നിക്ഷേപ തട്ടിപ്പ് : കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ


തൃശ്ശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ. നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ശ്രീനിവാസനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഇതിൽ 17 കോടിയോളം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് പൊലീസ് നടപടി.

രാഷ്ട്രീയവും സാമൂഹികവുമായി പ്രശസ്തരായ സുന്ദർ മേനോൻ, സി എസ് ശ്രീനി വാസൻ എന്നിവരെ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലും നിക്ഷേപിച്ചത്. എന്നാൽ മുതലോ പലിശയോ നൽകാൻ കമ്പനി തയ്യാറായില്ല. മാരക രോഗം ബാധിച്ചവർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നും നിക്ഷേപകർ പറയുന്നു.


Read Previous

ആ ബാലറ്റുകള്‍ എണ്ണിയാലും നജീബിന് ആറ് വോട്ടിന്‍റെ ഭൂരിപക്ഷം; പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

Read Next

മാളയില്‍ വനിതാ ദന്തഡോക്ടറെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു; കയ്യൊടിഞ്ഞ് ആശുപത്രിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »