എക്‌സൈസ് വകുപ്പിന് കീഴിലുള്ള ലഹരി വിമുക്ത കേന്ദ്രമായ വിമുക്തി ഡി അഡിക്‌ഷൻ സെന്ററിൽ ജില്ലയിൽ ഈ വർഷം ചികിത്സ തേടിയെത്തിയത് 375 പേർ


മലപ്പുറം: എക്‌സൈസ് വകുപ്പിന് കീഴിലുള്ള ലഹരി വിമുക്ത കേന്ദ്രമായ വിമുക്തി ഡി അഡിക്‌ഷൻ സെന്ററിൽ ജില്ലയിൽ ഈ വർഷം ചികിത്സ തേടിയെത്തിയത് 375 പേർ. ഒ.പി, ഐ.പി വിഭാഗങ്ങളിലായി യഥാക്രമം 338ഉം 37ഉം പേരാണ് എത്തിയത്.

ജനുവരിയിൽ 86 പേർ ചികിത്സ തേടിയെത്തി. ഇതിൽ 80 പേർ ഒ.പിയിലും ആറ് പേർ ഐ.പിയിലും ചികിത്സ തേടി. ഫെബ്രുവരിയിൽ എത്തിയ 160 പേരിൽ 142 പേർ ഒ.പിയിലും 18 പേർ ഐ.പിയിലുമെത്തി. മാർച്ചിൽ 129 പേർ ചികിത്സ തേടി. ഇതിൽ ഒ.പി, ഐ.പി വിഭാഗങ്ങളിലായി യഥാക്രമം 116ഉം 13ഉം പേർ വീതമെത്തി. 25-30 വയസിന് ഇടയിലുള്ളവരാണ് കൂടുതലായും ചികിത്സ തേടിയെത്തുന്നത്.

നിലമ്പൂർ താലൂക്ക് ആശുപത്രിയിലാണ് ജില്ലയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററുള്ളത്. ഒരു വാർഡാണ് അനുവദിച്ചിട്ടുള്ളത്. പ്രധാനമായും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ് ഇവിടെ എത്തുന്നത്.

തുടർച്ചയായ രണ്ടാഴ്ച വരെ ഒരാൾക്ക് ഇവിടെ ചികിത്സ ലഭ്യമാണ്. കൂടുതൽ ദിവസം കിടത്തിച്ചികിത്സ ആവശ്യമായവരെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കോ, മഞ്ചേരി മെഡിക്കൽ കോളേജിലേക്കോ ആണ് കൂടുതലായും അയയ്ക്കുന്നത്. ഒരേസമയം 10 പേർക്കാണ് കിടത്തി ചികിത്സ ലഭിക്കുക. 10 കിടക്കകളുണ്ട്. ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സഹായകരമാവുന്ന കൗൺസിലിംഗ് സൗകര്യം ഇവിടെയുണ്ട്. ചികിത്സ, കൗൺസിലിംഗ്, നിരന്തരമുള്ള ഫോളോഅപ്പ് നടത്തിയാണ് ഇവരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുന്നത്.

വിവിധ വർഷങ്ങളിൽ ചികിത്സ തേടിയെത്തിയവർ

വർഷം ഒ.പി ഐ.പി ആകെ

2025– 338—-37— 375
2024–1803—151—1,954
2023 –2870–291–3,161

വിമുക്തിയിലൂടെ നിരവധി പേരാണ് ചികിത്സ തേടിയെത്തി സാധാരണ ജീവിതത്തിലേക്ക് കടന്നിട്ടുള്ളത്. നിലമ്പൂർ താലൂക്ക് ആശുപത്രിയിലെ ഡി അഡിക്‌ഷൻ സെന്ററിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്.


Read Previous

പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല എന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്

Read Next

അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »