കണ്ണൂർ: ഇന്ത്യ-യുഎഇ ബന്ധത്തിലെ ഊഷ്മളമായ അദ്ധ്യായത്തിനു സാക്ഷിയായി കണ്ണൂര്‍. യുഎഇയുടെ കമ്മ്യൂണിറ്റി വർഷത്തോടനുബന്ധിച്ച് കണ്ണൂർ പയ്യാമ്പലം ബീച്ചില്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി റണ്ണിൽ പങ്കെടുത്ത് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി. കമ്മ്യൂണിറ്റി സേവനം, സന്നദ്ധപ്രവർത്തനം, ഫലപ്രദമായ സംരംഭങ്ങൾ എന്നിവയിലൂടെ സമൂഹത്തിന് സജീവമായ സംഭാവനകൾ പ്രോത്സാ ഹിപ്പിക്കുന്നതിനായാണ് യുഎഇ 2025 ഇയർ ഓഫ് കമ്മ്യൂണിറ്റി വർഷമായി ആചരിക്കുന്നത്.

മലയാളികൾ ധാരാളമുള്ള യുഎഇയിലെ വർഷാചരണത്തിന്റെ മൂല്യങ്ങൾ ഉൾ ക്കൊണ്ടാണ് അഞ്ചു കിലോമീറ്റർ കമ്മ്യൂണിറ്റി റൺ പ്രത്യേകമായി കണ്ണൂർ ബീച്ച് റണ്ണിൽ ഉൾപ്പെടുത്തിയത്. നിയമസഭാ സ്പീക്കർ എഎൻ ഷംസീർ കമ്മ്യൂണിറ്റി റൺ ഫ്ലാഗ് ഓഫ് ചെയ്തു. പ്രശസ്ത കായിക താരം പ്രീജ ശ്രീധരനും സന്നിഹിതയായിരുന്നു. മന്ത്രി ക്കൊപ്പം യുഎഇ ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ അടക്കം നൂറിലധികം പേർ ഈ വിഭാഗത്തിൽ ഓടി. ഫിറ്റ്നസ് പ്രേമികൂടിയായ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അതിവേഗം അഞ്ചു കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി കയ്യടി നേടി.
യുഎഇയിൽ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രഖ്യാപന പ്രകാരം 2025 കമ്മ്യൂണിറ്റി വർഷമായി ആചരിക്കുകയാണ്. ഡോ. ഷംഷീറുമായി ചേർന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കമ്മ്യൂണിറ്റി റണ്ണിൽ പങ്കെടു ക്കാൻ ആയതിൽ ഏറെ സന്തോഷമുണ്ട്. അടുത്ത വർഷം ഹാഫ് മാരത്തോൺ ഓട്ടത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച കണ്ണൂർ ബീച്ച് റണ്ണിൽ ഈ വർഷം വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം പേർ പങ്കെടുത്തു. ഹാഫ് മാരത്തണിനുള്ള കേരളത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയും എത്യോപ്യയിൽ നിന്നുള്ള ആറ് അന്താരാഷ്‌ട്ര റണ്ണർമാരുടെ പങ്കാളിത്തവും മത്സരത്തിന്റെ വീര്യം കൂട്ടി. പുരുഷന്മാരുടെ 21 കിലോമീറ്റർ ഓട്ടത്തിൽ എത്യോപ്യൻ റണ്ണറായ കെബെഡെ ബെർഹാനു നെഗാഷ് ഒന്നാം സ്ഥാനവും ലോകേഷ് ചൗധരി രണ്ടാം സ്ഥാനവും ആകാശ് എം എൻ മൂന്നാം സ്ഥാനവും നേടി. വനിതകളുടെ ഹാഫ് മാരത്തണിൽ അബെതു മിൽകിതു മുലെറ്റ ഒന്നാം സമ്മാനം കരസ്ഥമാക്കി, ഹോർഡോഫ മെസെറെറ്റ് ദിരിബയും ടെക്കൂ ബെകെലു അബെബെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മൂന്ന് കിലോമീറ്റർ ഹെൽത്ത് അവയർനസ് റണ്ണിൽ പുരുഷ വിഭാഗത്തിൽ ആദർശ് ഗോപി ഒന്നാം സ്ഥാനം നേടി. മെമ്പേഴ്‌സ് ആൻഡ് ഫാമിലി മൂന്ന് കിലോമീറ്റർ പുരുഷ വിഭാഗത്തിൽ ശ്യാമളൻ സിപിയും വനിതാ വിഭാഗത്തിൽ നിഷ വിനോദും വിജയിച്ചു.