എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നല്‍കിയ പരാതി, ഫയല്‍ മുക്കിയത് ശശിയെന്ന് സംശയം; മുഖ്യമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിയെന്ന് പിവി അന്‍വര്‍


മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നല്‍കിയ പരാതി മുഖ്യമന്ത്രി യുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശി ഒരാഴ്ച മുക്കിയെന്ന് സംശയിക്കുന്നതായി പിവി അന്‍വര്‍ എംഎല്‍എ. ഒരാഴ്ചത്തോളം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഇരുട്ടില്‍ നിര്‍ത്തുകയാണ് പൊളിറ്റക്കല്‍ സെക്രട്ടറി ചെയ്തത്. പി ശശിക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അന്‍വര്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിജിലന്‍സ് അന്വേഷണം വൈകാന്‍ കാരണം ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്താന്‍ വൈകിയതാണ്. എട്ട് ദിവസത്തോളം വൈകിയാണ് ഫയല്‍ എത്തിയത്. അതിന് പിന്നില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ‘ജനങ്ങളുടെ സംശയം ദുരീകരിക്കാന്‍ എന്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറി ഒരു പ്രസ്താവന ഇറക്കിയില്ല. മുഖ്യമന്ത്രിയാണ് കാരണക്കാരനെന്ന നിലയില്‍ സമൂഹം ചര്‍ച്ച ചെയ്യുന്നതിലേക്ക് എത്തിയതില്‍ പൊളിറ്റക്കല്‍ സെക്രട്ടറി വലിയ പങ്കുവഹിച്ചു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഇരുട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതില്‍ പല പൊളിറ്റിക്കല്‍ ടാര്‍ഗറ്റ് ഉണ്ട്’ അന്‍വര്‍ പറഞ്ഞു. പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയതായും പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയാണ് അന്വേഷണം നടത്തേണ്ടതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണവിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അന്‍വര്‍ ആവര്‍ത്തിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണത്തിന് പുറമേ എല്ലാ നിയമങ്ങളും ലംഘിച്ച് അജിത് കുമാറിന്റെ നേതൃത്വത്തില്‍ സമാന്തരമായി മറ്റൊരു അന്വേഷണം നടക്കുന്നുണ്ട്. ആഭ്യന്തരവകുപ്പിന്റെ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന അജിത്തിന്റെ നടപടി ചട്ടലംഘനമാണ്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്തേണ്ട സമയം കഴിഞ്ഞെന്നും അന്‍വര്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.


Read Previous

സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ് : സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ പോസ്റ്റർ പ്രകാശനം ചെയ്തു.

Read Next

കള്ളനെ പിടിക്കാന്‍ കള്ളനെ എങ്ങനെയാണ് നിയമിക്കുന്നത്?; അന്വേഷണം അടുത്ത പൂരം വരെ പോകരുത്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »