മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവാ സംഘം തന്നെ; 14 പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയെന്ന് പൊലീസ്


ആലപ്പുഴ: കൊച്ചി കുണ്ടന്നൂരില്‍ നിന്നും പിടികൂടിയത് കുറുവ സംഘാംഗമായ സന്തോഷ് ശെല്‍വത്തെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയത് സന്തോഷ് ഉള്‍പ്പെട്ട കുറുവ സംഘമാണ്. സന്തോഷിന്റെ നെഞ്ചിലെ പച്ചകുത്തല്‍ സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞത് നിര്‍ണായകമായതായി ആലപ്പുഴ ഡിവൈഎസ്പി മധുബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തമിഴ്‌നാട് കാമാക്ഷിപുരത്തു നിന്നും സന്തോഷ് ഉള്‍പ്പെടെ കുറുവ സംഘത്തിലെ 14 പേര്‍ കേരളത്തില്‍ മോഷണത്തിന് എത്തിയതായിട്ടാണ് വിവരം. ഇവര്‍ സംസ്ഥാനത്തെ പലയിടങ്ങളിലായി തമ്പടിച്ചിരിക്കുകയാണ്. സന്തോഷിനൊപ്പം പിടികൂടിയ തമിഴ്‌നാട് സ്വദേശി മണികണ്ഠന്‍ കവര്‍ച്ചാ സംഘത്തില്‍പ്പെട്ടയാളാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ ട്രിച്ചി സ്വദേശിയാണ്. ഇയാളെപ്പറ്റി വിശദമായി അന്വേഷിച്ചു വരികയാണ്.

മുഖംമൂടി അര്‍ധനഗ്നരായി എത്തുന്ന രണ്ടുപേരെയാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയതാണ് ആലപ്പുഴ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സന്തോഷ് ശെല്‍വത്തിലേക്ക് എത്തിയതെന്നും ഡിവൈഎസ്പി പറഞ്ഞു. ക്രുണ്ടന്നൂര്‍ പാലത്തിന് താഴെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുംം വഴിത്തിരിവായി. കുറുവ സംഘത്തിനകത്തുള്ള സ്പര്‍ധയും പ്രതിയെ പിടികൂടുന്നതില്‍ സഹായകമായി.

സന്തോഷിനെതിരേ തമിഴ്‌നാട്ടില്‍ 18 കേസും കേരളത്തില്‍ എട്ട് കേസുമുണ്ട്. 30 ഓളം കേസുകളിലെ പ്രതിയാണ് താനെന്നാണ് അറസ്റ്റിലായ സന്തോഷ് അവകാശപ്പെടുന്നത്. മോഷണത്തില്‍ സ്ത്രീകളുടെ പങ്ക് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കുണ്ടന്നൂരില്‍ കഴിയുന്ന സന്തോഷ് രാവിലെ ട്രെയിനില്‍ ആലപ്പുഴയിലെത്തി വീടുകള്‍ കണ്ടെത്തി മോഷണത്തിന് പദ്ധതിയിടുന്നതാണ് രീതി. ഈ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കില്ല. തുടര്‍ന്ന് രാത്രിയെത്തി മോഷണം നടത്തുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.

രണ്ടാഴ്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുള ത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീട്ടുകാര്‍ ആരും പ്രതികളില്‍ ആരെയും കണ്ടിരുന്നില്ല. അതിനാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടക്കത്തിൽ വെല്ലുവിളിയായിരുന്നു. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂ‍ർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നാണ് സാഹസികമായി പിടികൂടിയത്.


Read Previous

കൊല്ലാന്‍ പോലും മടിയില്ല!, കൈയില്‍ ഇരുമ്പുകമ്പി, തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരി; ആരാണ് കുറുവ സംഘം?

Read Next

മണിപ്പൂരില്‍ ഭീഷണിയുമായി മെയ്‌തേയ് സംഘടന; ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം: സാഹചര്യം വിലയിരുത്തി കേന്ദ്രം, മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി അമിത് ഷാ ഡല്‍ഹിക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »