അബ്ദുൽ റഹീമിന്റെ മോചനത്തിനായി ലഭിച്ചത് 47.87 കോടി രൂപ, ചെലവ് 36.27 കോടി, ബാക്കി തുക എന്തു ചെയ്യണമെന്ന് റഹീം എത്തിയ ശേഷം തീരുമാനിക്കും: അബ്ദുറഹീം ലീഗൽ അസ്സിസ്റ്റൻസ് ട്രസ്റ്റ് കമ്മിറ്റി


കോഴിക്കോട്: റിയാദിൽ ജയിൽ മോചനം കാത്ത് കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ ദിയ ധനം കണ്ടെത്തുന്നതിന്റെ ഭാഗമായി 47,87,65,347 രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചതായി അബ്ദുറഹീം ലീഗൽ അസ്സിസ്റ്റൻസ് ട്രസ്റ്റ് കമ്മിറ്റി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 36,27,34,927 രൂപയുടെ ചെലവ് വന്നതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടി ലുള്ളതായും ഭാരവാഹികൾ വ്യക്തമാക്കി. റിയാദ് ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പടെ വ്യക്തമായ കണക്കുകൾ കമ്മിറ്റി പുറത്ത് വിട്ടു. ബാക്കിയുള്ള തുക അബ്ദുറഹീം ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സർവകക്ഷി സമിതിയുടെ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന് ചെയർമാൻ സുരേഷ് കുമാർ, ജനറൽ കൺവീനർ കെ കെ ആലിക്കുട്ടി, ട്രഷറർ എം, ഗിരീഷ് എന്നിവർ പറഞ്ഞു. സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ്ണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി കൈകോർത്ത ലോക മലയാളി സമൂഹത്തിനും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും വിശിഷ്യാ റിയാദിലുൾപ്പടെയുള്ള പ്രവാസി സമൂഹതിനും ലീഗൽ അസ്സിസ്റ്റൻസ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.


നവംബർ 17 ഞായറാഴ്ചയാണ് റിയാദിലെ ക്രിമിനൽ കോടതിയുടെ സിറ്റിംഗ്. ദിയധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിന്റെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് അബ്ദു റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുറഹീം നാട്ടിലെത്തും. അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലിൽ റഹീമുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് ഈ മഹാ ദൗത്യത്തിൽ പങ്കാളികളായിരുന്ന എല്ലാവര്ക്കും ഏറെ സന്തോഷം പകർന്നു.

സൗദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് കുടുംബം 15 മില്യൺ റിയാലായിരുന്നു ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി യുടെ കഴിഞ്ഞ 17 വർഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടു വിലാണ് സൗദി കുടുംബത്തിന്റെ വക്കീൽ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടൽ മൂലം പതിനഞ്ച് മില്യൺ റിയാലിന് മോചനം നൽകാൻ സമ്മതിച്ചത്. റിയാദ് കമ്മിറ്റിയുടെ നിർദേശ പ്രകാരം 2021ലാണ് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചത്.

അബ്ദുറഹീമിന് വധശിക്ഷ നൽകുക എന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന സൗദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാർ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടു വിലാണ് കഴിഞ്ഞ ഒക്ടോബറിൽ ദിയ ധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നൽകാൻ സഊദി കുടുംബം തയ്യാറായത്. വക്കീലുമാർ മുഖേന ഇന്ത്യൻ എംബസിയും റിയാദിലെ നിയമ സഹായ സമിതിയും നടത്തിയ കഠിന പ്രയത്നത്തിലൂടെയാണ് ഈയൊരു തീരുമാനത്തിലെത്താൻ വഴിയൊരുക്കിയത് . ദിയ നൽകി മാപ്പ് നൽകാനുള്ള സൗദി കുടുംബത്തിന്റെ തീരുമാനം ഡിസംബറിൽ ഇന്ത്യൻ എംബസി നാട്ടിലെ അബ്ദുറഹീ മിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മലപ്പുറത്തെ സ്പെയിൻ കോഡ് എന്ന കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാർച്ച് പത്തിന് ആരംഭിച്ചത്. വളരെ സുതാര്യമായി നടന്ന ക്രൗഡ് ഫണ്ടിങ് ആവശ്യമായ തുക ലഭ്യമായതോടെ ഏപ്രിൽ 12ന് അവസാനിപ്പിക്കുകയും ചെയ്തു. നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതികൾക്ക് ചെലവായ തുകയും ആപ്പ് സൗകര്യം നൽകിയ സ്പൈൻകോഡിന്നുള്ള ടി ഡി എസും ഇനത്തിൽ ബാക്കി നൽകേണ്ടതുണ്ട്.

അതിനിടയിൽ സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ലോകം കൈകോർത്ത നന്മ നിറഞ്ഞ മഹാ ദൗത്യത്തെ വികൃതമാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇത്തരമാളുകൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. റിയാദിലെ ജയിലി ലെത്തി അബ്ദുറഹീമിനെ കാണുകയും റിയാദിലെ നിയമ സഹായ സമിതി സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്ത മാതാവിനും സഹോദരനും അമ്മാവനും യഥാർത്ഥ വസ്തുതകൾ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം അവർ തന്നെ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുകയും ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി.

വാർത്ത സമ്മേളനത്തിൽ .കെ സുരേഷ് കുമാർ, കെ കെ ആലിക്കുട്ടി, എം. ഗിരീഷ്, പി എം സമീർ ( ഓഡിറ്റർ ), അഷ്റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.


Read Previous

ഗൂഢാലോചന’ സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇപി; ‘തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു’

Read Next

ക്ഷേമ  ഐശ്വര്യത്തിന് വരാഹി തെയ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »