
മലപ്പുറം : ചേർത്ത് വെക്കലിന്റെ മറ്റൊരു മഹിത മാതൃകയായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. കെഎംസിസി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ, മരണപ്പെട്ട നാല് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നാല്പത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ കൈമാറി. കഴിഞ്ഞ ആറ് വർഷമായി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കുന്ന സമയത്ത് മരണപ്പെട്ട മുപ്പത്തി ഏഴ് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സഹായം നൽകുവാൻ കമ്മിറ്റിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് പേർക്ക് ചികിത്സ സഹായവും കഴിഞ്ഞ കാലങ്ങളിൽ കൈമാറിയിട്ടുണ്ട്.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയിൽ ഈ വർഷം ഏട്ടായിരത്തിലധികം ആളുകളാണ് ചേർന്നിട്ടുള്ളത്. റിയാദിലേയും പരിസര പ്രദേശങ്ങളിലെയും മലയാളികളായ പ്രവാസികളാണ് പദ്ധതിയിൽ അംഗത്വം എടുത്തിട്ടുള്ളത്. പദ്ധതിയിൽ അംഗങ്ങളായി രിക്കെ, പ്രവാസം അവസാനിപ്പിച്ചവർക്ക് നാട്ടിൽ നിന്നും അവരുടെ അംഗത്വം പുതുക്കുവാനുള്ള സൗകര്യവും കമ്മിറ്റി ഒരുക്കി നൽകിയിരുന്നു. പ്രവാസ ലോകത്ത് കെഎംസിസി ചെയ്യുന്ന പ്രവർത്ത നങ്ങൾ ഓരോ ദിവസം കഴിയും തോറും വർധിച്ച് വരികയാണ്. പാവപ്പെട്ട മനുഷ്യർക്ക് തണലായി നിൽക്കുന്ന കെഎംസിസി അനുകരണീയ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കാരുണ്യം എന്ന വാക്കിന് കെഎംസിസി എന്നർത്ഥം നൽകിയ സംഘടനയാണ് കെഎംസിസിയെന്ന് ചടങ്ങിൽ സംബന്ധിച്ച മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം എൽ എ പറഞ്ഞു.
സഹായ വിതരണ ചടങ്ങിൽ മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ. കെ എൻ എ ഖാദർ, അഡ്വ. എം ഉമ്മർ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, വൈസ് പ്രസിഡന്റുമാരായ അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി, മാമുക്കോയ തറമ്മൽ, മൊയ്തീൻ കോയ കല്ലമ്പാറ, കെഎംസിസി നേതാക്കളായ സൈദ് അരീക്കര, അൻവർ വാരം, ഷൗക്കത്ത് പന്നിയങ്കര, റഹീം ക്ലാപ്പന, ഇബ്രാഹിം ഹാജി എടരിക്കോട്, നാസർ പാതിരിക്കോട്, സാദിഖ് പുറക്കാട്ടിരി, ഹുസൈൻ കുപ്പം,അഷ്റഫ് കെ പി ,ഉസ്മാൻ കാരക്കുന്ന്, നൂറുദ്ധീൻ കൊട്ടിയം , ഫിറോസ് കൊട്ടിയം, ജാഫർ കണ്ണൂര്,എന്നിവർ പങ്കെടുത്തു.