ഓപ്പറേഷൻ മിഡ്‌നൈറ്റ് വഴി ഒറ്റ രാത്രി കൊണ്ടു കൊച്ചി നഗരത്തില്‍ പിടിയിലായത് 300 പേര്‍


കൊച്ചി: ശനിയാഴ്ച രാത്രി 10 മുതൽ ഞായർ പുലർച്ചെ മൂന്ന് വരെ കൊച്ചി നഗരത്തിൽ ഓപ്പറേഷൻ മിഡ്‌നൈറ്റ് എന്നപേരിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്ന് കൈവശം വച്ചവരും ഉപയോഗിച്ചവരുമടക്കം 300 പേർ പിടിയിലായി. എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു.

38 ഇടങ്ങളിൽ നിലയുറപ്പിച്ച പൊലീസ് അതുവഴിപോയ വാഹനങ്ങളടക്കം തുറന്നു പരിശോധിച്ചു. സംശയം തോന്നിയവരെ ദേഹപരിശോധന നടത്തി. 77 ലഹരിക്കേസുകളും മദ്യപിച്ച് വാഹനം ഓടിച്ചതിന് 193 കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 27 കേസുകളും രജിസ്റ്റർ ചെയ്തു.

സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ 550 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.

ഇതിനി‌ടെ പാലപ്രശ്ശേരി തേറാട്ടിക്കുന്നിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്ന് 1.280 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഞായർ രാത്രി 7.40ഓടെയാണ് സംഭവം. പൊലീസ് പ്രതികളുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല. തൊഴിലാളികൾ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കഞ്ചാവ് പിടികൂടാൻ ഇടയാക്കിയത്.

കെട്ടിട നിർമ്മാണം, മരംവെട്ട് തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെടുന്ന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. സംഘാംഗങ്ങൾ തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്ന് ഒരാൾ ഹിന്ദി അറിയാവുന്ന നാട്ടുകാരായ യുവാക്കളെ കണ്ട്‌ കഞ്ചാവ് വിൽപ്പന സംബന്ധിച്ച വിവരം അറിയിക്കുകയായിരുന്നു. യുവാക്കൾ സ്ഥലത്തെത്തിയപ്പോഴേക്കും ആരോപണ വിധേയനായ തൊഴിലാളി കഞ്ചാവ് പൊതി വലിച്ചെറിഞ്ഞു. തുടർന്ന് നാട്ടുകാർ അറിയിച്ച പ്രകാരം ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി കഞ്ചാവും അളക്കാനുള്ള ത്രാസും കസ്റ്റഡിയിലെടുത്തു.


Read Previous

പാര്‍ട്ടി നടപടി എന്തുതന്നെ ആയാലും എനിക്ക് ഭയമില്ല, 52 വർഷത്തെ തന്റെ പ്രവർത്തനത്തെക്കാൾ പരിഗണന വീണക്ക് എ പദ്‌മകുമാർ

Read Next

തലയോട്ടി ഇളക്കിയുള്ള ക്യാൻസർ ശസ്ത്രക്രിയ മൂക്കിലൂടെ നടത്തി,​ചെലവ് വെറും 10000 രൂപ,​ നേട്ടം കുറിച്ചത് തിരു.മെഡി.കോളേജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »