
കൊല്ലം: താരസംഘടനയായ എഎംഎംഎ എക്സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമെന്ന് നടന്‍ ഷമ്മി തിലകന്‍. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇത് അനിശ്ചിതത്വം ഉണ്ടാക്കും. നിലവില്‍ എഎംഎംഎ അംഗമല്ലെങ്കിലും, സ്ഥാപക അംഗമെന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കിയെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഈ സംഭവങ്ങള്‍ കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് മനസില്‍ തോന്നു ന്നുണ്ടാകാം. തന്നോട് ചെയ്തതിനോടൊന്നും പ്രതികാര മനോഭാവത്തോടെ കാണുന്നില്ല. അമ്മ പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് താനും. അമ്മ പ്രസിഡന്റിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും’ ഷമ്മി തിലകന്‍ പറഞ്ഞു.
‘ഇനി നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. ഇതൊരു ഉത്തരം മുട്ടലാണ്. അമ്മയുടെ നേതൃനിരയിലേക്ക് വനിതകള്‍ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താനല്ല നോക്കേണ്ടത്. ജാതിയില്‍ കൂടിയ ആളെന്ന ചിന്ത മനസില്‍ വെച്ച് പ്രവര്‍ത്തിച്ചാല്‍ ഇതൊക്കെ സംഭവിക്കും. കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാന്‍ പറ്റില്ല. ഉത്തരം മുട്ടിയുള്ള രാജിയായാണ് തോന്നുന്നത്. അഞ്ഞൂറിലേറെ പേര്‍ അംഗങ്ങളായ സംഘടനയില്‍ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി. സംഘടനയില്‍ പലര്‍ക്കും താന്‍ കഴിഞ്ഞാല്‍ പ്രളയമെന്ന ചിന്തയാണെന്നും’ ഷമ്മി തിലകന്‍ പറഞ്ഞു.