ഓണം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന മറ്റൊന്നാണ് വിഷു. ഓണമായാലും വിഷുവായാലും അത് സമ്മാനിക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ കൂടിയാണ്. മലയാളികളുടെ കാർഷികോത്സവവും പുതുവർഷവുമായ വിഷു ഒരു പുതിയ തുടക്കമാണ്. ആണ്ടുപിറവി എന്നറിയപ്പെടുന്ന വിഷു സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1887-ൽ പ്രസിദ്ധീകരിക്കപ്പെട്ട വില്യം ലോഗന്റെ മലബാർ മാന്വലിൽ വിഷുവിനെ നവവർഷദിനമായി കണക്കാക്കുന്നു. വിഷുവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതീഹ്യങ്ങളാണ് ഉള്ളത്. ഒന്ന് മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ അടിസ്ഥാനമാക്കിയും മറ്റൊന്ന് രാമായണത്തിലെ രാവണനെ അടിസ്ഥാനമാക്കിയും.

ശ്രീകൃഷ്ണനെ ആസ്പദമാക്കിയുള്ള ആദ്യ ഐതിഹ്യം പരിശോധിക്കുമ്പോൾ നരകാസുര വധമാണ് വിഷുവിന്റെ അടിസ്ഥാനമെന്ന് പറയപ്പെടുന്നു. ഭാഗവതത്തിന്റെ അനുസാരത്തിൽ, ഹിരണ്യാക്ഷന്റെ പുത്രനായ നരകാസുരൻ മഹാവിഷ്ണുവിൽ നിന്ന് നാരായണാസ്ത്രം നേടി. അതോടെ, തനിക്കല്ലാതെ മറ്റാരും അവനെ വധിക്കാൻ കഴിയില്ലെന്നു വിഷ്ണു നൽകുന്ന വരവും ലഭിക്കുന്നു. ഇതിൽ നിന്ന് ഭയപ്പെടാതെ, നരകാസുരൻ ഭൂലോകത്തെ കൈപ്പിടിയിലാക്കി, ദേവലോകം ആക്രമിച്ച്, അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെൺകൊറ്റ കുടയും കൈവശപ്പെടുത്തി.
ഇന്ദ്രന്റെ അപേക്ഷ പ്രകാരം, ഗരുഡാരൂഢനായി സത്യഭാമയുമൊത്ത് ശ്രീകൃഷ്ണൻ നരകാസുരന്റെ രാജ്യതലസ്ഥാനമായ പ്രാഗ്‌ജ്യോതിഷത്തിലേക്ക് വരുന്നു. ഇവരെ ആക്രമിക്കാനെത്തിയ അസുര സേനയുടെ പ്രധാന നേതാക്കൾ യുദ്ധത്തിൽ കൊല്ലപ്പെടുന്നു. തുടർന്ന്, നരകാസുരൻ നേരിട്ട് യുദ്ധത്തിന് എത്തുന്നു. യുദ്ധത്തിൽ ശ്രീകൃഷ്ണന്റെ ആകർഷണശക്തിയിൽ നരകാസുരൻ പരാജയപ്പെടുന്നു. ഈ യുദ്ധം വസന്തകാലത്തിന്റെ തുടക്കത്തോടെയായിരുന്നു. ഈ ദിനമാണ് വിഷുവായി അറിയപ്പെടുന്നത്. നരകാസുരനെ ശ്രീകൃഷ്ണൻ നിഗ്രഹിച്ചതിനെ തിന്മയ്ക്കു മേൽ നന്മയുടെ വിജയം എന്ന് വിശേഷിപ്പിക്കുന്നു. തമിഴ്നാട്ടിൽ ആഘോഷിക്കുന്ന ദീപാവലിയുമായി ഈ ഐതിഹ്യത്തെ ചിലർ ബന്ധപ്പെടുത്താറുണ്ട്.

ഒരു ഐതീഹ്യം ഇങ്ങനെയാണ്. കണ്ണനെ തന്റെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുഞ്ഞിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ശ്രീകൃഷ്ണ ഭഗവാന്റെ ബാലരൂപം കാണണം. കണ്ണനോടൊപ്പം കളിക്കണം. അവൻ അതിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു. ആ കുഞ്ഞിന്റെ പ്രാർത്ഥനയിൽ മനം നിറഞ്ഞ ശ്രീകൃഷ്ണൻ ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ആ ബാലന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. സന്തോഷംകൊണ്ട് ആ കുട്ടി കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ശ്രീകൃഷ്ണൻ ബാലനോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു.

നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നാണ് ആ കുട്ടി കണ്ണീരോടെ മറുപടി പറഞ്ഞത്. ബാലന് തന്നോടുള്ള സ്നേഹത്തിൽ മനസ്സ് നിറഞ്ഞ ശ്രീ കൃഷ്ണൻ തന്റെ അരയിൽ അണിഞ്ഞിരുന്ന അരഞ്ഞാണം ആ ബാലന് സമ്മാനമായി നൽകി. ബാലൻ തനിക്ക് കണ്ണനിൽ നിന്നും കിട്ടിയ സമ്മാനം എന്ന പേരിൽ പലരെയും ആ അരപ്പട്ട കാണിച്ചു കൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല. അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോൾ കണ്ണന്റെ അരയിലെ അരപ്പട്ട കാണാതായത് ശ്രദ്ധിക്കുകയും ആ വാർത്ത നാട്ടിൽ പരക്കുകയും ചെയ്തു. പലരും ആ ബാലൻ കള്ളനാണെന്ന് മുദ്രകുത്തി അപമാനിക്കാൻ തുടങ്ങി. എന്നാൽ ആളുകൾ തന്റെ കുട്ടിയെ കള്ളനെന്ന് വിളിക്കുന്നത് കുട്ടിയുടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടികരഞ്ഞുകൊണ്ട് ബാലനെ അടിച്ച് ചങ്ങല വലിച്ചെറിഞ്ഞു. ചങ്ങല ഒരു കൊന്ന മരത്തിൽ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കൾ കൊണ്ട് വിരിഞ്ഞു. ശോഭനമായി. ഈ മരമാണ് കണിക്കൊന്ന എന്നറിയപ്പെടാൻ തുടങ്ങിയത്. ആ ദിവസമാണ് വിഷു എന്ന് ഐതീഹ്യം.
ഏവര്‍ക്കും മലയാളമിത്രത്തിന്റെ വിഷു ആശംസകള്‍