നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് ദിവ്യ, എതിര്‍ത്ത് പ്രോസിക്യൂഷന്‍, ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും; ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച


കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടു വിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

പ്രശാന്തന്‍ കൈക്കൂലി നല്‍കിയതായി ഉത്തരവില്‍ പറയുന്നു. ദിവ്യയുടെ ആരോ പണങ്ങള്‍ ശരിവക്കുന്നതാണിത്. ഇരുവരും നേരിട്ട് സംസാരിച്ചതിന് തെളിവുണ്ട്. ഇരുവരും സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും ദിവ്യയുടെ അഭിഭാഷകന്‍ കൈമാറി. ആദ്യം എഡിഎമ്മാണ് പ്രശാന്തനെ വിളിച്ചത്. എന്തിനാണ് എഡിഎം നവീന്‍ബാബു പ്രശാന്തനെ വിളിച്ചത്. ഇതല്ലാതെ ഇരുവരും തമ്മില്‍ മറ്റെന്ത് ഇടപാടാണ് ഉള്ളത്?. പെട്രോള്‍ പമ്പില്‍ ബിനാമി ഇടപാടുണ്ടെങ്കില്‍ അതും അന്വേഷിക്കട്ടെയെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.

യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ല. ചില മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കൊടുക്കുകയാണ് ചെയ്തത്. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിടണ മെന്ന ലക്ഷ്യം ദിവ്യക്കില്ലായിരുന്നു. ആ വേദിയില്‍ അങ്ങനെ സംസാരിക്കേണ്ടായി രുന്നു എന്ന് സമ്മതിക്കുന്നു. എന്നാല്‍ ഉദ്ദേശമില്ലാതെ ചെയ്താല്‍ കുറ്റമാകുമോ?. പ്രശാ ന്തനും ഗംഗാധരനും ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് മാത്രമേ നല്‍കാനാകൂവെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. ദിവ്യയുടെ മകളുടെ വിദ്യാഭ്യാസം, അച്ഛന്റെ ആരോഗ്യപ്രശ്‌നം എന്നിവയും പരിഗണിക്കണമെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ദിവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ പി പി ദിവ്യ സാക്ഷികളെ സ്വാധീനിക്കും. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപ ണത്തില്‍ തെളിവില്ല. ഫോണ്‍ രേഖകള്‍ കൈക്കൂലിക്ക് തെളിവല്ല. 19-ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചയാളാണ്. ഇതുവരെ അഴിമതി ആരോപണങ്ങളും ഉണ്ടായിട്ടില്ല. സത്യസന്ധനും സംശുദ്ധനുമായ ഓഫീസറാണ് നവീന്‍ബാബു. സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ചട്ടലംഘനം നടത്തിയതി നാണ്. പെട്രോള്‍ പമ്പിനുള്ള നിരാക്ഷേപ പത്രം എഡിഎം നവീന്‍ബാബു വൈകിച്ചി ട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കാതെ ഒളിവില്‍ പോയ ആളാണ് പി പി ദിവ്യയെന്ന് നവീന്‍ബാബുവിന്‍രെ കുടുംബം കോടതിയില്‍ ചൂണ്ടിക്കാട്ടി. രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ദിവ്യ ഹാജരായില്ല. കലക്ടര്‍ അരുണ്‍ കെ വിജയന്‍ നവീന്‍ബാബുവുമായി സൗഹൃദമുള്ള ആളല്ല. കലക്ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റ്. കലക്ടര്‍ അവധിപോലും നല്‍കാത്ത ആള്‍. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരെങ്കിലും കുറ്റസമ്മതം നടത്തുമോ?. കലക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. കൈക്കൂലി കൊടുത്തെങ്കില്‍ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയില്ല എന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു.


Read Previous

വയനാട് പുനരധിവാസത്തിന് തിരിച്ചടി; ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കാനുളള നീക്കം ഹൈക്കോടതി തടഞ്ഞു

Read Next

വോട്ടെടുപ്പ് കഴിയും വരെ പ്രിയങ്ക വയനാട്ടില്‍; ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളെത്തില്ല; ഇടതു പ്രചാരണം നയിക്കാന്‍ പിണറായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »