വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് രാഹുലിൻറെ ഭൂരിപക്ഷം നിലനിർത്താനാകുമോ? മുൾമുനയിൽ മുന്നണികൾ


വയനാട്: ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ ആശങ്ക യിലാണ് പ്രധാന മുന്നണികള്‍. നവംബർ 13-നു നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞതാണ് മുന്നണികളെ മുള്‍മുനയിൽ നിർത്തുന്നത്. 64.71 ശതമാനം ആയിരുന്നു ഇക്കുറി പോളിങ്. ഏപ്രിലിൽ 73.57 ശതമാനം പോളിങ്ങുണ്ടായ സ്ഥാനത്താണിത്. പോളിങ്ങിലെ കുറവ് തങ്ങളുടെ രാഷ്ട്രീയവോട്ടുകളെ ബാധിച്ചില്ലെന്നും എതിരാളികൾക്കാണ് ക്ഷീണമുണ്ടാക്കുകയുമെന്ന പ്രചാരണത്തിലാണ് മുന്നണികൾ.

ഇതിൽ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് യുഡിഎഫ് ആണ്. രാഹുൽ ഗാന്ധി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച സീറ്റ് നിലനിർത്തുന്നതിനോടൊപ്പം ഭൂരിപക്ഷം കൂടി നിലനിർത്തുക എന്ന വലിയ ഒരു കടമ്പ യുഡിഎഫിന് മുന്‍പിലുണ്ട്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ കന്നിയങ്കമെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ അഞ്ചുലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു യുഡിഎഫ് പറഞ്ഞിരുന്നത്. എന്നാൽ പോളിങ് കുറഞ്ഞതോടെ ഭൂരിപക്ഷം സംബന്ധിച്ച് അവകാശവാദങ്ങളൊന്നും നിലവിൽ നേതാക്കന്മാർ ഉന്നയിക്കുന്നില്ല.

എന്നിരുന്നാലും അവസാന ഘട്ടത്തിൽ നാലുലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ 20 ശതമാനത്തോളം വോട്ടുകൾ മാത്രമാണ് ചെയ്യാതിരുന്നതെന്നും ഇടതു വോട്ടിലാണ് വലിയ ഇടിവുണ്ടായതെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. പ്രിയങ്കാ ഗാന്ധി വോട്ടെണൽ ദിവസം വയനാട്ടിലുണ്ടാവില്ല. 25 ന് പാർലമെന്‍റ് സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞയ്ക്കു ശേഷം മണ്ഡലത്തിൽ എംപിയായി പ്രിയങ്കാ ഗാന്ധിയെത്തുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

ഏഴു മാസം കൊണ്ട് രണ്ടു തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിലെ ജനങ്ങളുടെ നിസംഗതയാണ് പോളിങ് ശതമാനം കുറയ്ക്കാൻ ഇടയായതെന്ന് യുഡിഎഫിനു നേരേ ആരോപണമുന്നയിക്കുകയാണ് എൽഡിഎഫ്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളി ലുടനീളം വലിയ സജീവത ഇടതുക്യാമ്പിൽ ഉണ്ടായിരുന്നില്ല. പരമ്പരാഗത ഇടതു വോട്ടുകളിൽ വലിയ ശതമാനം രേഖപ്പെടുത്തിയില്ലെന്നാണ് വിലയിരുത്തൽ. രണ്ടു ലക്ഷം മുതൽ രണ്ടേകാൽ ലക്ഷം വരെയാണ് വോട്ടു പ്രതീക്ഷ. രാഷ്ട്രീയ വോട്ടിന്‍റെ കൃത്യമായ കണക്കെടുക്കൽ കൂടിയാണ് ഇക്കുറി ഇടത് ക്യാമ്പ് ലക്ഷ്യമിടുന്നത്. സ്ഥാനാർഥി സത്യൻ മൊകേരി വോട്ടെണൽ ദിവസം വയനാട്ടിലുണ്ടാകും.‌

വോട്ടു ശതമാനത്തിൽ ഏറെ പിന്നിൽ പോകില്ലെന്നാണ് എൻഡിഎ ക്യാമ്പിന്‍റെ ആത്മവിശ്വാസം. പരമ്പരാഗത ബിജെപി വോട്ടിൽ ഇടിവുണ്ടായെങ്കിലും അതു നികത്താൻ ക്രിസ്ത്യൻ വോട്ടുകൾ തുണച്ചുവെന്നാണ് വിലയിരുത്തൽ. അതിനാൽ ത്തന്നെ ആത്മവിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്. കഴിഞ്ഞ തവണ എൽഡിഎഫുമായി 4200 ഓളം വോട്ടിന്‍റെ മാത്രം വ്യത്യാസമുള്ള ബത്തേരിയിൽ ഇക്കുറി രണ്ടാംസ്ഥാനത്ത് എത്താനാകുമോയെന്നും അവർ പരിശോധിക്കുന്നു. സ്ഥാനാർഥി നവ്യാ ഹരിദാസ് വോട്ടെണൽ ദിവസം വയനാട്ടിലെത്തും.

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്‌ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുക.

നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുക. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്‌റ്റന്‍റുമാര്‍ എന്നിവരെ വോട്ടെണ്ണലിനായി നിയോഗിച്ചു.

തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലെ മൂന്ന് ഹാളുകളിലായി 24 ടേബിളുകള്‍ സജ്ജമാക്കി. 11000 ത്തോളം തപാല്‍ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തില്‍ നടക്കുന്ന തപാല്‍ പ്രീ-കൗണ്ടിങിന് പത്ത് ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലാണ് എണ്ണുന്നത്. രാവിലെ 8.30 ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. ഇതിനായി അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 14 ടേബിളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പോളിങ് സ്‌റ്റേഷനുകള്‍ കുറവുള്ള ഏറനാട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിന് 12 ടേബിളുകളാണ് ഒരുക്കുക.

സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഒന്നുമുതല്‍ 14 വരെയുള്ള ബൂത്തുകള്‍ ക്രമത്തില്‍ 14 ടേബിളുകളിലായി ആദ്യ റൗണ്ടില്‍ എണ്ണും. 15 മുതല്‍ 28 വരെയുള്ള ബൂത്തുകള്‍ രണ്ടാം റൗണ്ടിലും അതിന് തുടര്‍ച്ചയായുള്ള ബൂത്തുകള്‍ തുടര്‍ റൗണ്ടുകളിലും എണ്ണും. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മൂന്ന് കൗണ്ടിങ് ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിങ് ഹാളുകളില്‍ സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കും. വോട്ടെണ്ണലിന്‍റെ തത്സമയ ഫലം അറിയാന്‍ വോട്ടെണ്ണല്‍ കേന്ദ്രമായ എസ്.കെ.എം.ജെ സ്‌കൂളില്‍ പി.ആര്‍.ഡി മീഡിയാ സെന്‍റര്‍ ഒരുക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് നേരിട്ടുള്ള വേട്ടെണ്ണല്‍ ഫലങ്ങള്‍ മീഡിയ സെന്‍റര്‍ വഴി ലഭ്യമാക്കും.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രത്യേക കൗണ്ടിങ് മീഡിയ പാസ് ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും മീഡിയ സെന്‍ററിലേക്കുള്ള പ്രവേശനം. പോസ്‌റ്റല്‍, ഇവിഎം വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്‍റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക. വോട്ടെണ്ണലിന് ശേഷം ഇലക്ട്രോണിക് യന്ത്രങ്ങള്‍ അതത് അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്‌ത് തിരികെ വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കും.

കനത്ത സുരക്ഷയില്‍ സ്‌ട്രോങ്ങ് മുറികള്‍

വോട്ടെടുപ്പിന് ശേഷം വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് മുറികള്‍ കനത്ത സുരക്ഷയിലാണ്. കേന്ദ്ര ആംഡ് പൊലീസ്, സംസ്ഥാന ആംഡ് പൊലിസ്, സംസ്ഥാന പൊലീസ് എന്നിവര്‍ 24 മണിക്കൂറും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ സ്ട്രോങ് റൂമിന് കനത്ത സുരക്ഷയൊരുക്കുന്നു. വോട്ടെണ്ണല്‍ ദിനമായ ശനിയാഴ്‌ച രാവിലെ 6 ന് റിട്ടേണിങ് ഓഫീസര്‍, അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാര്‍, സ്ഥാനാര്‍ഥി ഏജന്‍റുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് മുറികള്‍ തുറക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും പാസുള്ളവര്‍ക്കും മാത്രമായിരിക്കും ഇവിടേക്കുള്ള പ്രവേശനം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.


Read Previous

ശ്രദ്ധാകേന്ദ്രം പാലക്കാട്; വോട്ടെണ്ണൽ; വിക്ടോറിയ കോളജിൽ രാവിലെ എട്ടിന്, തപാൽ ബാലറ്റുകൾ ആദ്യം എണ്ണുo.

Read Next

Election Results Live: രാഹുല്‍ വിജയിച്ചു, ഭൂരിപക്ഷം 18609 വോട്ട്, പ്രിയങ്കയുടെ ലീഡ് മൂന്നര ലക്ഷത്തിലേക്ക്, ചേലക്കര എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് ഭൂരിപക്ഷം 12122.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »