തീരാനോവായി അവർ ഒന്നിച്ചുമടങ്ങി; കണ്ണീരോടെ നാട് വിട ചൊല്ലി; കരിമ്പയിലെ നാലു സഹപാഠികൾക്ക് നിത്യനിദ്ര


പാലക്കാട്: ജീവിച്ചു കൊതിതീരും മുമ്പേ വിധി തട്ടിയെടുത്ത ആ നാലു കൂട്ടുകാരും അടുത്തടുത്ത ഖബറുകളില്‍ നിത്യനിദ്ര പൂകി. തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം പൂര്‍ത്തി യാക്കിയശേഷം പത്തരയോടെയാണ് തുപ്പനാട് മസ്ജിദില്‍ നാലു വിദ്യാര്‍ത്ഥിനികളുടേയും മൃതദേഹം എത്തിച്ചത്. മയ്യത്ത് നമസ്‌കാരത്തിനുശേഷം അടുത്തടുത്തായി തയ്യാറാക്കിയ ഖബറില്‍ നാലുപേരെയും സംസ്‌കരിച്ചു.

പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് വീടുകളിലും കരിമ്പനയ്ക്കല്‍ ഹാളിലുമെത്തിച്ച കരിമ്പ വാഹനാപകടത്തില്‍ മരിച്ച നാലു പെണ്‍കുട്ടികള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും ബന്ധുക്കളും അടക്കം രാവിലെ മുതല്‍ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു.

കുട്ടികളുടെ മൃതദേഹം വീടുകളിലും കരിമ്പനയ്ക്കല്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍, വീട്ടുകാരും ബന്ധുക്കളും സഹപാഠികളും പൊട്ടിക്കരഞ്ഞ ദൃശ്യങ്ങള്‍ നാട്ടുകാരുടെയാകെ ഉള്ളുലച്ചു. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഇന്നലെ വൈകീട്ട് പരീക്ഷ എഴുതി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നാലു വിദ്യാര്‍ത്ഥിനിക ളുടേയും മുകളിലേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞത്. കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ചെറുള്ളി പള്ളിപ്പുറം അബ്ദുല്‍ സലാമിന്റെയും ഫാരിസയുടെയും മകള്‍ പി എ ഇര്‍ഫാന ഷെറിന്‍ (13), പെട്ടേത്തൊടി അബ്ദുല്‍ റഫീഖിന്റെയും ജസീനയുടെയും മകള്‍ റിദ ഫാത്തിമ (13), കവുളേങ്ങില്‍ സലീമിന്റെയും നബീസയുടെയും മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകള്‍ എ എസ് ആയിഷ (13) എന്നിവരാണ് മരിച്ചത്.


Read Previous

അമ്മയുടെ തോൽവിക്ക് പകരം വീട്ടാൻ മകൻ; കെജരിവാളിനെതിരെ ന്യൂഡൽഹിയിൽ സന്ദീപ് ദീക്ഷിത്

Read Next

സ്കൂൾ കലോത്സവത്തിലെ സ്ഥിരം മണവാട്ടി , ഇനി ഒരിക്കലും മണവാട്ടിയാവാൻ ആയിഷ വരില്ല, ഹൃദയം തകർന്ന് അദ്ധ്യാപകരും സഹപാഠികളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »