
തൃശൂർ: തൃശൂർ എംപി സുരേഷ് ഗോപിയെ പ്രശംസിച്ച് തൃശൂർ മേയർ എം കെ വർഗീസ്. തന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്ന ആളാണ് സുരേഷ് ഗോപി എന്നാണ് അദ്ദേഹം പറഞ്ഞത്. ശക്തൻ തമ്പുരാൻ മാർക്കറ്റിലെ ശുചിമുറി ബ്ലോക്കിന്റെയും കിണർ പുനരുദ്ധാരണത്തിൻറെയും സമർപ്പണ ചടങ്ങിൽ വച്ചാണ് മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചത്.
ഒരു കോടി രൂപ എംപി ഫണ്ട് ചെലവ് ചെയ്‌താണ് ബ്ലോക്ക് നിർമ്മാണം പൂർത്തീകരി ച്ചത്. എന്റെ ആവശ്യം മാനിച്ചാണ് ഒരു കോടി രൂപ തന്നത്. എൻ്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുന്ന ആളാണ് സുരേഷ്ഗോപി. പച്ചക്കറി മാർക്കിറ്റിന്റെ കൂടി നവീകരണത്തിന് അദ്ദേഹത്തിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. എന്റെ ആവശ്യങ്ങൾക്ക് സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്.- എന്നാണ് മേയർ പറഞ്ഞത്.
ഇത് ആദ്യമായിട്ടല്ല സുരേഷ് ഗോപിയെ പ്രശംസിച്ചുകൊണ്ട് തൃശൂർ മേയർ രംഗത്തെ ത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് മേയർ – സുരേഷ് ഗോപി ബന്ധം സിപി ഐയെ ചൊടിപ്പിച്ചിരുന്നു. സ്ഥാനാർഥി വി എസ് സുനിൽകുമാർ അടക്കം സിപിഐ ജില്ലാ സെക്രട്ടറി ഉൾപ്പെടുന്നവർ മേയറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി യിരുന്നു. എങ്കിലും സിപിഎം വഴങ്ങിയില്ല. മേയറുടെ പിൻതുണയോടെയാണ് കേവല ഭൂരിപക്ഷമില്ലാത്ത എൽഡിഎഫ് കൗൺസിൽ തൃശൂർ കോർപ്പറേഷൻ ഭരിക്കുന്നത്.