തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്ലസ് വൺ വിദ്യാർത്ഥിനിയാ യിരുന്നു എറിൻ. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ് (16),പട്ടിക്കാട് ചുങ്കത്ത് വീട്ടിൽ അലീന (16) എന്നിവർ നേരത്തെ മരിച്ചിരുന്നു.
നാലുപേരാണ് അപകടത്തിൽപ്പെട്ടത്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുയാണ്. നിമ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ്.പീച്ചി ഡാമിന്റെ ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് 13-ാം തീയതി ഉച്ചയ്ക്ക് മൂന്നോടെ യായിരുന്നു അപകടമുണ്ടായത്. ചെരിഞ്ഞുനിൽക്കുന്ന പാറയിൽ നിന്ന് കാൽവഴുതി ആദ്യം രണ്ടുപേർ വീഴുകയും അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് രണ്ടുപേർ കൂടി പീച്ചി പള്ളിക്കുന്ന് അംഗന വാടിക്ക് താഴെയുള്ള പീച്ചി ഡാം റിസർവോയറിന്റെ ആഴമുള്ള ഭാഗത്തേക്ക് വീഴുകയുമായി രുന്നു.
നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തിൽപെട്ട മൂന്നുപേർ. കരയിലുണ്ടായി രുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്തത്. പുറത്തെടുത്ത സമയം മൂന്നുപേർ അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു. ഹിമയുടെ വീട്ടിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു മൂവരും.