
കണ്ണൂര്‍: കണ്ണൂർ കച്ചേരിക്കടവിൽ സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്കിൽ പണയ സ്വർണം തട്ടിയ കേസിൽ ഒളിവിലായിരുന്ന ബാങ്ക് ജീവനക്കാരനും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീര്‍ തോമസ് അറസ്റ്റിൽ.മൈസൂരുവിൽ നിന്നാണ് പൊലീസ് സുധീറിനെ പിടികൂടിയത്. കേസിലെ മുഖ്യപ്രതിയാണ് സുധീര്‍ തോമസ്. 60 ലക്ഷത്തോളം രൂപയുടെ പണയ സ്വർണം തട്ടിയെന്ന കേസിലാണ് പിടിയിലായത്. മറ്റൊരു പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് സുനീഷ് തോമസ് ഇന്നലെ അറസ്റ്റിലായിരുന്നു.
അറുപത് ലക്ഷത്തോളം വില വരുന്ന പതിനെട്ട് പാക്കറ്റുകളിലായുളള പണയ സ്വർണമാണ് കവര്‍ന്നത്. കച്ചേരിക്കടവിലെ കോൺഗ്രസിന്‍റെ ബൂത്ത് പ്രസിഡന്‍റ് സുനീഷ് തോമസ്, ബാങ്കിലെ താത്കാലിക ജീവനക്കാരനും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസ് എന്നിവരാണ് കേസിലെ പ്രതികള്‍. ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്‍റെ കച്ചേരിക്കടവ് ശാഖയിലാണ് തട്ടിപ്പ് നടന്നത്.
ക്യാഷറായ സുധീർ വഴിയാണ് പണയ സ്വർണം കവർന്നത്. കവര്‍ന്ന സ്വര്‍ണത്തിന് പകരം മുക്കുപണ്ടം കൊണ്ടുവച്ചു. കച്ചേരിക്കടവിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയാണ് സുനീഷ്. കവർന്ന പതിനെട്ട് പാക്കറ്റിൽ പതിനാറും സുനീഷിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേതുമാണ്. സുധീറിന്‍റെ ഭാര്യയുടെ സ്വർണവും മാറ്റിവച്ചു. മറ്റൊരാളുടേത് കൂടി തട്ടിയപ്പോഴാണ് പിടിവീണത്. ഇടപാടുകാരൻ പണയസ്വർണം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതോടെ ബാങ്കിലെത്തി പരാതി നൽകി.പ രിശോധനയിൽ സ്വർണം നഷ്ടമായെന്ന് കണ്ടെത്തി.
വെളളിയാഴ്ച മാനേജർ ബാങ്ക് തുറക്കാനെത്തിയപ്പോൾ സുധീറിന്‍റെ ബാഗും മൊബൈൽ ഫോണും വാതിൽക്കൽ കണ്ടിരുന്നു. ബൈക്ക് വളളിത്തോട് ബസ്സ്റ്റോപ്പിന് സമീപവും കണ്ടെത്തി. ബാങ്ക് സെക്രട്ടറി അനീഷിന്‍റെ പരാതിയിൽ സുധീറിനെ പ്രതിയാക്കിയാണ് കേസെടുത്തത്. അന്വേഷണത്തിൽ സുനീഷിനും പങ്കെന്ന് വ്യക്തമായിട്ടുണ്ട്. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് തട്ടിപ്പ് നടത്തിയതെന്നാണ് മൊഴി. കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.