ബാലേട്ടന്‍ നല്ല മനുഷ്യന്‍, എല്ലാവരെ കുറിച്ചും നല്ലതേ പറയൂ; കോണ്‍ഗ്രസ് കഴുത്തിലിടുന്നത് വര്‍ഗീയതയുടെ കാളിയനെ’


പാലക്കാട്: സന്ദീപ് വാര്യരെ സിപിഎമ്മില്‍ എടുക്കുന്ന കാര്യത്തില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ചയും ഒരു ഘട്ടത്തിലും നടന്നിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്. വര്‍ഗീയതയുടെ കാര്യത്തില്‍ ആ നിലപാട് തള്ളിപ്പറയാതെ ഒന്നും നടക്കില്ല. അമ്മയുമായി ബന്ധപ്പെട്ടും മറ്റും ബിജെപി നേതൃത്വ ത്തിനെതിരെ സന്ദീപ് വാര്യര്‍ പറഞ്ഞ വൈകാരിക കാര്യങ്ങളില്‍ എ കെ ബാലന്‍ ആശ്വാസ വാക്ക് പറഞ്ഞു എന്നുമാത്രം. എ കെ ബാലന്‍ നല്ല മനുഷ്യനാണ്. എല്ലാവ രെയും കുറിച്ച് നല്ലത് മാത്രമേ പറയൂ. അതിനപ്പുറം രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ലെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ ഇട്ട് അലങ്കാരമാക്കി നടക്കാന്‍ കോണ്‍ഗ്രസിനെ പറ്റൂ. ഇത്തരത്തിലുള്ള ഒരാളെ പാര്‍ട്ടിയില്‍ എടുക്കുന്നത് ചിന്തിച്ചിട്ട് പോലുമില്ല. കോണ്‍ ഗ്രസിലെ മതനിരപേക്ഷവാദികള്‍ക്കും ലീഗിലെ നേതാക്കള്‍ക്കും കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യര്‍? ജനങ്ങളോട് സമാധാനം പറയേണ്ടി വരില്ലേ. ബിജെ പിക്ക് വേണ്ടി കെ മുരളീധരനെ കാലുവാരിയവരാണ് അവര്‍. കെ മുരളീധരനെ കാലുവാരി തോല്‍പ്പിച്ചവരാണ് ഇപ്പോള്‍ ഏറ്റവും വലിയ വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയില്‍ എടുത്തിട്ടുള്ളത്.

വര്‍ഗീയതയെ പരസ്യമായി തള്ളിപ്പറയണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഈ നിലപാട് ഞങ്ങളോട് പറഞ്ഞിട്ടില്ല. കശ്മീരിലുള്ള ആളുകളെ മുഴുവന്‍ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടണമെന്ന പ്രസ്താവന ഓര്‍ക്കുന്നില്ലേ? അതെല്ലാം അന്തരീക്ഷത്തില്‍ നില്‍ ക്കുകയാണ്. രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണ് എന്ന പ്രസ്താവനയും നിലനില്‍ക്കുക യാണ്. വിദ്വേഷ പ്രസ്താവനയ്ക്ക് ഒരു പുരസ്‌കാരം ലഭിച്ചാല്‍ ശശികല ടീച്ചറെ പോലും രണ്ടാമതാക്കും. അങ്ങനെയുള്ള ഒരാളെയാണ് കൊണ്ടുനടക്കുന്നത്. പച്ചക്കൊടി കണ്ടതിന്റെ പേരില്‍ പ്രസംഗിക്കാതെ പോയ പ്രിയങ്ക ഗാന്ധിയുടെ പാര്‍ട്ടിയില്‍ ചേരാന്‍ പറ്റിയ ആളാണ് സന്ദീപ് വാര്യര്‍. നല്ല അലങ്കാരമായിരിക്കും’- എം ബി രാജേഷ് പറഞ്ഞു.

നാളെ സന്ദീപ് വാര്യര്‍ നല്ലമനുഷ്യന്‍ ആകുമെന്ന അര്‍ത്ഥത്തിലാണ് എ കെ ബാലന്‍ അങ്ങനെ പറഞ്ഞത്. വിദ്വേഷ പ്രചരണം നടത്തിയയാളെ ഞങ്ങള്‍ എടുത്തില്ലല്ലോ, എടുത്തവരോട് ചോദിക്കൂ. സന്ദീപ് വാര്യര്‍ വെറും ബിജെപിയല്ല, ആര്‍എസ്എസ് ആണ്. കുട്ടിക്കാലം മുതല്‍ ശാഖയില്‍ നിന്ന് പഠിച്ച് വന്നയാളാണ്. ഇത്രയും വിദ്വേഷ പ്രചാരം നടത്തിയയാളെ തലയില്‍ ചുമന്ന് കൊണ്ടുനടക്കുന്നവരെ വെളുപ്പിക്കാനാണോ ഇറങ്ങിയിരിക്കുന്നത്. നിങ്ങള്‍ വിചാരിച്ചാല്‍ വെളുപ്പിക്കാന്‍ പറ്റില്ല.’- എം ബി രാജേഷ് പരിഹസിച്ചു.


Read Previous

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ’; ആശംസിച്ച് കെ സുരേന്ദ്രന്‍

Read Next

വനിതാ മെസ്സിലെ കഥാപാത്രങ്ങളായി ആടിത്തീർക്കുമ്പോൾ അവസാന വേഷമെന്ന് അറിഞ്ഞില്ല, കാണികളെ ആര്‍ത്തു ചിരിപ്പിച്ച് അവര്‍ ചുരമിറങ്ങി, അഞ്ജലിയും ജെസിയും ഇരുന്നത് മുൻസീറ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »