പുണ്യഭൂമിയിലേക്ക് ഹജ്ജ് യാത്രാസംഘം: റിയാദിൽ പ്രാർത്ഥനാനിർഭരമായ യാത്രയയപ്പ്യാത്രാമംഗളങ്ങൾ നേർന്ന് ഐ.സി.എഫ് റിയാദ് കമ്മിറ്റി


റിയാദ്: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി റിയാദിൽ നിന്ന് പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് കമ്മിറ്റി പ്രാർത്ഥനാനിർഭരമായ യാത്രയയപ്പ് നൽകി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ നിരവധി തീർത്ഥാടകരും പ്രവാസി പ്രമുഖരും പങ്കെടുത്തു. റിയാദിൽ നിന്ന് ഖുദ്സ് ഉൾപ്പെടെയുള്ള വിവിധ ഹംലകൾ വഴി ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്കാണ് യാത്രയയപ്പ് നൽകിയത്.

തീർത്ഥാടകർക്ക് ഹജ്ജ് കർമ്മങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനും സംശയങ്ങൾ ദൂരീകരിച്ച് കൃത്യതയോടെ കർമ്മങ്ങൾ നിർവഹിക്കാനും ലക്ഷ്യമിട്ട് എല്ലാ വർഷവും ഐ.സി.എഫ് പഠന ക്ലാസുകൾ നടത്തിവരാറുണ്ട്. ഐ.സി.എഫ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ നയിച്ച ഈ വർഷത്തെ പ്രതിവാര ഹജ്ജ് പഠന ക്ലാസുകൾ പൂർത്തിയാക്കിയ ശേഷമാണ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചത്.

യാത്രയിലും മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലുമുള്ള കർമ്മങ്ങളുടെ പ്രായോഗിക രീതികൾ വിശദീകരിച്ചുകൊണ്ടുള്ള പരിശീലനമാണ് ഓരോ ക്ലാസുകളിലും നൽകിയത്. കുറ്റമറ്റതും സ്വീകാര്യവുമായ ഹജ്ജ് നിർവഹിക്കാനുള്ള സമഗ്രമായ മാർഗനിർദേശങ്ങൾ ഇതിലൂടെ തീർത്ഥാടകർക്കു ലഭിച്ചു.

ഐ.സി.എഫ് നാഷണൽ വെൽഫെയർ സെക്രട്ടറി ലുഖ്മാൻ പാഴൂർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വളരെ കുറച്ചുപേർക്ക് മാത്രം ലഭിക്കുന്ന മഹത്തായ സൗഭാഗ്യമാണ് ഹജ്ജെന്നും, സ്വീകാര്യമായ ഹജ്ജ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അബ്ദുറഹ്മാൻ സഖാഫി ബദിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൾ ഖാദിർ പള്ളിപ്പറമ്പ് സ്വാഗതം പറഞ്ഞു. ഐ.സി.എഫ് നടത്തിവരുന്ന മാതൃകാപരമായ വിവിധ സേവനപ്രവർത്തനങ്ങൾ, മദ്രസാ സംവിധാനങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയെക്കുറിച്ച് റീജിയൻ ഫിനാൻസ് സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ വിശദീകരിച്ചു.

തീർത്ഥാടകരെ പ്രതിനിധീകരിച്ച് മഹ്മൂദ് ചെങ്ങളായി, അബ്ദുറഹിമാൻ കുറ്റിപ്പാല എന്നിവർ സംസാരിച്ചു. മുഹമ്മദ് കുട്ടി സഖാഫി അൽ ഹാറൂനി ഒളമതിൽ നിർവഹിച്ച സമാപന പ്രാർത്ഥനയോടെ സംഗമം അവസാനിച്ചു. ലത്തീഫ് മാനിപുരം ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.


Read Previous

സേവനവഴികളിലെ പുഞ്ചിരിക്ക് പുരസ്കാര നിറവ് ‘ കാരുണ്യക്കടലായ നഴ്സുമാർക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ സ്നേഹാദരം

Read Next

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ? അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »