
ആലത്തൂര്‍: കേരളത്തില്‍ യുഡിഎഫിന്റെ പടയോട്ടത്തില്‍ ഭരണ മുന്നണി തകര്‍ന്നടിഞ്ഞപ്പോള്‍ കനലൊരു തരിയായി ആലത്തൂരില്‍ നിന്ന് ജയിച്ച മന്ത്രി കെ.രാധാകൃഷ്ണന്. ഇതോടെ സൈബറിടങ്ങളില്‍ സിപിഎമ്മിനെ എന്നും കളിയാക്കിയിരുന്ന ‘കനലൊരു തരി’ എന്ന പ്രയോഗത്തിന് അഞ്ച് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി കേരള രാഷ്ട്രീയത്തില്‍ പ്രസക്തി കൈവന്നിരിക്കുകയാണ്. കഴിഞ്ഞ തവണ ആലപ്പുഴയാണ് സിപിഎമ്മിനെ തുണച്ച ഏക മണ്ഡലമെങ്കില്‍ ഇക്കുറി അത് ആലത്തൂരായി എന്ന് മാത്രം.
ആലത്തൂരില്‍ കെ. രാധാകൃഷ്ണന്റെ വിജയം വന്നതിന് പിന്നാലെ ഉയരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നാണ് ശരിക്കും സിപിഎം ഒരുക്കിയ വിജയമായിരുന്നോ ഇതെന്ന്. ഇതിന്റെ പ്രധാന മറുപടി ആലത്തൂര്‍ ഒരിക്കലും ആലപ്പുഴ അല്ലെന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞു തന്നെയാണ് സിപിഎം ആലപ്പുഴയില്‍ വിജയിച്ചതെന്നത് യാഥാര്‍ഥ്യമാണ്.
എന്നാല്‍ ഇക്കുറി കെടാത്ത കനലായി മാറിയ ആലത്തൂരിലെ സ്ഥിതി വ്യത്യസ്ത മായിരുന്നു. ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന, മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള മന്ത്രിയായിരുന്നിട്ട് കൂടി കെ. രാധാകൃഷ്ണനെ ആലത്തൂരില്‍ ഇറക്കിയത് അദേഹ ത്തിന്റെ സ്വീകാര്യതയും വ്യക്തിപ്രഭാവവും മുന്നില്‍ കണ്ടുകൊണ്ടാണ്.
അതുകൊണ്ട് തന്നെ ആലത്തൂരിലെ വിജയത്തില്‍ പാര്‍ട്ടിയുടെ സ്വാധീനത്തെക്കാള്‍ കൂടുതല്‍ വ്യക്തിപ്രഭാവം തന്നെയാണ് പ്രധാന ഘടകമായത്. ആളുകള്‍ക്ക് ഇടയില്‍ ഇറങ്ങി പരിചയമുള്ള, സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരെയും കൈയിലെടു ത്തിട്ടുള്ള കെ. രാധാകൃഷ്ണന്റെ ജയം ഒരു കണക്കിന് സിപിഎമ്മിന് ആശ്വാസമാണ്.
ആലത്തൂരില്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരുപാട് വിവാദങ്ങളില്‍ ചെന്ന് പെട്ടയാളാണ് രമ്യ ഹരിദാസ്. കോവിഡ് കാലത്തും അല്ലാത്തപ്പോഴും സിപിഎമ്മിന്റെ കണ്ണിലെ കരടായി രമ്യ മാറിയത് വളരെ വേഗത്തിലാണ്. എന്നാല്‍ ഇത്തവണ രമ്യ ഹരിദാസിന് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങളില്‍ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.
ആ കുറവുകളില്‍ നിന്ന് കൊണ്ടാണ് രമ്യ ഹരിദാസ് കെ. രാധാകൃഷ്ണനെ പോലെ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിക്ക് എതിരെ പോരാടിയത്. എങ്കിലും ഇത്തവണത്തെ തോല്‍വിയില്‍ രമ്യക്ക് പാര്‍ട്ടിയില്‍ നിന്ന് ഒട്ടേറെ ചോദ്യങ്ങള്‍ നേരിടേണ്ടി വരും.