ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കേരളത്തിന്‍റെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതാണ്ട് അമ്പതോളം മണ്ഡല ങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരം നടക്കുകയാണ്. മുന്നണികള്‍ ബലാബലം പിടിക്കുമ്പോള്‍ വന്‍ഭൂരിപക്ഷങ്ങള്‍ കേരളത്തില്‍ ഓര്‍മ്മ മാത്രമാകാനാണ് സാധ്യത. ഇതിനിടയിലാണ് മല്‍സരഫലം പ്രവചനാതീതമാക്കിക്കൊണ്ട് വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായ മണ്ഡലങ്ങളുടെ അന്തിമ പട്ടിക കൂടി വരുന്നത്. അതോടെ തീപ്പാറും പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ മുന്നണികളുടെ ആശങ്കയും ഏറുകയാണ്. തെരഞ്ഞെടുപ്പ് വിശകലന വിദഗ്‌ധര്‍ക്ക് പോലും പ്രവചിക്കാനാവുന്നില്ല ഈ മാറ്റം ആരെ തുണക്കുമെന്ന്.

അഞ്ചു വര്‍ഷം മുമ്പ് നടന്ന തെരഞ്ഞടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ വിജയിച്ച 25 സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു കേരളത്തില്‍. ഇതില്‍ 16 എണ്ണം നേടിയത് ഇടതു മുന്നണിയും ഒമ്പതെണ്ണം സ്വന്തമാക്കിയത് യുഡി എഫുമായിരുന്നു.ആ കണക്കു കൂട്ടലുകളിലേക്കാണ് എല്ലാ കണക്കുകളും തെറ്റിച്ച് മണ്ഡലം തിരിച്ച് റദ്ദായ വോട്ടുകളുടെ കണക്ക് വരുന്നത്. പതിനായിരത്തിനു മേല്‍ വോട്ടര്‍മാര്‍ കുറഞ്ഞ 27 മണ്ഡലങ്ങളുണ്ട് കേരളത്തില്‍.
ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന തെരഞ്ഞടുപ്പില്‍ 890 സ്ഥാനാര്‍ഥികളുടെ വിധി നിശ്ചയിക്കുക രണ്ട്കോടി എഴുപത്തിയൊന്ന് ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി രണ്ട് വോട്ടര്‍ മാരാണ്. 2021 ലെ തെരഞ്ഞെടുപ്പില്‍ 27445311 വോട്ടര്‍മാരുണ്ടായിരുന്നതാണ് ഇത്തവണ കുറഞ്ഞ് 27142952 വോട്ടര്‍മാരായത്.മൊത്തം വോട്ടര്‍മാരിലുണ്ടായ വ്യത്യാസം കേവലം 303359 ആണെങ്കിലും മണ്ഡല ങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തെ പ്രവചനാതീതമാക്കുകയാണ്. എങ്ങനെയാണ് ഈ വോട്ടര്‍മാരുടെ എണ്ണത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലെ നിയോജക മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതെന്ന് ആഴത്തില്‍ പരിശോധിക്കാം.
പതിനായിരത്തിന് മേലെ വോട്ടു കുറഞ്ഞ മണ്ഡലങ്ങള്‍ 27 എണ്ണമാണ്. അതില്‍ത്തന്നെ നാല്‍പ്പതി നായിരത്തിനു മേലെ വോട്ടു കുറഞ്ഞ രണ്ട് മണ്ഡലങ്ങള്‍. വട്ടിയൂര്‍ക്കാവും തിരുവനന്തപുരവും. മുപ്പതിനായിരത്തിനു മേലെ വോട്ടു കുറഞ്ഞ മണ്ഡലങ്ങളുടെ പട്ടികയില്‍ നേമവും കൂടി ചേരുന്നു. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ വോട്ടുകള്‍ കുറഞ്ഞ മണ്ഡലങ്ങള്‍ ആറെണ്ണമുണ്ട്. കഴക്കൂട്ടം, എറണാകുളം ദേവികുളം, തൃപ്പൂണിത്തുറ,ആറന്മുള, തൃശ്ശൂര്‍ എന്നിവ.
പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ വോട്ട് കുറഞ്ഞ മണ്ഡലങ്ങള്‍ പതിനെട്ടെണ്ണമുണ്ട്. ഇടുക്കി, പീരുമേട്, മലമ്പുഴ, തൃക്കാക്കര, റാന്നി,ഉടുമ്പഞ്ചോല, ചെങ്ങന്നൂര്‍, കൊച്ചി, പിറവം, കോട്ടയം, തിരുവല്ല,കോന്നി,കായംകുളം,ചാലക്കുടി, പാലക്കാട്,ഹരിപ്പാട്, കൊല്ലം, വൈപ്പിന്‍ എന്നിവ. ഇതിനോടടുത്ത് നില്‍ക്കുന്ന 9000 ത്തിനും 10000 നും ഇടയില്‍ വോട്ടുകള്‍ കുറഞ്ഞ മണ്ഡലങ്ങളുടെ പട്ടികയില്‍ പറവൂര്‍, കാസര്‍കോട്, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുണ്ട്.
ഈ മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോള്‍ മിക്കതും പ്രമുഖ നേതാക്കളും മന്ത്രിമാരും പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവുമൊക്കെ മല്‍സരിക്കുന്ന മണ്ഡലങ്ങളാണെന്നു കാണാം. ഇതില്‍ 19 എണ്ണം എല്‍ ഡി എഫിന്‍റേയും എട്ടെണ്ണം യുഡി എഫിന്‍റേയും സിറ്റിങ്ങ് സീറ്റുകളാണ്.9000 നു മുകളില്‍ 10000 വരെ വോട്ടര്‍മാര്‍ കുറഞ്ഞ നാല് മണ്ഡലങ്ങളില്‍ രണ്ടെണ്ണം വീതം എല്‍ഡിഎഫിന്‍റേയും യുഡിഎഫിന്‍റേയും സിറ്റിങ്ങ് സീറ്റുകളാണ്.
വോട്ട് കുറഞ്ഞതിനെ നല്ല ജനാധിപത്യത്തിലേക്കുള്ള ചുവട് വയ്‌പായാണ് കേരളത്തിലെ കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ്‌ചാന്‍സലറും കേരള സര്‍വകലാശാല രാഷ്‌ട്രതന്ത്രവിഭാഗം മുന്‍ തലവനും തെരഞ്ഞെടുപ്പ് വിദഗ്ദ്ധനുമായ ഡോ.ജി ഗോപകുമാര്‍ വിലയിരുത്തുന്നത്. വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളുമെല്ലാം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു എന്നതിന്‍റെയും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കപ്പെട്ടു എന്നതിന്‍റെയും തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.ഇത്രയും വോട്ടര്‍മാര്‍ ഇല്ലാതായിട്ടും നമ്മുടെ നാട്ടില്‍ ഒരൊറ്റ പരാതി പോലും ഉയര്‍ന്നിട്ടില്ലെന്നത് ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇതിനപ്പുറം വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് ഫലത്തില്‍ ആരെ തുണയ്ക്കുമെന്നതാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്.മരിച്ചവരുടേയും സ്ഥലത്തില്ലാത്തവരുടേയും വോട്ടുകള്‍ ഇത്രയേറെ മണ്ഡലങ്ങളില്‍ കാണുമോ എന്ന് പലരും സംശയിക്കുന്നു. ഇരട്ട വോട്ടുകള്‍ വലിയതോതില്‍ റദ്ദാക്കപ്പെട്ടിരിക്കാമെന്ന് ഡോ ഗോപകുമാറും അഭിപ്രായപ്പെടുന്നു.
വ്യാജവോട്ടുകളും ഇരട്ടവോട്ടുകളും ഇല്ലാതായതിന്‍റെ പ്രയോജനം യുഡിഎഫിനാകും ലഭിക്കുകയെന്നാണ് ഡോ. ഗോപകുമാറിന്‍റെ പക്ഷം. “സംസ്ഥാനത്ത് പൊതുവേ യുഡിഎഫിന് അനുകൂലമായ വികാരമുണ്ട്. സാഹചര്യം വലിയ തോതില്‍ യുഡി എഫിനനുകൂലമായ സമയത്താണ് കെ സുധാകരന്‍ പ്രശ്‌നവും മുഖ്യമന്ത്രി തര്‍ക്കവും ഉദിച്ചത്. ഇത് യുഡിഎഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും സുരക്ഷിതമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ അവര്‍ക്കായോക്കും.” ഡോ. ഗോപകുമാര്‍ വിലയിരുത്തുന്നു.
അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള യുഡിഎഫിന്‍റെ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ എത്താനാകുമോ എന്നൊരു അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “മലപ്പുറത്ത് മതിയായ വോട്ടുകള്‍ അവര്‍ക്ക് സ്വന്തമായി ഉള്ളതിനാല്‍ ഇവിടെ അത് ബാധകമാകില്ല. അതേസമയം ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാസര്‍കോട് ജില്ലയില്‍ സ്ഥിതി മറിച്ചാണ്.
ചില കെഎംസിസി കേന്ദ്രങ്ങളും ഇതേ ആശങ്ക സ്വകാര്യ സംഭാഷണത്തില്‍ പങ്കുവച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങള്‍ അടച്ചതും വിമാനങ്ങള്‍ റദ്ദാക്കുന്നതുമെല്ലാം രാഷ്‌ട്രീയ കക്ഷികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതും സാധാരണ തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമായി നാട്ടിലേക്കുള്ള വരവ് അസാധ്യമാക്കും. ഇത് മഞ്ചേശ്വരം പോലുള്ള മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമാകും.” ഡോ.ജി ഗോപകുമാര്‍ വിലയിരുത്തുന്നു.
അതേസമയം കഴക്കൂട്ടം പോലുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞത് തീര്‍ച്ചയായും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് തന്നെയാണ് കേരള സര്‍വകലാശാല മുന്‍ പ്രൊ വൈസ്‌ചാന്‍സലറും കേരള സര്‍വകലാശാല രാഷ്‌ട്രതന്ത്രവിഭാഗം മുന്‍ റീഡറുമായ ഡോ.ജെ പ്രഭാഷ് ചൂണ്ടിക്കാട്ടുന്നത്. “അത് എങ്ങനെയാകും എന്ന് ഇപ്പോള്‍ പറയാനാകില്ല. കാരണം. ഏത് വിഭാഗത്തില്‍ നിന്നുള്ളവരുടെ വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. ന്യൂനപക്ഷങ്ങളുടെ വോട്ടുകളിലാണ് കുറവുണ്ടായിട്ടുള്ളതെങ്കില്‍ അത് തീര്‍ച്ചയായും ബിജെപിക്ക് തന്നെയാകും ഗുണം ചെയ്യുക. എന്നാല്‍ ദളിതരുടെയും പിന്നാക്കക്കാരുടെയും വോട്ടുകളാണ് ഇല്ലാതായിരിക്കുന്നതെങ്കില്‍ അത് അവര്‍ക്ക് തിരിച്ചടിയാകും.
മുന്‍കാലങ്ങളില്‍ കള്ളവോട്ടായി ചെയ്‌തിരുന്ന വോട്ടുകളാണോ ഇല്ലാതായത് അതോ മനഃപൂര്‍വം ന്യൂനപക്ഷ വിഭാഗങ്ങളെ ഒഴിവാക്കിയതാണോ എന്ന കാര്യവും പരിശോധിച്ച ശേഷമേ നമുക്ക് ഒരു അനുമാനത്തില്‍ എത്താനാകൂ. ഡോ.പ്രഭാഷ് ചൂണ്ടിക്കാട്ടുന്നു. ഇരട്ട വോട്ടുകളാണ് വന്‍ തോതില്‍ റദ്ദാക്കപ്പെട്ടതെങ്കില്‍ കാലാകാലങ്ങളില്‍ പലഭാഗങ്ങളിലായി ഇതിന്‍റെ ഗുണഭോക്താക്കളായെന്ന് ആരോപിക്കപ്പെടുന്ന ഇടതുമുന്നണിക്കും ലീഗിനുമാണ് അത് തിരിച്ചടിയാവുക.” ഡോ.പ്രഭാഷ് ചൂണ്ടിക്കാട്ടുന്നു.
ബിഹാറിലും മറ്റും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായിട്ടുള്ളത് ന്യൂനപക്ഷങ്ങളും ദളിതുകളുമാണെന്ന് ദ ഹിന്ദുവിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ജെ പ്രഭാഷ് പറയുന്നു. അത്തരത്തിലാണ് ഇവിടെയും സംഭവിച്ചി ട്ടുള്ളതെങ്കില്‍ അത് ബിജെപിക്ക് അനുകൂലമാകും. എന്നാല്‍ അത്തരത്തിലാണോ ഇവിടെ സംഭവിച്ചി ട്ടുള്ളതെന്ന് നമുക്ക് വ്യക്തതയില്ല. പുറത്ത് പോയതില്‍ കുറച്ച് പേര്‍ മരിച്ചവരും കള്ള വോട്ടും ഒക്കെ ആകാമെന്നും അദ്ദേഹം അനുമാനിക്കുന്നു.
വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന ഇടിവില്‍ സംസ്ഥാനത്ത് തന്നെ മുന്നിലുള്ളത് തിരുവനന്തപുരം മണ്ഡലമാണ്. 2021 ല്‍ 61.8 ശതമാനം പോളിങ്ങ് നടന്ന തിരുവനന്തപുരത്ത് അന്നുണ്ടായിരുന്നത് 203319 വോട്ടര്‍മാരായിരുന്നു. അതാണ് ഇത്തവണ 158545 ആയി കുറഞ്ഞത്. 44774 വോട്ടര്‍മാരാണ് കുറഞ്ഞത്. കഴിഞ്ഞ തവണ ഒരു ലക്ഷത്തി ഇരുപത്തെട്ടായിരത്തിലേറെപ്പേര്‍ വോട്ട് ചെയ്തപ്പോള്‍ 7089 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ആന്‍റണി രാജു കോണ്‍ഗ്രസിലെ വി എസ് ശിവകുമാറിനെ പരാജയപ്പെടുത്തുകയായിരുന്നു.
ബിജെപിയുടെ സ്ഥാനാര്‍ഥി നടന്‍ ജി കൃഷ്‌ണകുമാര്‍ ഇവിടെ മുപ്പത്തയ്യായിരത്തോളം വോട്ട് പിടിച്ചിരുന്നു. ഇരുമുന്നണികള്‍ക്കും ശരാശരി നാല്‍പ്പത്തി മൂവായിരത്തോളം വോട്ടുള്ള മണ്ഡലത്തില്‍ ബിജെപിക്കും മുപ്പത്തയ്യായിരത്തോളം ഉറച്ച വോട്ടുകളുണ്ടായിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 4541 വോട്ടുകള്‍ക്ക് ലീഡ് പിടിച്ച തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ 6346 വോട്ടിന് ലീഡ് ചെയ്തത് ഇടതുമുന്നണിയാണ്. റദ്ദാക്കപ്പെട്ട വോട്ടുകള്‍ക്കൊപ്പം പുതിയ വോട്ടുകള്‍ കൂടി ചേര്‍ത്താണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതില്‍ ആര്‍ക്കാണ് നേട്ടമെന്നും നഷ്‌ടമെന്നും ആണ് ഇനി അറിയാനുള്ളത്.
യുഡിഎഫിലെ സി പി ജോണും എല്‍ഡിഎഫിലെ സുധീര്‍ കരമനയും എന്‍ഡിഎയുടെ കരമന ജയനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടക്കുകയാണ് തിരുവനന്തപുരത്ത്. ഇടതു മുന്നണി തദ്ദേശ തെര ഞ്ഞെടുപ്പില്‍ ലീഡ് നേടിയ തിരുവനന്തപുരം മണ്ഡല പരിധിയില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേ ക്ക് പിന്തള്ളാനായ ആത്മ വിശ്വാസം ബിജെപിക്കുണ്ട്.
വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇടിവുണ്ടായ പട്ടികയില്‍ രണ്ടാമതുള്ള വട്ടിയൂര്‍ക്കാവില്‍ 2021 ല്‍ 64.1 ശതമാനം പോളിങ്ങ് നടന്നപ്പോള്‍ ജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തായിരുന്നു. 2021 ല്‍ 208118 വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണയുള്ളത് 165272 വോട്ടര്‍മാരാണ്. 42846 വോട്ടര്‍മാര്‍ കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോയ കോണ്‍ഗ്രസിനു വേണ്ടി കെ മുരളീധരനും 2016 മുതല്‍ വോട്ട് വര്‍ധിപ്പിക്കുന്ന ബിജെപിക്ക് വേണ്ടി ആര്‍ ശ്രീലേഖയും മല്‍സരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ സിറ്റിങ്ങ് എംഎല്‍എ വി കെ പ്രശാന്ത് തന്നെയാണ് സിപിഎമ്മിനു വേണ്ടി ജനവിധി തേടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞടുപ്പിലും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ലീഡ് നേടാനായ ആത്മ വിശ്വാസത്തില്‍ ബിജെപിയും 2016 ലും 2011 ലും യുഡിഎഫ് വോട്ട് അമ്പതിനായിരം കടത്തിയ കെ മുരളീധരന്‍ മല്‍സരിക്കാനിറങ്ങുന്നതിന്‍റെ ആത്മ വിശ്വാസത്തില്‍ കോണ്‍ഗ്രസും വി കെ പ്രശാന്തിന്‍റെ കഴിഞ്ഞ തവണത്തെ 21515 വോട്ട് ഭൂരിപക്ഷത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഇടതുമുന്നണിയും വട്ടിയൂര്‍ക്കാവില്‍ പോരിനിറങ്ങുകയാണ്. നാലു മാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡല പരിധിയിലാകെ എന്‍ഡി എക്ക് 2497 വോട്ടിന്‍റെ ലീഡുണ്ടായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിലും 8162 വോട്ട് ലീഡ് എന്‍ഡി എക്കായിരുന്നു. അവിടെയാണ് 42846 വോട്ടര്‍മാരുടെ കുറവ് ചര്‍ച്ചയാകുന്നത്.
അടുത്തത് നേമമാണ്. നേമത്തെ 204240 വോട്ടര്‍മാരില്‍ 142578 പേര്‍ 2021 ല്‍ വോട്ട് ചെയ്‌തു. പോളിങ്ങ് ശതമാനം 69.8 ശതമാനമായിരുന്നു. വോട്ടര്‍മാരുടെ എണ്ണം 33062 കുറഞ്ഞ് ഇത്തവണ 171178 ല്‍ എത്തിയിരിക്കുകയാണ്. ഇതിന്‍റെ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ഫലത്തില്‍ എങ്ങനെ പ്രതിഫലിക്കു മെന്നറിയാന്‍ നേമത്തിന്‍റെ മുന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കൂടി വിശകലനം ചെയ്യണം.
2016 ല്‍ ബിജെപി ഒ രാജഗോപാലിലൂടെ ചരിത്രം കുറിച്ച മണ്ഡലമാണ് നേമം. 8671 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി രാജഗോപാല്‍ നിയമസഭയിലെത്തുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെഡിയു വിന്‍റെ വി സുരേന്ദ്രന്‍ പിള്ളക്ക് കിട്ടിയത് വെറും 13860 വോട്ടായിരുന്നു. 2021 ല്‍ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ എല്‍ഡിഎഫായിരുന്നു നേമത്ത് വിജയിച്ചത്. ഭൂരിപക്ഷം 3949 വോട്ട്. ബിജെപിയുടെ കുമ്മനം രാജശേഖരന്‍ 51888 വോട്ട് പിടിച്ച തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 2016 ലേതിനെ അപേക്ഷിച്ച് കൂടുതല്‍ പിടിച്ച 22664 വോട്ടുകള്‍ ബിജെപിയുടെ വിധിയെഴുതുകയായിരുന്നു. ഇത്തവണ സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന്‍ ബിജെപിക്ക് വേണ്ടിയും വി. ശിവന്‍കുട്ടി ഇടതുമുന്നണിക്ക് വേണ്ടിയും കെ എസ് ശബരീനാഥന്‍ യുഡിഎഫിനു വേണ്ടിയും നേമത്ത് മല്‍സരത്തിനിറങ്ങുമ്പോള്‍ 33062 വോട്ടിന്‍റെ വ്യത്യാസം ആര്‍ക്ക് അനുകൂലമാകുമെന്നാണ് അറിയേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 5049 വോട്ടിന്‍റേയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 22126 വോട്ടിന്‍റേയും ലീഡ് നേടാനായതാണ് നേമത്ത് ബിജെപി പ്രതീക്ഷ സജീവമാക്കി നിര്‍ത്തുന്നത്. റദ്ദായ വോട്ടുകള്‍ ആരുടെ വോട്ട് ബേസിലാണ് വിള്ളല്‍ വീഴ്ത്തുകയെന്ന് അറിയാനുണ്ട്. അതോ റദ്ദാക്കപ്പെട്ടതെല്ലാം നിര്‍ജ്ജീവ വോട്ടുകളാണോയെന്നതിനും വോട്ടെണ്ണല്‍ സമയത്ത് മറുപടി കിട്ടും.
കഴക്കൂട്ടമാണ് വോട്ടര്‍മാര്‍ വന്‍തോതില്‍ കുറഞ്ഞവയുടെ പട്ടികയില്‍ അടുത്തത്. 29804 വോട്ടര്‍മാരാണ് കഴക്കൂട്ടത്ത് കുറഞ്ഞത്. 2021 ല്‍ 194365 വോട്ടര്‍മാരുണ്ടായിരുന്നു കഴക്കൂട്ടത്ത്. അന്ന് 69.6 ശതമാന മായിരുന്നു പോളിങ്ങ്. ഇത്തവണ വോട്ടര്‍മാര്‍ 164561 ആയി കുറഞ്ഞു. 2021 ലും പൊരിഞ്ഞ പോരാട്ടം നടന്ന മണ്ഡലമായിരുന്നു കഴക്കൂട്ടം. 2001 മുതല്‍ 2011 വരെ യുഡിഎഫ് മണ്ഡലമായിരുന്ന കഴക്കൂട്ടം 2016 ല്‍ പിടിച്ചെടുത്ത കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ രണ്ടു തെരഞ്ഞടുപ്പുകളിലും മുഖ്യ എതിരാളി ബിജെപിയായിരുന്നു. 2016 ലെ 7347 വോട്ട് ഭൂരിപക്ഷം 2021ല്‍ 23497 ആക്കി ഉയര്‍ത്തിയ കടകംപള്ളിക്ക് ഇത്തവണ ശക്തരായ രണ്ട് എതിരാളികളെയാണ് നേരിടാനുള്ളത്. ബിജെപിയുടെ വി മുരളീധരനും കോണ്‍ഗ്രസിലെ ടി ശരത്ചന്ദ്ര പ്രസാദും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിനും നേമത്തിനുമൊപ്പം ബിജെപി ലീഡ് നേടിയ നിയമസഭാ മണ്ഡലങ്ങളിലൊന്നായിരുന്നു കഴക്കൂട്ടം. 10842 വോട്ടിന്‍റെ ലീഡ് നേടാനായ ബിജെപിക്ക് മാസങ്ങള്‍ക്ക് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആ നേട്ടം ആവര്‍ത്തിക്കാനായിരുന്നില്ല. 1909 വോട്ടിന് ഇടതു മുന്നണിക്കായിരുന്നു കഴക്കൂട്ടം മണ്ഡല പരിധിയില്‍ മുന്‍തൂക്കം. കോണ്‍ഗ്രസിനെ ബഹുദൂരം പിന്തള്ളാനായ കഴക്കൂട്ടത്ത് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവായ ഇരട്ട വോട്ടുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിജയത്തി ല്‍ക്കുറഞ്ഞൊന്നും ബിജെപി കഴക്കൂട്ടത്ത് പ്രതീക്ഷിക്കുന്നില്ല.
2021 ല്‍ 10970 വോട്ടിന് കോണ്‍ഗ്രസിലെ ടി ജെ വിനോദ് വിജയിച്ച എറണാകുളത്ത് ഇത്തവണ കുറയുന്നത് 28311 വോട്ടുകളാണ്. കഴിഞ്ഞ തവണ 69.8 ശതമാനം വോട്ടിങ്ങ് നടന്ന ഇവിടെ 181842 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. അത് 165675 ആയി കുറയുകയാണ്. തൊട്ടു മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡല പരിധിയില്‍ നേടാനായ 15384 വോട്ടിന്‍റെ ലീഡും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 26784 വോട്ട് ലീഡും കോണ്‍ഗ്രസിന് മണ്ഡലത്തിലെ പ്രതീക്ഷകളാണ്. എങ്കിലും കുറയുന്ന വോട്ടുകള്‍ ആരുടെ കീശ ചോര്‍ത്തുമെന്ന ചോദ്യം ബാക്കി.
ദേവികുളമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവ് വന്ന മറ്റൊരു മണ്ഡലം. 2021 ല്‍ 169309 വോട്ടര്‍ മാരുണ്ടായിരുന്ന ദേവികുളത്ത് അന്ന് 67.3 ശതമാനം വോട്ടിങ്ങാണ് നടന്നത്. ഇത്തവണ ആകെയുള്ളത് 142265 വോട്ടര്‍മാരാണ്. 27044 വോട്ടിന്‍റെ കുറവ്. ലോക്‌സഭയില്‍ 12437 വോട്ടിന്‍റെ ലീഡ് നേടിയത് യുഡി എഫായിരുന്നു. തദ്ദേശത്തിലും 5423 വോട്ട് നേടിയ യുഡിഎഫ് ഇടതു മുന്നണിയിലെ എ രാജ 2021 ല്‍ നേടി 7878 വോട്ടിന്‍റെ ഭൂരിപക്ഷം നിഷ്പ്രയാസം മറികടക്കാനാകുമെന്ന പ്രതീക്ഷയി ലായിരുന്നു. 2006 മുതല്‍ 15 വര്‍ഷം ദേവികുളം എം എല്‍എയായിരുന്ന എസ് രാജേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരി ക്കുന്നു വെന്നതും ദേവികുളത്തെ രാഷ്ട്രീയ ചിത്രം മാറ്റി മറിക്കുന്നു.
കോണ്‍ഗ്രസ് നേതാവ് കെ ബാബു സിപിഎമ്മിലെ എം സ്വരാജിനെ വീഴ്ത്തിയ തൃപ്പൂണിത്തുറയും വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞ പട്ടികയിലുണ്ട്. 2021 ല്‍ 211581 വോട്ടര്‍മാരുണ്ടായിരുന്ന തൃപ്പൂണിത്തുറയില്‍ വാശിയേറിയ പോളിങ്ങായിരുന്നു നടന്നത്. ഇത്തവണ ഇവിടെയുള്ളത് 187923 വോട്ടര്‍മാരാണ്. 23658 വോട്ടര്‍മാര്‍ കുറഞ്ഞിരിക്കുന്നു. 992 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കെ ബാബു ജയിച്ച തൃപ്പൂണിത്തുറയില്‍ 2024 ലോക്‌സഭയില്‍ യുഡിഎഫ് നേടിയത് 31965 വോട്ടിന്‍റെ കൂറ്റന്‍ ലീഡായിരുന്നു. 243 വോട്ടിന്‍റെ ലീഡ് തദ്ദേശ തെരഞ്ഞെടുപ്പിലും തൃപ്പൂണിത്തുറ മണ്ഡല പരിധിയില്‍ യുഡിഎഫ് നേടിയിരുന്നു. ബിജെപിയാകട്ടെ ചരിത്രത്തിലാദ്യമായി തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ച് കരുത്ത് കാട്ടുകയും ചെയ്‌തു. വൈപ്പിനില്‍ നിന്ന് മണ്ഡലം മാറി എത്തുന്ന സിപിഎമ്മിലെ കെ എന്‍ ഉണ്ണികൃഷ്‌ണനും കോണ്‍ഗ്രസിലെ ദീപക് ജോയിയും ട്വന്‍റി 20 പാര്‍ട്ടിയിലെ അഞ്ജലി നായരുമാണ് തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥികള്‍. അവിടെ വന്ന 23658 വോട്ടിന്‍റെ കുറവ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായകമായിത്തീരും.
മന്ത്രി വീണാ ജോര്‍ജിന്‍റെ മണ്ഡലമായ ആറന്മുളയാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായ എട്ടാമത്തെ മണ്ഡലം. ഇവിടെ 2021 ല്‍ ഉണ്ടായിരുന്ന 237351 വോട്ടര്‍മാര്‍ ഇത്തവണ 215168 ആയി കുറഞ്ഞു. 22183 വോട്ടര്‍മാര്‍ കുറഞ്ഞു. 2021 ല്‍ 19003 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ വീണാ ജോര്‍ജ്ജ് മൂന്നാമൂഴം തേടി വീണ്ടും ഇറങ്ങുമ്പോള്‍ മിസോറാം മുന്‍ ഗവര്‍ണറും മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്‍ ബിജെപിക്കു വേണ്ടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി യുഡിഎഫിനു വേണ്ടിയും മല്‍സരിക്കാനിറങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 13572 വോട്ടിന്‍റെ ലീഡ് നേടാന്‍ കഴിഞ്ഞ യുഡിഎഫ് ആറന്മുളയില്‍ പ്രതീക്ഷയിലായിരുന്നു. അവിടെ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ ഇടിവ് ആര്‍ക്ക് അനുകൂലമാകും എന്നത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നു.
ഇരുപതിനായിരത്തിന് മേല്‍ വോട്ട് കുറഞ്ഞ ഒമ്പതാമത്തെ മണ്ഡലം തൃശ്ശൂരാണ്. 2021 ല്‍ 182727 വോട്ടര്‍മാരുണ്ടായിരുന്ന തൃശ്ശൂരില്‍ 68.8 ശതമാനം പോളിങ്ങ് നടന്നിരുന്നു. ഇത്തവണ വോട്ടര്‍മാരുടെ എണ്ണം 161225 ആയി ചുരുങ്ങി. 21502 വോട്ടര്‍മാരുടെ കുറവ് വന്നപ്പോഴും തൃശ്ശൂരില്‍ പൊരിഞ്ഞ പോരാട്ടമാണ്. ഇടതു മുന്നണിയുടെ സിറ്റിങ്ങ് സീറ്റില്‍ സിപിഐയുടെ ആലങ്കോട് ലീലാകൃഷ്‌ണനും യുഡിഎഫിന്‍റെ മുന്‍ തൃശ്ശൂര്‍ മേയര്‍ രാജന്‍പല്ലനും ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വിട്ടെത്തിയ പദ്‌മജ വേണുഗോപാലും മല്‍സരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 9906 വോട്ടിന്‍റെ ലീഡിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 14117 വോട്ടിന്‍റെ ലീഡില്‍ ബിജെപിയും പ്രതീക്ഷ പുലര്‍ത്തുന്നു. സ്ഥാനാര്‍ഥികളുടെ വ്യക്തി ബന്ധങ്ങള്‍ കൂടി പരിഗണിക്കപ്പെടുന്ന തൃശ്ശൂരില്‍ കുറഞ്ഞ 21502 വോട്ടുകള്‍ മൂന്ന് സ്ഥാനാര്‍ഥികളുടേയും ഉറക്കം കെടുത്തുകയാണ്.
മന്ത്രി റോഷി അഗസ്റ്റിന്‍റെ മണ്ഡലമായ ഇടുക്കിയില്‍ കുറഞ്ഞത് 18454 വോട്ടുകളാണ്. തദ്ദേശ തെരഞ്ഞെ ടുപ്പില്‍ 15750 വോട്ടിന് യുഡി എഫ് മുന്നേറിയ ഇടുക്കിയില്‍ ഇത്രയും വോട്ടുകള്‍ കുറയുന്നത് നിശ്ചയ മായും ഇടതു മുന്നണിക്ക് ആശങ്ക വര്‍ധിപ്പിക്കുന്നു.2021 ല്‍ ഇവിടെ റോഷിയുടെ ഭൂരിപക്ഷം 5573 വോട്ടിന്‍റേതായിരുന്നു.
2021 ല്‍ 1835 വോട്ട് ഭൂരിപക്ഷത്തില്‍ സിപിഐയിലെ വാഴൂര്‍ സോമന്‍ വിജയിച്ച പീരുമേട് മണ്ഡലത്തില്‍ അന്നുണ്ടായിരുന്നത് 174354 വോട്ടര്‍മാരായിരുന്നു. അവിടെ ഇത്തവണ 17812 വോട്ടര്‍മാര്‍ കുറഞ്ഞിരിക്കു ന്നു.തദ്ദേശ തെരഞ്ഞടുപ്പില്‍ യുഡിഎഫ് 6124 വോട്ടിന്‍റെ നേട്ടമുണ്ടാക്കിയ പീരുമേട്ടില്‍ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പോലെ തലവേദനയാണ്.
ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന പാലക്കാട്ടും മലമ്പുഴയിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ട്. മലമ്പുഴയില്‍ 17802 വോട്ടുകളാണ് കുറഞ്ഞത്. സിപിഎമ്മിലെ എ പ്രഭാകരന്‍ 25734 വോട്ടിന് ജയിച്ച 2021 ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്ന സി കൃഷ്‌ണകുമാര്‍തന്നെയാണ് വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് നേടാനായ 6520 വോട്ടിന്‍റെ ലീഡിലാണ് എല്‍ഡിഎഫ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഡ് 21652 ആക്കി ഉയര്‍ത്താനും ഇടതു മുന്നണിക്ക് സാധിച്ചിരുന്നു. 2002 മുതല്‍ 20 വര്‍ഷം മലമ്പുഴ എംഎല്‍എയായിരുന്ന വിഎസിന്‍റെ നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന പി എ , എ സുരേഷാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വി എസ് മുഖ്യമന്ത്രിയായിരിക്കേ മണ്ഡലം പ്രതിനിധിയായിരുന്ന എ പ്രഭാകരന്‍ ഇടതു സ്ഥാനാര്‍ത്ഥിയും.
പാലക്കാട്ട് കുറയുന്നത് 12310 വോട്ടുകളാണ്. ഉപതെരഞ്ഞെടുപ്പില്‍ 18840 വോട്ടിന് രാഹുല്‍ മാങ്കൂട്ടത്തിലും 2021 ലെ തെരഞ്ഞെടുപ്പില്‍ 3859 വോട്ടിന് ഷാഫി പറമ്പിലും ജയിച്ച പാലക്കാട്ട് നടന്‍ രമേഷ് പിഷാരടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഇ ശ്രീധരന്‍ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ട മണ്ഡലം പിടിക്കാന്‍ മുന്‍ നിര നേതാവ് ശോഭാ സുരേന്ദ്രനെയാണ് ബിജെപി പാലക്കാട്ട് മല്‍സരിപ്പിക്കുന്നത്. പാലക്കാട്ടുകാര്‍ക്ക് സുപരിചിതനായ ഹോട്ടല്‍ വ്യവസായി എന്‍ എം ആര്‍ റസാഖിനെ ഇടതു മുന്നണി സ്വതന്ത്രനായും മല്‍സരിപ്പിക്കുന്നു. തദ്ദേശ തെരഞ്ഞടുപ്പില്‍ 5939 വോട്ടിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 9707 വോട്ടിനും കോണ്‍ഗ്രസാണ് പാലക്കാട്ട് ലീഡ് ചെയ്‌തത്.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തില്‍ കുറയുന്നത് 11567 വോട്ടുകളാണ്. കഴിഞ്ഞതവണത്തെ ചെന്നിത്തലയുടെ ഭൂരിപക്ഷം 13666 വോട്ടിന്‍റേതായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലും 4238 വോട്ടിന്‍റെ ലീഡ് നേടാന്‍ യുഡിഎഫിനിവിടെ സാധിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ മണ്ഡലമായ കോട്ടയത്ത് 15668 വോട്ടുകളാണ് കുറയുന്നത്. മന്ത്രി സജി ചെറിയാന്‍റെ മണ്ഡലമായ ചെങ്ങന്നൂരില്‍ കുറയുന്നത് 16992 വോട്ടുകളാണ്. യുഡിഎഫ് നേതാവ് അനൂപ് ജേക്കബ് സ്ഥിരമായി ജയിച്ചു വരുന്ന പിറവത്ത് 16440 വോട്ട് കുറയുന്നു. കോണ്‍ഗ്രസിലെ ഉമതോമസ് ജയിച്ചു വന്ന തൃക്കാക്കര മണ്ഡലത്തില്‍ കുറയുന്നത് 17644 വോട്ടുകളാണ്. സിപിഎമ്മിലെ യു പ്രതിഭ ജയിച്ചു വരുന്ന കായം കുളത്ത് 12224 വോട്ട് കുറയുന്നു. യുഡിഎഫ് സിറ്റിങ്ങ് സീറ്റായ ചാലക്കുടിയില്‍ 13559 വോട്ടും എല്‍ഡിഎഫ് സിറ്റിങ്ങ് സീറ്റായ കോന്നിയില്‍ 13362 വോട്ടും കുറയുന്നു. എല്‍ഡിഎഫ് മണ്ഡലമായ റാന്നിയില്‍ 17619 വോട്ടുകളാണ് കുറയുന്നത്. എല്‍ഡിഎഫ് സീറ്റായ കൊച്ചിയില്‍ 16167 വോട്ട് കുറയുന്നു. ഇടതു മണ്ഡലങ്ങളായ കൊല്ലത്ത് 11500 വോട്ടും വൈപ്പിനില്‍ 10801 വോട്ടും കുറയുന്നു.
വോട്ട് കുറയുന്ന മണ്ഡലങ്ങള്‍ പോലെ വോട്ട് കൂടുന്ന മണ്ഡലങ്ങളും സംസ്ഥാനത്തുണ്ട്. വോട്ട് കൂടുന്ന മണ്ഡലങ്ങളില്‍ മുന്നിലുള്ളത് തളിപ്പറമ്പാണ്. സിപിഎം വിമതന്‍ യുഡി എഫ് സ്വതന്ത്രനായി മല്‍സരിക്കുന്ന തളിപ്പറമ്പില്‍ 19184 വോട്ട് കൂടുന്നു.6344 വോട്ടിന് എം കെ മുനീര്‍ വിജയിച്ച കൊടുവള്ളിയില്‍ ഇത്തവണ വര്‍ധിച്ചത് 18280 വോട്ട് .4036 വോട്ടിന് 2021 ല്‍ ഇടതു മുന്നണി ജയിച്ച നാദാപുരത്ത് തദ്ദേശ തെരഞ്ഞടുപ്പില്‍ 5365 വോട്ടിന് യുഡി എഫ് മുന്നിലെത്തിയിരുന്നു. അവിടെയാണ് 17549 വോട്ട് കൂടുന്നത്.28747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ പി എ മുഹമ്മദ് റിയാസ് വിജയിച്ച ബേപ്പൂരില്‍ ഇത്തവണ കൂടിയത് 10499 വോട്ടാണ്. തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് 1340 ല്‍ എത്തിയ ബേപ്പൂരില്‍ പതിനായിരത്തിലേറെ വോട്ട് കൂടുന്നത് ശ്രദ്ധേയമാണ്. കുന്ദമംഗലത്ത് 10696 വോട്ടും കൂടുന്നു.കഴിഞ്ഞ തവണ 333 വോട്ടിന് ഇടതുമുന്നണി വിജയിച്ച കുറ്റ്യാടിയില്‍ കൂടുന്നത് 13729 വോട്ടാണ്.തദ്ദേശ തെരഞ്ഞെടുപ്പില്‍ 4558 വോട്ടിന് യുഡി എഫ് മുന്നിലെത്തിയ കുറ്റ്യാടിയില്‍ അട്ടിമറി സാധ്യതകള്‍ നിലനില്‍ക്കേയാണ് പതിനായിരത്തിലേറെ വോട്ടുകള്‍ കൂടുന്നത്. വെറും 745 വോട്ടിന് യുഡി എഫ് വിജയിച്ച മഞ്ചേശ്വരത്ത് 8431 വോട്ട് കൂടുകയാണ്.തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 20000ത്തിലേറെ വോട്ടിന് ലീഡ് പിടിച്ച യുഡി എഫിന്‍റെ സാധ്യതകളിലാണ് ഈ വോട്ട് വര്‍ധന ആശങ്ക പരത്തുന്നത്.
