വോട്ടെടുപ്പ് കഴിയും വരെ പ്രിയങ്ക വയനാട്ടില്‍; ബിജെപി പ്രചാരണത്തിന് കേന്ദ്ര നേതാക്കളെത്തില്ല; ഇടതു പ്രചാരണം നയിക്കാന്‍ പിണറായി


വയനാട്: ഉപതെരഞ്ഞെടുപ്പ് ആരവത്തിൽ വയനാട്. പ്രിയങ്ക ഗാന്ധി വദ്ര തെരഞ്ഞെ ടുപ്പ് കളരിയില്‍ തന്‍റെ കന്നിയങ്കത്തിനിറങ്ങുന്നത് തന്നെയാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തി ലേറെ യായി അമ്മയ്ക്കും സഹോദരനുമടക്കം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക തനിക്ക് വേണ്ടിത്തന്നെ വോട്ട് പിടിക്കാനിറങ്ങുന്നത് ഇതാദ്യമായാണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 23ന് അമ്മയ്ക്കും സഹോദരനും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമൊപ്പം എത്തിയ പ്രിയങ്ക വന്‍ റോഡ് ഷോയ്ക്ക് പിറകെയാണ് കലക്‌ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. ഒക്ടോബര്‍ 28ന് വീണ്ടും വയനാട്ടിലെത്തിയ പ്രിയങ്ക രണ്ടാം ഘട്ടത്തില്‍ രണ്ട് ദിവസം മണ്ഡലത്തില്‍ തങ്ങിയിരുന്നു.

ദീപാവലി ആഘോഷങ്ങള്‍ക്കായി മടങ്ങിയ ശേഷം മൂന്നാം വട്ടം വീണ്ടുമെത്തിയ പ്രിയങ്ക ഗാന്ധിയുടെ നാല് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കാണ് പാര്‍ട്ടി അന്തിമ രൂപം നല്‍കിയിരിക്കുന്നത്. പൊതു യോഗങ്ങളും റോഡ് ഷോകളും ഒരുക്കി പ്രിയങ്കയെ വയനാട്ടിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമി ക്കുന്നത്. എന്നാല്‍ പ്രചാരണം സമാപിക്കുന്ന നവംബര്‍ 12 വരെ പ്രിയങ്കയെ വയനാട്ടില്‍ തന്നെ പ്രചാരണ രംഗത്ത് സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

“പ്രചാരണം തീരുന്നത് വരെ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തുടരാനുള്ള സാധ്യതകളുണ്ട്. പക്ഷേ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാന മെടുക്കേണ്ടത്. രാജ്യത്തെ മറ്റിടങ്ങളിലെ പ്രചാരണ ഷെഡ്യൂളുകള്‍ കൂടി പരിഗണി ച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.” കേരളത്തിന്‍റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി പറഞ്ഞു.

13ന് വോട്ടെടുപ്പ് നടക്കുന്ന വയനാട്ടില്‍ സ്ഥാനാര്‍ഥിയെ പരമാവധി ജനങ്ങളിലേ ക്കെത്തിക്കുകയെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലും കോണ്‍ഗ്രസിന്‍റെ താര പ്രചാരക എന്ന നിലയിലും നവംബര്‍ 13ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ മണ്ഡലങ്ങളില്‍ പ്രിയങ്കയ്ക്ക് പ്രചാരണത്തിന് എത്തേണ്ടതുണ്ട്. എന്നാല്‍ വയനാട്ടില്‍ തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ ജാര്‍ഖണ്ഡിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിനെത്തില്ല. നവംബര്‍ 12ന് ശേഷം മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക സജീവമായുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

2019ലും 2024ലും രാഹുല്‍ ഗാന്ധി വിജയിച്ച വയനാട്ടില്‍ പ്രിയങ്കയ്ക്ക് 5 ലക്ഷമെങ്കിലും ഭൂരിപക്ഷം നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് എഐസിസിക്കുള്ളത്. 2019ല്‍ 4.32 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ രാഹുലിന്‍റെ ഭൂരിപക്ഷം കഴിഞ്ഞ തവണ 3.64 ലക്ഷത്തിലെത്തിയത് കോണ്‍ഗ്രസിനുള്ള അപായ സൂചനയാണെന്ന് ഇടതുമുന്നണിയും ബിജെപിയും ചൂണ്ടിക്കാട്ടുന്നു.

മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്ത എംപിമാര്‍ വയനാട്ടിന് എന്തിനെന്ന ചോദ്യമാണ് എതിരാളികള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കയ്‌ക്കെതിരെ പ്രധാനമായും ഉയര്‍ത്തുന്നത്. നിര്‍ണായക ഘട്ടത്തില്‍ മണ്ഡലത്തെ ഉപേക്ഷിച്ച് പോയെന്ന പഴിയും എതിരാളികള്‍ ഗാന്ധി കുടുംബത്തിന് മേല്‍ ചൊരിയുന്നു.

വോട്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന എംപി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മത്സരരംഗത്തുള്ള എതിരാളികള്‍ പ്രിയങ്കയെ നേരിടുന്നത്. മുമ്പ് എംപിയായിരുന്ന രാഹുല്‍ ഗാന്ധി വയനാടിന്‍റെ പ്രശ്‌നങ്ങള്‍ക്ക് എന്ത് പരിഹാരം ഉണ്ടാക്കിയെന്ന ചോദ്യവും എതിരാളികള്‍ ഉയര്‍ത്തുന്നു. രാത്രി യാത്രാ നിരോധനം, നഞ്ചന്‍കോട് – നിലമ്പൂര്‍ റെയില്‍വേ ലൈന്‍, വന്യമൃഗശല്യം നേരിടുന്നതിന് വനം വന്യജീവി നിയമത്തിലെ 72ാം വകുപ്പ് ഭേദഗതി ചെയ്യല്‍ എന്നിവയില്‍ രാഹുല്‍ ചെറുവിരല്‍ അനക്കിയില്ലെന്നാണ് ആരോപണം.

ഇതിനൊക്കെപ്പുറമേ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതാണെന്ന ആക്ഷേപവും കുടുംബാധിപത്യത്തിന് ശ്രമമെന്ന പഴിയും ഇതിനെയൊക്കെ മറികടക്കാന്‍ പ്രിയങ്കയെ പരമാവധി മണ്ഡലത്തില്‍ സജീവമാക്കി നിര്‍ത്തുകയെന്ന പോംവഴിയാണ് വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശിക്കുന്നത്. അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പ് എന്ന ആരോപണത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ മറു ചോദ്യം ഉയര്‍ത്തിയാണ് പ്രതിരോധം തീര്‍ക്കുന്നത്. ചേലക്കരയിലെ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന കെ രാധാകൃ ഷ്‌ണനെ രാജിവെപ്പിച്ച് ആലത്തൂരില്‍ മത്സരിപ്പിച്ച് ലോക സഭയിലേക്കയച്ചത് എന്തിനെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

56 ശതമാനം ന്യൂനപക്ഷ വോട്ടുകളുള്ള മണ്ഡലത്തില്‍ 43 ശതമാനം വോട്ടര്‍മാരുള്ള മുസ്‌ലിം സമുദായമാണ് പ്രബല ശക്തി. ഇതില്‍ വലിയൊരു വിഭാഗം വോട്ടര്‍മാരും പ്രിയങ്കയെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് നേതൃത്വം കണക്കുക്കൂട്ടുന്നു. 13 ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടര്‍മാരും കാലാകാലമായി കോണ്‍ഗ്രസിനെ പിന്തുണച്ചു പോരുന്നവരാണ്. സമീപ കാലത്തെ വഖഫ് ഭൂമി പ്രശ്‌നമടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്ത്യന്‍ സമുദായം മാറിച്ചിന്തിക്കാന്‍ ഇടയുണ്ടെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.

കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന ആദിവാസി ദളിത് വോട്ടുകളില്‍ വലിയൊരു പങ്ക് ആറുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ത്തന്നെ തങ്ങള്‍ക്ക് നേടാനായിട്ടുണ്ടെന്നും അത് ഈ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നും ബിജെപി നേതാക്കള്‍ അവ കാശപ്പെടുന്നു. അതേസമയം പ്രിയങ്കാ തരംഗമൊന്നും വയനാട്ടില്‍ ഏശാന്‍ പോകുന്നില്ലെന്നും രാഹുലിന്‍റെ രംഗപ്രവേശത്തിന് മുമ്പുള്ള 2014ലെ തെരഞ്ഞെടുപ്പ് സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്നും സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറയുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യ മന്ത്രിമാര്‍ എന്നിവരൊക്കെ വരും ദിവസങ്ങളില്‍ വയനാട്ടില്‍ പ്രചാരണത്തിനെത്തും. എംപിംമാരുടെ ഒരു നിരതന്നെയാണ് വയനാട്ടിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഇടതുമുന്നണിയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം ആനി രാജ എന്നിവരൊക്കെ വയനാട്ടില്‍ പ്രചാരണത്തിനെത്തിക്കഴിഞ്ഞു. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. മുഖ്യമന്ത്രി യുടെ റോഡ് ഷോയും ആലോചിക്കുന്നുണ്ട്. സിപിഐ രാജ്യസഭാ എംപി പി സന്തോഷ്‌ കുമാറാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ബിജെപിയിലാകട്ടെ സംസ്ഥാന നേതാക്കളാണ് വയനാട്ടിലും പ്രചാരണത്തിന് നേതൃ ത്വം നല്‍കുന്നത്. “ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ദേശീയ നേതാക്കള്‍ പ്രചാരണം നടത്തുന്ന പതിവ് ബിജെപിയിലില്ല. സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായി വയനാട്ടില്‍ പ്രചാരണ ത്തിനുണ്ട്. സംസ്ഥാനത്ത് നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനുണ്ട്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ഥിയെ മുന്‍ നിര്‍ത്തി വികസനം പറഞ്ഞാണ് ബിജെപി വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. കാര്യവിവരമുള്ള വോട്ടര്‍മാര്‍ ഗൗരവം ഉള്‍ക്കൊണ്ട് ബിജെപിക്കനുകൂലമായി ചിന്തി ക്കും” എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.


Read Previous

നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് ദിവ്യ, എതിര്‍ത്ത് പ്രോസിക്യൂഷന്‍, ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും; ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

Read Next

കേന്ദ്രം അനുമതി നല്‍കിയാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »