ്, അരുൺ ചാത്തന്നൂർ എന്നിവരുടെ നേതൃത്വത്തിൽ ലേബർ കോടതിയിലെയും ഡീപോർട്ടേഷൻ സെന്ററിലെയും നിയമനടപടികൾ വേഗത്തിലാക്കി. ദീർഘകാലത്തെ പരിശ്രമത്തിനൊടുവിൽ നിയമതടസ്സങ്ങൾ നീക്കി ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയായിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ തുണയായ നവയുഗം പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞാണ് ഉഷ ദമ്മാമിൽ നിന്നും വിമാനം കയറിയത്.
