കോഴിക്കോട് ഇനി യുനസ്കോ സാഹിത്യ നഗരം; ഔദ്യോഗിക പ്രഖ്യാപനം നടത്തി; സാഹിത്യോത്സവവും പുരസ്കാരങ്ങളും സംഘടിപ്പിക്കും


രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ഞായറാഴ്ച വൈകീട്ട് മുഹമ്മദ്‌ അബ്‌ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് കോഴിക്കോടിനെ യുനെ സ്കോ സാഹിത്യനഗരിയായി പ്രഖ്യാപിച്ചു. സാഹിത്യ നഗര കേന്ദ്രത്തിന്‍റെ പ്രഖ്യാപനം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.

ബഷീറും പൊറ്റെക്കാടും തിക്കോടിയനും എൻ പി മുഹമ്മദും പി വത്സലയും യു എ ഖാദറും സുരാസുവും എം എസ് ബാബുരാജും കോഴിക്കോട് അബ്‌ദുൾഖാദറും കെ ടി മുഹമ്മദും പി എം താജും നക്ഷത്ര ഓർമകളായി സാന്നിധ്യമറിയിച്ച ചടങ്ങിനാണ് കോഴിക്കോടിൻ്റെ സാഹിത്യ സായാഹ്നം സാക്ഷ്യം വഹിച്ചത്.

കോർപ്പറേഷൻ്റെ സാഹിത്യ വജ്രജൂബിലി പുരസ്കാരം ജ്ഞാനപീഠ ജേതാവും മലയാള സാഹിത്യത്തറവാട്ടിലെ കാരണവരുമായ എം ടി വാസുദേവൻ നായർക്ക് അദ്ദേഹ ത്തിന്റെ വീട്ടിലെത്തി മന്ത്രി രാജേഷ് കൈമാറി.

ആത്മാവുള്ള നഗരമാണ് കോഴിക്കോട്. മാനവികതയുടെയും സൗഹാർദ്ധത്തിൻ്റെയും നീതി ബോധത്തിന്‍റെയും സ്വാതന്ത്രാഭിവാഞ്ജയുടെയും നാട്. കോഴിക്കോടിന്‍റെ കല പിറന്നത് ഈ മൂല്യങ്ങളിലൂടെയാണ്.” മന്ത്രി എംബി രാജേഷ് പറഞ്ഞു

കൊൽക്കത്ത പോലുള്ള വൻ സാഹിത്യ പാരമ്പര്യമുള്ള നഗരങ്ങളെ പിന്തള്ളി യുനെ സ്കോ സാഹിത്യപദവി കോഴിക്കോടിന് കിട്ടാൻ കോർപ്പറേഷൻ്റെ ചിട്ടയായ പ്രവർ ത്തനം കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ നേട്ടം സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉതകു ന്ന രീതിയിൽ പ്രാദേശിക തലത്തിലും രാജ്യാന്തര തലത്തിലും വിവിധ പരിപാടികൾ വരും കാലങ്ങളിൽ സംഘടിപ്പിക്കുമെന്ന് മേയർ അറിയിച്ചു.

2 വർഷം വീതം നീളുന്ന 4 ഘട്ടങ്ങളായിട്ടാണ് പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളിൽ ബ്രാൻഡിങ്, സാഹിത്യ സംവാദങ്ങൾ ക്കുള്ള ഇടങ്ങൾ കണ്ടെത്തൽ, സാഹിത്യ പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടൽ വർധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളിൽ സാഹിത്യ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ അടിസ്ഥാന വികസനത്തിനാണ് ഊന്നൽ.

സാഹിത്യ മ്യൂസിയം, വായന തെരുവ്, മലബാർ ലിറ്റററി സർക്യൂട്ട്, കോലായ സംസ്കാരത്തിന്റെ പുനഃസ്ഥാപനം, സ്വതന്ത്ര വായന മൂലകൾ എന്നിവയും നടപ്പാക്കും. സാഹിത്യ മത്സരങ്ങൾ, പുസ്തക കൈമാറ്റ കേന്ദ്രങ്ങൾ, എഴുത്ത് ശിൽപശാലകൾ, സാധാരണക്കാർക്കു പ്രാപ്യമാകുന്ന പുസ്തക മേളകൾ, ഗൃഹ ലൈബ്രറി സന്ദർശനങ്ങൾ, സഞ്ചരിക്കുന്ന പുസ്തക പ്രദർശനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.

ഇനി മുതൽ എല്ലാ വർഷവും ജൂൺ 23 കോഴിക്കോടിന്‍റെ സാഹിത്യനഗര ദിനമായി ആഘോഷിക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച മേയർ ബീന ഫിലിപ്പ് അറിയിച്ചു. അന്ന് ആറ് വിഭാഗങ്ങളിൽ സാഹിത്യപുരസ്കാരം പ്രഖ്യാപിക്കും (സമഗ്ര സംഭാവന, മികച്ച യുവ എഴുത്ത്, മികച്ച സ്ത്രീ എഴുത്ത്, മികച്ച കുട്ടി എഴുത്ത്, മലയാ ളത്തിലേക്കും മലയാളത്തിൽ നിന്നുമുള്ള മികച്ച പരിഭാഷ). അന്നേ ദിവസം സാഹി ത്യോത്സവവും സംഘടിപ്പിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.

സാഹിത്യനഗരി പദവിയുടെ ലോഗോ പ്രകാശനം, വെബ്സൈറ്റ് ഉദ്ഘാടനം എന്നിവ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. ആനക്കുളം സാംസ്കാരിക നിലയം സാഹിത്യനഗരിയുടെ ആസ്ഥാനമായി കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഖ്യാപിച്ചു.

ആനക്കുളം സാംസ്കാരിക നിലയമാണു സാഹിത്യ നഗര കേന്ദ്രമായി മാറുന്നത്. ഇതിനായി ഇവിടെ ആവശ്യമായ നവീകരണം നടത്തി വരികയാണെന്നും ഭാവിയിൽ സാഹിത്യ പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയ വാടകയ്ക്കു ഈ കേന്ദ്രം ലഭ്യമാക്കുമെന്ന് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കവി പി കെ ഗോപി, കില അർബൻ വിഭാഗം ഡയറക്ടർ ഡോ. അജിത് കാളിയത്ത്, എ പ്രദീപ്‌കുമാർ, ടി വി ബാലൻ, ടി പി ദാസൻ, പുരുഷൻ കടലുണ്ടി, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു.


Read Previous

മന്ത്രിക്ക് മാത്രം പരിഹാരം കാണാന്‍ കഴിയില്ല; വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ഗൗരവമായി കാണും: ഒആര്‍ കേളു

Read Next

ഏകദിന ലോകകപ്പില്‍ കൈവിട്ട ജയത്തിന് ‘മധുരപ്രതികാരം’; സൂപ്പര്‍ എട്ടില്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞ് അഫ്‌ഗാനിസ്ഥാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »