പഴക്കം 122 വര്‍ഷം: കേരളപ്പിറവിക്ക് മുന്‍പ് പണിത കൊച്ചിന്‍ പാലം തകര്‍ന്നുവീണു.


തൃശൂര്‍: കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. ഇന്ന് പെയ്ത കനത്ത മഴയിലാണ് പഴയ കൊച്ചിപ്പാലം തകര്‍ന്നുവീണത്.

2018ലെയും 2019ലെയും പ്രളയത്തെ കൊച്ചിന്‍ പാലം അതിജീവിച്ചിരുന്നു. ഇനിയൊരു മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ കഴിയുമോ എന്ന വര്‍ഷങ്ങളായുള്ള ആശങ്കയ്ക്കിടെയാണ് കനത്തമഴയില്‍ പാലം തകര്‍ന്നുവീണത്. ചെറുതുരുത്തി – ഷൊര്‍ണൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം, കേരളപ്പിറവിക്ക് മുന്‍പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂര്‍ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിര്‍മിച്ചത്.

ഷൊര്‍ണൂരിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്റ ആഗ്രഹമാണ് പാലം നിര്‍മാണത്തിന് പിന്നില്‍.മലബാര്‍ ഭരിച്ചിരുന്ന ബ്രിട്ടിഷ് ഗവണ്‍മെന്റ് തീവണ്ടി ഗതാഗതത്തിന് വേണ്ട ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാജകുടുംബത്തിലെ പലരുടെയും എതിര്‍പ്പിനെ അവഗണിച്ച് തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണത്തില്‍ തീര്‍ത്ത 14 നെറ്റിപട്ടങ്ങളും പൊതുഖജനാവിലെ പണവും ചേര്‍ത്ത് 84 ലക്ഷം രൂപയാണ് അന്ന് ഇതിനായി ഉപയോഗിച്ചത്.

1902 ജൂണ്‍ 2ന് ആദ്യത്തെ ചരക്ക് ട്രെയിനും ജൂലായ് 16ന് ആദ്യത്തെ യാത്രാവണ്ടിയും മലബാറില്‍ നിന്ന് തിരുവിതാംകൂറിലേക്ക് ഈ പഴയ കൊച്ചിന്‍ പാലത്തിലൂടെയാണ് സര്‍വീസ് നടത്തിയത്. ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്ന ഇതേ പാലത്തിലൂടെ തന്നെയാണ് ആദ്യകാലത്ത് മോട്ടോര്‍ വാഹനങ്ങളും കടന്ന് പോയിരുന്നത്.മീറ്റര്‍ ഗേജില്‍ നിന്നും ബ്രോഡ് ഗേജിലേക്ക് മാറുന്ന തുടക്കത്തില്‍ തന്നെ ബ്രിട്ടിഷ് സര്‍ക്കാര്‍ ട്രെയിന്‍ ഗതാഗതത്തിന് സമാന്തരമായി പുതിയൊരു പാലം നിര്‍മിച്ചപ്പോള്‍ ഇന്നത്തെ പഴയ കൊച്ചിന്‍ പാലം മോട്ടര്‍ വാഹനങ്ങള്‍ക്ക് മാത്രമായി മാറുകയായിരുന്നു.

അറ്റകുറ്റപ്പണികളുടെ അപര്യാപ്തത മൂലം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പാലം ബലക്ഷയം വന്നതിനെ തുടര്‍ന്ന് അടച്ചിടുകയും തൊട്ടടുത്ത് തന്നെ മറ്റൊരു പുതിയ കൊച്ചിന്‍ പാലം 2003 ജനുവരി 25ന് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയുമായിരുന്നു. പഴയ കൊച്ചിന്‍ പാലത്തിന്റെ രണ്ടു സ്പാനുകള്‍ 2011ലാണ് നിലംപൊത്തിയത്. 2018ലെ പ്രളയം വലിയ കേടുപാടുകളില്ലാതെ അതിജീവിച്ച പാലത്തിന്റെ ഒരു തൂണും സ്പാനും 2019ല്‍ തകര്‍ന്നിരുന്നു.


Read Previous

വയനാട് ദുരന്തം: ഓഗസ്റ്റ് 2 വരെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

Read Next

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഹൃദയ ഭേദകം; എല്ലാ ശക്തിയും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം തുടരു: മുഖ്യമന്ത്രി, മരണസംഖ്യ 110 കടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »