
പാലക്കാട്: മന്ത്രി എം.ബി.രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ സി.പി.എം നേതാവും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം നടന്ന പാതിരാ നാടകത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. മന്ത്രി യാണ് പൊലീസിനെ വിളിച്ചത്. പല സി.പി.എം നേതാക്കളും അറിയാതെയാണ് മന്ത്രി ഇത് ചെയ്തത്. പൊലീസിന്റെ കൈയിലുള്ള സി.സി ടിവി ദൃശ്യങ്ങൾ സി.പി.എം എങ്ങനെയാണ് പുറത്തുവിട്ടത്? ദൃശ്യങ്ങൾ പൊലീസിന്റെ കൈയിൽ ഇരിക്കുമ്പോ ഴാണ് താൻ അത് കണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞത്. അയാളാണോ പാലക്കാട് എസ്.പി?
എം.വി.ഗോവിന്ദൻ ക്ലിഫ് ഹൗസിൽ പോയി പിണറായി വിജയനെ നുണ പരിശോധന യ്ക്ക് വിധേയനാക്കിയാൽ മുഴുവൻ അഴിമതികളും പുറത്തുവരും. എന്നെ പാലക്കാട് കയറ്റാതിരിക്കാൻ പിണറായി വിജയൻ വിചാരിച്ചാൽ നടക്കില്ല, പിന്നെയല്ലേ ജില്ലാ സെക്രട്ടറിയെന്ന ഓലപ്പാമ്പ്. സതീശൻ പറഞ്ഞു.
കോൺഗ്രസ് നാടകം പൊളിഞ്ഞു: മന്ത്രി രാജേഷ്പൊലീസ് പരിശോധനയുടെ പേരിൽ കോൺഗ്രസ് നടത്തിയ നാടകം പൊളിഞ്ഞെന്ന് മന്ത്രി എം.ബി.രാജേഷ്. പൊലീസ് കള്ളപ്പണത്തിന്റെ തൊട്ടടുത്തെത്തിയിരുന്നു. നാരോ എസ്‌കേപ് ആണ് ഉണ്ടായത്. സംഘർഷമുണ്ടാക്കി പണം സ്ഥലത്തുനിന്ന് മാറ്റി. തനിക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ ഭീഷണി വിലപ്പോവില്ല. വെറുതെ വിടില്ലെന്ന് പറഞ്ഞാൽ സതീശേട്ടാ മാപ്പ് ആക്കണമെന്ന് പറയില്ല.
പ്രതിപക്ഷ നേതാവിന് വൈരനിര്യാതന ബുദ്ധിയാണ്. സതീശന്റെ ഭാഷ രാഷ്ട്രീയ നേതാവിന്റേതാണോ ഗുണ്ടയുടേതാണോയെന്ന് ജനം വിലയിരുത്തട്ടെ. പരിശോധ നയ്‌ക്കെതിരെ നടന്ന അസാധാരണമായ എതിർപ്പിന്റെ കാരണം എന്തായിരുന്നു? സംഘർഷത്തിന്റെ മറവിൽ പണം മാറ്റി. കള്ളപ്പണം കൈകാര്യം ചെയ്യുന്നവർ സ്മാർട്ട് ആയിരുന്നു എന്നാണ് അനുമാനിക്കേണ്ടതെന്നും രാജേഷ് പറഞ്ഞു.