പകൽ നാടൻപണികൾ, സന്ധ്യയായാൽ മയക്കുമരുന്ന് കച്ചവടം; നാട്ടിലെ ‘മാന്യന്മാരായ’ അതിഥി തൊഴിലാളികൾ പിടിയിൽ


കോഴിക്കോട് : നാട്ടിൽ എന്നും കൃത്യമായി നാടൻ പണിക്ക് പോകുന്നവർ. ഏതു ജോലി ഏൽപ്പിച്ചാലും ഉത്തരവാദിത്വത്തോടെ ചെയ്യുന്ന അതിഥി തൊഴിലാളികൾ. എന്നാൽ വൈകുന്നേരമായാൽ കോഴി ക്കോട് നഗരത്തിലെ റെയിൽവേ സ്‌റ്റേഷൻ പരിസരത്തും മാനാഞ്ചിറ പരിസരത്തും ബസ് സ്‌റ്റാൻഡു കൾക്ക് മുമ്പിലും സ്‌കൂളുകളുടെ പരിസരത്തും കഞ്ചാവ് വിൽപന. ഡാൻസാഫ് സംഘം കഞ്ചാവുമായി പൊക്കിയപ്പോൾ വെള്ളിപറമ്പ് മേഖലയിലെ നാട്ടുകാർ ഒന്നു ഞെട്ടി.

നാട്ടിലെ മാന്യന്മാരായ ഒഡിഷ സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികളെയാണ് കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം വെള്ളിപറമ്പിൽ വച്ച് ഡാൻസാഫിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. 10 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. ഒന്നരമാസം മുമ്പ് നാട്ടിലേക്ക് പോയതായിരുന്ന അവർ തിരികെ വന്ന് ബസ് ഇറങ്ങുമ്പോഴാണ് ഡാൻസാഫിന്‍റെ വലയിലായത്.

ഒഡിഷ ഖനിപൂർ സ്വദേശിയായ രമേശ് ബാരിക്(34), ഒഡിഷ ചന്ദനപൂർ സ്വദേശിയായ ആകാശ് ബാലിയാർ സിങ്(35) എന്നിവരാണ് പിടിയിലായത്. നേരത്തെ തന്നെ ഇരുവരും ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. നാട്ടിൽ നിന്നും തിരികെ വരുന്നുണ്ടെന്ന രഹസ്യവിവരം ഡാൻസാഫിന് ലഭിച്ചു. പൊലീസിനെ വെട്ടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞാണ് ഇരുവരും നാട്ടിൽ നിന്നും തിരികെ കോഴിക്കോട്ടേക്ക് വന്നത്.

പാലക്കാട് വരെ ട്രെയിനിൽ എത്തി അവിടെ നിന്നും ആദ്യം കൊണ്ടോട്ടിയിലേക്ക് മറ്റൊരു ബസിൽ കോഴിക്കോട്ടേക്കും പിന്നെ വെള്ളിപറമ്പിലേക്കും മാറിമാറി കയറിയാണ് ഇരുവരും എത്തിയത്. എന്നാൽ ബസിറങ്ങിയത് ഡാൻസാഫ് സംഘത്തിൻ്റെ മുന്നിലേക്കും.

കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ നാട്ടിൽ തുച്‌ഛമായ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവ് ഇവിടെയെത്തിച്ച് ചെറിയ പാക്കറ്റുകളിൽ ആക്കി ആവശ്യക്കാർക്ക് കൊടുക്കുകയാണ് ചെയ്യുന്നതെന്ന് വിവരം പൊലീസിനെ ലഭിച്ചു. വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വിലവരും ഇവരിൽ നിന്നും പിടികൂടിയ കഞ്ചാവിന്.

ഡാൻസാഫ് എസ്ഐമാരായ മനോജ് എടയേടത്ത്, കെ അബ്‌ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് മൂസാൻ വീട്, കെ അഖിലേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ എംകെ ലതീഷ്, പികെ സരുൺകുമാർ, ഷിനോജ് മംഗലശ്ശേരി, പി അഭിജിത്ത്, കെഎം മുഹമ്മദ് മഷ്ഹൂർ എന്നിവരാണ് പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നൽകിയത്.


Read Previous

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് കണ്ടെത്തിയതല്ലേ?

Read Next

ഇടുക്കി മൂന്നാറിൽ കൊമ്പ് കോർത്ത് കാട്ടുകൊമ്പന്മാർ; വാൽപ്പാറയിൽ വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കുത്തിമറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »