ആദ്യ ശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക്; നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കണ്ണൂർ സ്വദേശി ശ്രീനന്ദ്


കണ്ണൂര്‍ : വിവാദങ്ങൾക്കൊടുവിൽ പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷയുടെ അന്തിമ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് നേടിയെടുത്തത് കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമിള്‍. ആദ്യ ശ്രമത്തിൽ തന്നെ ദേശീയ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെടുത്ത സന്തോഷത്തിലാണ് കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ്. 720 ൽ 720 മാർക്കും നേടിയാണ് ശ്രീനന്ദ് ശര്‍മിള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഫുൾ മാർക് നേടി ഒന്നാമത് എത്തിയ നാല് പേരിൽ ഒരാളാണ് ശ്രീനന്ദ്. എന്നാൽ എല്ലാവരെയും കടത്തി വെട്ടി കണ്ണൂരിന്‍റെ പ്രതാപം ഒന്നാമതായി തന്നെ ശർമിള്‍ ഉയർത്തി. ഡോക്‌ടർ ദമ്പതിമാരായ കണ്ണൂർ പൊടിക്കുണ്ട് നന്ദനത്തിലെ ഷർമിള്‍ ഗോപാലിന്‍റെയും പ്രിയ ഷർമിളിന്‍റെയും മകനാണ് ശ്രീനന്ദ്. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ ആയിരുന്നു പത്താംതരം വരെ പഠനം. പ്ലസ് ടു, മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍.

ഇവിടെ തന്നെയായിരുന്നു നീറ്റ് പരീക്ഷ പരിശീലനവും. വൈകിട്ട് ആറ് മുതൽ രാത്രി 12 വരെയാണ് ശ്രീനന്ദ് കാര്യമായ പഠനം നടത്തിയത്. രാവിലെ ഒരു മണിക്കൂർ മാത്രം പഠനം. വായനയെ ഏറെ ഇഷ്‌ടപ്പെടുന്ന ശ്രീനന്ദ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്‌തകങ്ങള്‍ വായിക്കാറുണ്ട്. വീട്ടിൽ വിപുലമായ പുസ്‌തക ശേഖരവുമുണ്ട്.

ഡൽഹി എയിംസിൽ ചേർന്ന് പഠിക്കാനാണ് ശ്രീനന്ദിന്‍റെ ഇനിയുള്ള ആഗ്രഹം. കണ്ണൂർ ആസ്റ്റർ മിംസിൽ നേത്ര രോഗ വിദഗ്‌ധനാണ് അച്ഛൻ ശർമിള്‍ ഗോപാൽ. അമ്മ പ്രിയ തലശ്ശേരി ജനറൽ ആശുപത്രിയിലെ അനസ്തെറ്റിക്‌സും. സഹോദരി ശ്രീതിക കണ്ണൂർ സെന്‍റ് തെരേസാസ് സ്‌കൂളിലെ പത്താംതരം വിദ്യാർഥിനിയാണ്.


Read Previous

എന്റെ ബാ​ഗ് മുഴുവൻ കാശാണ്, ചന്ദ്രനിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്; പരിഹാസവുമായി ധന്യ മോഹൻ

Read Next

‘മിക്‌സഡ് ഫയർ റൈഫിളിൽ ഇന്ത്യക്ക് മെഡൽ ഉറപ്പ്’: മുൻ ഷൂട്ടിങ് കോച്ച് സണ്ണി തോമസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »