മയക്കുമരുന്ന് കേസുകളുടെ എണ്ണം നമ്മുടെ നാട്ടിൽ ഓരോദിവസവും കൂടിവരികയാണ്. ഇതിൽ പിടിയിലാകുന്നതിലേറെയും യുവതീ യുവാക്കളാണ്. കഠിന ശിക്ഷ ലഭിക്കാത്തതാണ് ഒരിക്കൽ പിടിക്കപ്പെട്ടവർ തന്നെ വീണ്ടും ലഹരികടത്താൻ തയ്യാറായി മുന്നോട്ടുവരുന്നതിന് കാരണം എന്നാണ് പൊതുവെയുള്ള ആക്ഷേപം. ശിക്ഷ കടുപ്പിക്കുകയും പൊലീസ് മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്തുനോക്കുമ്പാേൾ നമ്മുടെ നാട്ടിൽ ലഹരിക്കടത്തിന് ശിക്ഷ അത്ര കടുപ്പമല്ല. ലോകത്ത് ലഹരിയുമായി ബന്ധപ്പെട്ട കേസിന് വധശിക്ഷ ഉൾപ്പടെ കടുത്ത ശിക്ഷ നൽകുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം.
മലേഷ്യ
മയക്കുമരുന്ന് വിൽക്കുന്നതിന് വധശിക്ഷവരെ ലഭിക്കുന്ന രാജ്യമാണ് മലേഷ്യ. മയക്കുമരുന്നുമായി ഒരാൾ പിടിയിലായാൽ, അയാൾ എത്ര ഉന്നതനായാലും ശിക്ഷ ഉറപ്പാണ്. കുറഞ്ഞ അളവിലാണ് മയക്കുമരുന്ന് കണ്ടെത്തുന്നതെങ്കിൽ ജയിൽ ശിക്ഷയ്‌ക്കൊപ്പം കനത്ത പിഴയും അടയ്‌ക്കേണ്ടിവരും. കൂടിയ അളവിൽ കണ്ടെത്തുകയാണെങ്കിൽ വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷക്കരുത്. വിദേശികളെന്നോ സ്വദേശികളെന്നോ ഉള്ള ഇളവുകളൊന്നും പ്രതീക്ഷിക്കുകയും അരുത്. മദ്യപിച്ച് വാഹനമോടിക്കുന്നതുപോലും ഇവിടെ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഓർക്കുക.
ചൈന
നമ്മുടെ അയൽരാജ്യമായ ചൈനയിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കഠിന ശിക്ഷയാണ് നിലവിലുള്ളത്. മയക്കുമരുന്നുമായി ഒരു വ്യക്തി പിടിയിലായാൽ സർക്കാർ ഉടമസ്ഥതയിലുളള പുനരധിവാസ കേന്ദ്രത്തിൽ നിശ്ചിത കാലയളവ് കഴിയേണ്ടിവരും. മറ്റെന്തുശിക്ഷയെക്കാൾ കഠിനമായിരിക്കും ഇവിടത്തെ ജീവിതം. പുനരധിവാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന തൊണ്ണൂറുശതമാനവും പിന്നീട് മയക്കമരുന്ന് എന്ന് കേട്ടാൽ തന്നെ പേടിച്ചോടും. കൂടിയ അളവിൽ പിടികൂടുകയാണെങ്കിൽ വധശിക്ഷതന്നെയെന്ന് ഉറപ്പിക്കാം. കമ്യൂണിസ്റ്റ് പാർട്ടിക്കും സർക്കാരിനും എതിര് നിൽക്കുന്നവരെ ഇല്ലതാക്കാൻ മയക്കുമരുന്ന് കേസിൽ പെടുത്താറുണ്ടെന്ന് ആക്ഷേപമുണ്ട്.
വിയറ്റ്‌നാം
കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിലും മയക്കുമരുന്ന് കടത്തിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. 1.3 പൗണ്ടിൽ കൂടുതൽ മയക്കുമരുന്ന് പിടികൂടുകയാണെങ്കിൽ ആ വ്യക്തിക്ക് വധ ശിക്ഷ ഉറപ്പാണ്.
ഇറാൻ
ക്രിമിനൽ കുറ്റങ്ങളോട് ഒരുമയവും കാണിക്കാത്ത ഇറാനിൽ അതിനെക്കാൾ ഗൗരവത്തോടെയാണ് മയക്കുമരുന്ന് കടത്തിനെയും ഉപയോഗത്തിനെയും കാണുന്നത്. ദൈവനിന്ദ, രാജ്യദ്രോഹം എന്നിവ കൈകാര്യം ചെയ്യുന്ന ഇസ്ലാമിക് റെവല്യൂഷണറി കോടതിയുടെ അധികാര പരിധിയിലാണ് മയക്കുമരുന്ന് കടത്തും ഉപയോഗവും ഉൾപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഇറാനിൽ വധശിക്ഷതന്നെയാണ് മയക്കുമരുന്ന് കേസുകൾക്കും ലഭിക്കുന്നത്. തീരെ കുറഞ്ഞ അളവിലാണെങ്കിലും ശിക്ഷയിൽ കാര്യമായ കുറവൊന്നും ഉണ്ടാവില്ല.
യുഎഇ
മയക്കുമരുന്ന് ഉപയോഗത്തെ വളരെ അസഹിഷ്ണുതയോടെ കാണുന്ന രാജ്യങ്ങളിൽ ഒന്നാണ് മലയാളി പ്രവാസികൾ ഏറെയുളള യുഎഇ. ലോകത്തിലെ മറ്റുപലഭാഗങ്ങളിലും ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് വാങ്ങാവുന്ന മരുന്നുകൾ പോലും ഇവിടെ പ്രശ്നക്കാരാണ്. ഇത്തരം മരുന്നുകൾ കൈവശമുണ്ടെങ്കിൽ അത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പിടികൂടുമ്പോൾ കൈവശം മയക്കുമരുന്ന് ഇല്ലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായാൽ ജയിൽ ശിക്ഷ ഉറപ്പാണ്.
സൗദി അറേബ്യ
സൗദി അറേബ്യയിലെ മയക്കുമരുന്ന് വിൽപ്പനക്കാർക്ക് മിക്കപ്പോഴും വധശിക്ഷയാണ് നൽകുന്നത്.രാജ്യത്ത് മദ്യപാനം നിയമവിരുദ്ധമാണ്, മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ പരസ്യമായി ചാട്ടവാറടി, പിഴ, നീണ്ട തടവ് അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം.