
വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് നിലപാട് കടുപ്പിക്കുന്നു. വടകര എസ്പി ഓഫീസിലേക്ക് നടന്ന മാർച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കാഫിർ പ്രയോഗത്തിൽ പോലീസ് കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് കൊടുത്തില്ലെങ്കിൽ പെൻഷൻ വാങ്ങാൻ പോലും കഴിയില്ലെന്ന് മുരളീധരൻ മുന്നറിയിപ്പ് നൽകി.
‘പോലീസ് ഉദ്യോഗസ്ഥരോട് ഒരിക്കൽ കൂടി ഞാൻ പറയുന്നു, പതപ്പിക്കാൻ നിൽക്കണ്ട. ഇനി പതപ്പിക്കാൻ നിന്നാൽ നിങ്ങളാരും പെൻഷൻ വാങ്ങില്ല. ഇനിയിപ്പോൾ ഒന്നര കൊല്ലം കൂടിയല്ലേ ബാക്കിയുള്ളൂ. അത് കഴിഞ്ഞാൽ നിങ്ങൾ സമാധാനം പറയേണ്ടി വരും. യുഡിഎഫ് സർക്കാർ ഈ കേരളത്തിൽ അധികാരത്തിൽ വരുമ്പോൾ പിണറായി സത്തിന് കൂട്ടുനിന്ന എല്ലാവർക്കും കിട്ടും. ഇവിടെ നടക്കുന്നത് പിണറായിസമാണ്’ മുരളീധരൻ ആരോപിച്ചു.
ആ പിണറായിസത്തിന് എതിരായുള്ള വികാരമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാം കണ്ടത്. ഓരോ തവണയും വടകര ലോക്സഭയിൽ ഭൂരിപക്ഷം കുടുന്നതെന്താണ്? പിണറായി ഒന്ന് നേരെയാവട്ടെ എന്ന് കരുതി സഖാക്കളും കുറെ പേർ നമുക്ക് വോട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് പാറയ്ക്കൽ പറഞ്ഞത് എല്ലാ മാർക്സിസ്റ്റുകരേയും ഞാൻ കുറ്റം പറയില്ലെന്ന്’ മുരളീധരൻ പറയുന്നു.
‘കരുവന്നൂര്‍ കേസില്‍ നിന്ന് രക്ഷപ്പെടാനായി ബിജെപിക്ക് കള്ളവോട്ടിന് അവസരം ഒരുക്കി. കേരളത്തില്‍ നിന്ന് ഒരു സംഘിയെ പാര്‍ലമെന്റിലേക്ക് അയച്ചതില്‍ ഒന്നാം പ്രതി പിണറായി വിജയനാണ്. നരേന്ദ്ര മോദി ഉത്തരേന്ത്യയില്‍ നടത്തുന്ന പ്രചരണത്തി ന്റെ പതിപ്പാണ് കാഫിര്‍ പ്രയോഗവും. മോദിയും പിണറായിയും തമ്മില്‍ അന്തര്‍ധാര യുണ്ട്’ മുരളീധരൻ ആരോപിച്ചു.
അതേസമയം, കാഫിര്‍ വിവാദത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും മുന്‍ എംഎല്‍എ കെ കെ ലതികയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണി സ്റ്റ് പാര്‍ട്ടി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എംഎം ഹസൻ ആരോപിച്ചു.
ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ കാഫിര്‍ വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്സ്ആപ് ഗ്രൂപ്പിലാണ്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് മേപ്പാട്ടാണ് ഈ ഗ്രൂപ്പില്‍ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ പോലീസ് ഇയാളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ അറിയിച്ചത്.