
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ മുഖ്യ സ്പോൺസർ ആയിരുന്നു മദ്യ നിർമാണ കമ്പനിയായ ഒയാസിസെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. അതിൻ്റെ നന്ദി കാണിക്കാനാണ് എംബി രാജേഷ് പാലക്കാട്ട് ഡിസ്റ്റിലറി തുടങ്ങാൻ ഒയാസിസിന് അനുമതി നൽകിയതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സർക്കാർ അനുമതി നേടി പാലക്കാട് എലപ്പുള്ളിയിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന ഒയാസിസ് മദ്യ കമ്പനി ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ മുഖ്യ സാമ്പത്തിക സ്രോതസായിരുന്നു. ഒയാസിസ് മദ്യ കമ്പനിയുമായി ചേർന്ന് സർക്കാർ വലിയ കുംഭകോണത്തിനാണ് പദ്ധതിയിടുന്നത്. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തുള്ള സിപിഎം നിലവിൽ ജയിച്ച കോൺഗ്രസിനേക്കാൾ കോടിക്കണക്കിന് രൂപയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചത്. ഇതെല്ലാം ലഭ്യമാക്കിയത് ‘വിവാദ കമ്പനി’ വഴിയാണ്.
കള്ളപ്പണ ഇടപാട് കേസിൽ ജയിലിൽ കിടന്ന ആളാണ് ഒയാസിസ് കമ്പനിയുടെ ഡയറക്‌ടർ. നാട്ടിലെ മുഴുവൻ തട്ടിപ്പുകാരും പിണറായി വിജയന്‍റെ വട്ടത്തിലേക്ക് വന്നു ചേരുന്ന കാഴ്‌ചയാണ് കാണുന്നത്. ഡൽഹിയിലും പഞ്ചാബിലും ഉൾപ്പെടെ ബ്ലാക്ക് ലിസ്റ്റിൽ ഉള്ള കമ്പനിക്ക് എങ്ങനെയാണ് കേരളത്തിൽ പ്രവർത്തന അനുമതി ലഭ്യമാക്കിയത്.
കമ്പനിക്ക് പ്രവർത്തനാനുമതി നൽകുന്നതിൽ സർക്കാർ അനാവശ്യവും വൃത്തികെട്ടതുമായ ധൃതിയാണ് കാണിക്കുന്നത്. കൃഷിയെ സഹായിക്കാനാണ് പദ്ധതി എന്നു പറഞ്ഞ് ന്യായീകരിക്കുന്ന സർക്കാർ, കൃഷിയിടങ്ങളിൽ കർഷകർക്ക് ഫുള്ളും ഹാഫും ഒഴിക്കുകയാണോ ചെയ്യേണ്ടത് എന്നും പരിഹസിച്ചു.
മലമ്പുഴയിൽ ജല ചൂഷണം പാടില്ല എന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ മദ്യ കമ്പനിക്ക് ജലം ഊറ്റാനുള്ള സൗകര്യം ഒരുക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്‍റെ നന്ദി കാണിക്കുന്നത് വേറെ വഴിക്കാവണം. കടുത്ത ജല ദൗർലഭ്യം നേരിടുന്ന എലപ്പുള്ളി പ്രദേശത്ത് കമ്പനി പ്രവർത്തിക്കാൻ അനുവദിക്കില്ല.
കമ്പനിയിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകി അവരെ മടക്കി അയക്കുകയാണ് പിണറായി സർക്കാർ ചെയ്യേണ്ടത്. ഒരു കാരണവശാലും കമ്പനിയുടെ പ്രവർത്തനം അനുവദിക്കില്ലെന്ന് പറഞ്ഞ എംഎൽഎ, തിങ്കളാഴ്‌ച ഡിസ്റ്റിലറി പ്രവർത്തനം ആരംഭിക്കാൻ ഇരിക്കുന്ന പ്രദേശത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്നും പിന്നീട് സംസ്ഥാനതലത്തിൽ പ്രക്ഷോഭം തുടങ്ങുമെന്നും അറിയിച്ചു.
കമ്പനിക്ക് സ്ഥലം വാങ്ങി നൽകാൻ ഇടപെട്ടത് ഒരു പ്രാദേശിക കോൺഗ്രസ് നേതാവാണ് എന്ന ആരോപണത്തോട് ആര് തെറ്റ് ചെയ്‌താലും അത് തെറ്റാണ് എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.