
കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തനിക്കു തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ വിജയന് പൊലീസിന് മൊഴി നല്കി. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34-ാം പേജിലാണ് കലക്ടറുടെ വിവാദമായേക്കാവുന്ന മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയ തായുള്ള സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളി.
കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്കിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന് കെ വിശ്വന് ആണ് ഉന്നയിച്ചത്. യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും കലക്ടര്‍ മറുപടി നല്‍കിയിരുന്നില്ല. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു കലക്ടര്‍ തന്നെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലോ കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി ഗീത നല്കിയ റിപ്പോര്‍ട്ടിലോ പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്.
14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
ദിവ്യയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ടുള്ളതാണെന്നും ദിവ്യ യുടെ പ്രവൃത്തി പ്രത്യാഘാതം മനസ്സിലാക്കി തന്നെയാണെന്നും ജാമ്യം നല്കിയാല് അത് തെറ്റായ സന്ദേശമാകുമെന്നും 38 പേജുള്ള വിധിന്യായത്തില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.
എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടെ പ്രസംഗം എഡിഎമ്മിനെ അപമാനിക്കാനായി ഉദ്ദേശിച്ചിട്ടുള്ളതാണ്. നവീന്‍ബാബുവിനെ വ്യക്തിഹത്യ നടത്തുക, മാനഹാനി ഉണ്ടാക്കുക ലക്ഷ്യമിട്ട് കരുതിക്കൂട്ടിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ വന്നത്. ഇതിനായി പ്രാദേശിക ചാനല്‍ കാമറാമാനെയും കൂട്ടിയാണ് യോഗത്തിനെത്തിയത്. പ്രാദേശിക ചാനലിനെ വിളിച്ച് ഷൂട്ടു ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ടു വന്നതാണെന്നതിന് തെളിവാണെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു.
യാത്രയയപ്പിന് ദിവ്യ എത്തിയത് ക്ഷണിക്കാതെയാണെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തില്‍ പരിഹസിക്കാ നാണ് ശ്രമിച്ചത്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നവീന്‍ബാബു അപമാനിതനായി. അഴിമതിയെക്കുറിച്ച് അറിവു ലഭിച്ചെങ്കില്‍ പൊലീസിനെയോ വിജിലന്‍സിനെയോ ആണ് അറിയിക്കേണ്ടിയിരുന്നത്. പി പി ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാം. മുന്‍കൂര്‍ ജാമ്യം നല്കിയാല് അത് തെറ്റായ സന്ദേശമാകുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.