കൊല്ലം∙ തുടർച്ചയായി ഏഴാം വർഷവും കൊല്ലം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി. ഇതോടെ 9 തവണ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കൊല്ലത്തിനു ലഭിച്ചു. 50 ലക്ഷം രൂപയും ട്രോഫിയും ആണ് പുരസ്കാരം. പ്രസിഡന്റ് പി.കെ ഗോപന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ നൂതന പദ്ധതികളാണ് 2023-24 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിന് അർഹമാക്കിയത്.

മാലിന്യ സംസ്കരണം
ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളുമായി ചേർന്ന് 50 ലക്ഷം രൂപയുടെ സംയുക്ത പദ്ധതികൾ ശുചിത്വം മാലിന്യ സംസ്കരണ മേഖലയിൽ നടപ്പാക്കി. ഹരിതകേരള മിഷന്റെ ഭാഗമായി ഗ്രാമീണ കുളങ്ങൾ മാലിന്യ മുക്തമാക്കി. കൃഷിക്കും ജലസേചനത്തിനും പ്രയോജനപ്പെടുന്ന സുജലം പദ്ധതി നടപ്പാക്കി. കല്ലട, ഇത്തിക്കര, പള്ളിക്കൽ ആറുകളും കൈവഴികളും മാലിന്യ മുക്തമാക്കി നീരൊഴുക്ക് സുഗമമാക്കാൻ ‘ഒഴുകാം ശുചിയായി’ പദ്ധതി ഏറ്റെടുത്തു.
കതിർമണി
ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ കതിർമണി ബ്രാൻഡ് മട്ടയരി വിപണിയിൽ എത്തിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിച്ചു. കുരിയോട്ടുമല ഹൈടെക് ഡയറി ഡവലപ്മെന്റ് ഫാം കേന്ദ്രീകരിച്ച് നടപ്പാക്കി വരുന്ന ഫാം ടൂറിസം, ഫാമിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളായ നെയ്യ്, തൈര്, ജൈവവളം, പനീർ തോട്ടത്തറ ഹാച്ചറിയിൽ ആരംഭിച്ച ഫീഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങിയ ശ്രദ്ധേയ പദ്ധതികൾ.
500 പേർക്ക് ജോലി
മാലാഖക്കൂട്ടം, സ്കിൽ ടെക്, എൻട്രി, പാരാ മെഡിക്കൽ ടെക് തുടങ്ങിയ പദ്ധതികളിലൂടെ 500 ൽ പരം പേർക്ക് താൽക്കാലിക ജോലിയും പ്രവൃത്തി പരിചയവും നൽകി. അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽദായക മത്സരപ്പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകി.
പോഷകാഹാരം
അർബുദ രോഗബാധിതരായ വയോജനങ്ങൾ, എച്ച്ഐവി ബാധിതർ, ഭിന്നശേഷി സ്കോളർഷിപ് കൈപ്പറ്റുന്നവർ എന്നിവർക്ക് പോഷകാഹാര സാധനങ്ങൾ വിതരണം ചെയ്തു.
കാവൽ
കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിന് കാവൽ പദ്ധതി നടപ്പാക്കി. ഭിന്നശേഷിക്കാർക്ക് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് മോട്ടറൈസ്ഡ് വീൽ ചെയറുകൾ വിതരണം ചെയ്തു.
നിർമാണം
കുരിയോട്ടുമല ഫാമിൽ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി സ്മാരകമായി സംസ്ഥാനതലത്തിൽ റസിഡൻഷ്യൽ ക്യാംപുകൾ സംഘടിപ്പിക്കത്തക്ക രീതിയിലുള്ള അത്യാധുനിക ഓഡിറ്റോറിയത്തിന്റെയും ഡോർമിറ്ററി സംവിധാനത്തിന്റെയും നിർമാണം പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ നവീകരണം തുടങ്ങി. ജില്ലാ പഞ്ചായത്ത് അങ്കണത്തിലുള്ള കമ്മാൻകുളത്തിന്റെ ചരിത്ര പ്രാധാന്യം വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് കമ്മാൻകുളം ചരിത്ര സ്മാരകം നിർമിച്ചു.2017–18 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി സ്വരാജ് ട്രോഫി പുരസ്കാരം നേടുന്ന കൊല്ലം ജില്ലാ പഞ്ചായത്ത് 2013–14, 2015–16 വർഷങ്ങളിലും സ്വരാജ് ട്രോഫി നേടിയിരുന്നു.