ഉത്രാടം നാളില്‍ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ നിറഞ്ഞു; പൊന്നോണസദ്യ നാളെ പതിനായിരം പേര്‍ക്ക്


തൃശൂര്‍: ഉത്രാടം നാളില്‍ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ നിറഞ്ഞു. ഉത്രാടദിനമായ ശനിയാഴ്ച രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടില്‍ ആദ്യത്തെ കാഴ്ചക്കുല ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, ഭരണസമിതിയംഗങ്ങള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരും നേന്ത്രക്കുലകള്‍ വച്ചു.

കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാനുള്ള ഭക്തരെ, തെക്കേനടയിലെ കൂവളത്തിന്റെ ഭാഗത്തു നിന്ന് വരി ആരംഭിച്ച് കിഴക്കേ ഗോപുരനട വഴിയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പി ച്ചത്. രാത്രി വരെ കാഴ്ചക്കുലകള്‍ വയ്ക്കാം.

തിരുവോണത്തിന് ഗുരുവായൂരപ്പനുള്ള ആഘോഷം വിശേഷമാണ്. പുലര്‍ച്ചെ മുതല്‍ കണ്ണന് ഭക്തരുടെ വക ഓണക്കോടി എത്തിത്തുടങ്ങും. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിയുടെ വകയാണ് ആദ്യം. സോപാനപ്പടിയില്‍ മല്ലിശ്ശേരി രണ്ടു പുടവ സമര്‍പ്പിക്കും. പിന്നാലെ ദേവസ്വം അധികൃതരും ഭക്തജനങ്ങളും.. നേന്ത്രപ്പഴം കൊണ്ടുള്ള പഴപ്രഥമനും വിഭവസമൃദ്ധമായ കറികളുമായാണ് കണ്ണന്റെ തിരുവോണ ഊട്ട്.

ഭക്തര്‍ക്കുള്ള തിരുവോണസദ്യ അന്നലക്ഷ്മി ഹാളിലും സമീപത്തുള്ള താത്കാലിക പന്തലിലും രാവിലെ ഒന്‍പതിന് തുടങ്ങും. കാളന്‍, ഓലന്‍, പപ്പടം, കൂട്ടുകറി, പഴപ്രഥമന്‍, മോര്, കായവറവ്, ശര്‍ക്കര ഉപ്പേരി, അച്ചാര്‍, പുളിയിഞ്ചി എന്നിവ വിളമ്പും. 10,000 പേര്‍ക്കാണ് ഇക്കുറി പൊന്നോണസദ്യ.


Read Previous

ഇനി ‘ശ്രീ വിജയ പുരം’; പോര്‍ട്ട് ബ്ലയറിന്റെ പേരും കേന്ദ്രം മാറ്റി; കൊളോണിയല്‍ ചിഹ്നങ്ങളില്‍ നിന്നുള്ള മോചനമെന്ന് അമിത്ഷാ

Read Next

വിപ്ലവ സൂര്യന് വീരോചിതം വിട; യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »