മറ്റു നടിമാർക്കെതിരെയും ലൈംഗികാധിക്ഷേപം; ബോബിയുടെ യൂട്യൂബ് വിഡിയോകൾ പൊലീസ് പരിശോധിക്കും


കൊച്ചി: വ്യവസായി ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തില്‍ മറ്റുള്ളവര്‍ക്കെതിരെ ബോബി അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.വീണ്ടും ഹണി റോസിന്റെ മൊഴി രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും.

ബോബിയുടെയും അദ്ദേഹം ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. ബോബി ചെമ്മണൂര്‍ ഹണി റോസിനു പുറമെ മറ്റു നടിമാര്‍ക്കെതിരെയും യൂട്യൂബ് ചാനല്‍ പരിപാടി നടത്തുന്നവര്‍ക്കെതിരെയും ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളും പരിശോധിക്കും. ഇത്തരം ഒട്ടേറെ വിഡിയോകളും മറ്റും ഇപ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇവ പരിശോധിച്ച് കൂടുതല്‍ കേസുകളെടുക്കാന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താന്‍ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലും പിന്തുടര്‍ന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഹണി റോസില്‍ നിന്ന് കൂടുതല്‍ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഒരാളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് 3 വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.

കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. തുടര്‍ന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.


Read Previous

പാട്ടിന്റെ പൗർണമിച്ചന്ദ്രൻ മാഞ്ഞു; ഭാവഗായകന് വിട നൽകി കേരളം; ഒഴുകിയെത്തി ആയിരങ്ങൾ

Read Next

അഞ്ച് കിലോമീറ്ററിന് 20 രൂപ, എസി യാത്ര; കൊച്ചിയിൽ ഇനി മെട്രോ കണക്ട് ബസുകൾ, റൂട്ടും നിരക്കും ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »