
പാലക്കാട്: മാധ്യമ പ്രവർത്തകർക്കെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസിന്‍റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി സിപി ഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശക്തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എൻ എൻ കൃഷ്ണദാസിന്‍റെ പരാമർശം സിപഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു തള്ളി. കൃഷ്ണദാസിന്റേത് പാർട്ടിയുടെ നിലപാട ല്ലെന്നായിരുന്നു സുരേഷ് ബാബുവിൻറെ പ്രതികരണം. കൃഷ്ണദാസിൻ്റെ വിമർശനത്തിന് ഇടയാക്കിയത് മാധ്യമങ്ങളാണെന്നും മാധ്യമങ്ങളോട് പാർട്ടിക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷര കേരളത്തിന് നിരക്കാത്ത രീതിയിൽ എൻ എൻ കൃഷ്ണദാസ് നടത്തിയ നില വാരം കുറഞ്ഞ പ്രസ്താവനയിലും പെരുമാറ്റത്തിലും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് എൻ എൻ കൃഷ്ണ ദാസ് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. സിപിഐഎം വിടുകയാണെന്ന് പറഞ്ഞ അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് കൺവെൻഷനിൽ കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.