വിസ വാഗ്‌ദാനം ചെയ്‌ത് 10 ലക്ഷത്തോളം തട്ടി; യുവതി അറസ്റ്റിൽ


പത്തനംതിട്ട: വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 10 ലക്ഷത്തോളം രൂപ കൈക്കലാക്കിയ യുവതിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്‌തു. വെച്ചൂച്ചിറ കോളശ്ശേരിൽ വീട്ടിൽ രാജേഷ് ബാബുവിന്‍റെ ഭാര്യ കെ കെ രാജി (40) ആണ്‌ പിടിയിലായത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാല് വിശ്വാസ വഞ്ചന കേസുകളിൽ മുമ്പ് പ്രതിയായിട്ടുണ്ട്.

കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ഒരു കേസും തിരുവല്ല സ്റ്റേഷനിൽ മൂന്നു കേസുകളുമാണുള്ളത്. മംഗലാപുരം സ്വദേശി വിഷ്‌ണു മൂർത്തി എം കെ ഭട്ടിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഭട്ടിന്‍റെ മകൾക്ക് യുഎസിൽ ഉപരിപഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്.

2022 ഏപ്രിൽ 14 ന് യുവതി താമസിച്ചിരുന്ന തിരുവല്ലയിലെ വീട്ടിൽ വച്ച് നാലര ലക്ഷം രൂപ നൽകി. തുടർന്ന് 21 മുതൽ പലപ്പോഴായി ഭട്ടിന്‍റെ വെച്ചൂചിറയിലെ സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ റാന്നി കാനറ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴിയും അക്കൗണ്ട് മുഖേനയും 5,90,288 കൈമാറി. ആകെ 10,40 288 രൂപയാണ് ഇത്തരത്തിൽ യുവതിക്ക് നല്‍കിയത്. വിസ തരപ്പെടുത്തി കൊടുക്കുകയോ തുക തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചു എന്നതാണ് കേസ്. ഈ വർഷം ഓഗസ്റ്റ് 24നാണ് ഭട്ട് തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് എസ്‌സിപിഓ സുശീൽ കുമാർ മൊഴി രേഖപ്പെടുത്തി.

എസ്‌ഐ മുഹമ്മദ്‌ സാലിഹിന്‍റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് ഇടപാടുകൾ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ നിന്ന് പ്രതി പണം കൈപ്പറ്റിയതായി തെളിഞ്ഞു. തുടർന്ന്, ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രതിയെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. പല സ്ഥലങ്ങളിലും വാടകയ്ക്കും മറ്റും മാറിമാറി താമസിച്ചു വരികയായിരുന്നു പ്രതി.

വ്യാപകമായ അന്വേഷണത്തിനൊടുവിൽ മഞ്ഞാടിയിൽ യുവതി വാടകയ്ക്ക് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇന്നലെ (ഡിസംബര്‍ 17) ഉച്ചക്ക് രണ്ടരയ്ക്ക് വീടിനു സമീപത്തു നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിൽ യാത്രയ്ക്കിടെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു.

വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. പ്രതി കുറ്റം സമ്മതിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. പത്തനംതിട്ട അബാൻ ജങ്ഷനിൽ എഐഎംഎസ് ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തുന്നുണ്ടെന്നും എയർ, ബസ് ടിക്കറ്റുകൾ, വിദേശ പഠന വിസകൾ എന്നിവ തരപ്പെടുത്തി കൊടുക്കുന്നുണ്ടെന്നും മറ്റും പ്രതി വെളിപ്പെടുത്തി.ഭട്ടിനെ പരിചയപ്പെട്ട ശേഷം മകൾക്ക് വിദേശ പഠനം നേടികൊടുക്കുന്നതിനു പണം കൈപ്പറ്റിയതായി പ്രതി സമ്മതിച്ചു. വിസ നൽകുകയോ പണം തിരികെ കൊടുക്കുകയോ ചെയ്‌തില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.


Read Previous

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ; സംയുക്ത പാർലമെൻററി സമിതിൽ പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ 4 കോൺഗ്രസ് എംപിമാർ

Read Next

അശ്വമേധം’ അവസാനിച്ചു; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് അശ്വിൻ, പ്രഖ്യാപനം അപ്രതീക്ഷിതം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »