കൊച്ചി: അവധിക്കാലം എത്തിയതോടെ കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന. മാർച്ച് അവസാനം ഉണ്ടായിരുന്നതിനേക്കാൾ വലിയ തോതിലാണ് ആളുകളുടെ എണ്ണം കൂടിയത്. ഗ്രൂപ്പുകളായെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഗ്രാമപ്രദേശങ്ങളിൽ നിന്നുൾപ്പെടെ കൊച്ചിയിലേക്ക് വിനോദയാത്ര വരുന്നവരുടെ വലിയ ഗ്രൂപ്പുകൾ ഉൾപ്പെടെ മെട്രോയാത്ര ആസ്വദിക്കുന്നുണ്ട്.

ഏപ്രിൽ ഒന്നുമുതൽ 14 വരെയുള്ള രണ്ടാഴ്ചയിൽ ആറുദിവസം യാത്രികരുടെ എണ്ണം ഒരുലക്ഷം കടന്നു. അഞ്ച് ദിവസങ്ങളിൽ 95,000ന് മുകളിൽ യാത്രക്കാരുണ്ടായിരുന്നു. 64,468 യാത്രക്കാർ മാത്രമുണ്ടായിരുന്ന 13നും 87,088 പേർ മാത്രം യാത്രക്കാരെത്തിയ 14നും മാത്രമാണ് എണ്ണം കുറഞ്ഞത്. 11-ാം തീയതി 1,08,675 യാത്രക്കാരെത്തി.
മാർച്ചിൽ യാത്രക്കാരുടെ എണ്ണം വളരെക്കുറവായിരുന്നു. മാർച്ച് 25 മുതൽ 31 വരെയുള്ള കാലയളവിൽ 94,877 യാത്രചെയ്തതാണ് പ്രതിദിന കണക്കിൽ മുന്നിൽ. രാവിലെയും വൈകിട്ടുമാണ് ഇപ്പോഴും യാത്രക്കാർ കൂടുതലായെത്തുന്നത്.
വാട്ടർ മെട്രോയിലും തിരക്ക് കൂടി
മാർച്ച് അവസാനത്തോടെ അയ്യായിരത്തിലും താഴെപ്പോയ വാട്ടർമെട്രോ യാത്രക്കാരുടെ പ്രതിദിന എണ്ണം ഇപ്പോൾ പതിനായിരത്തിനടുത്തെത്തി. 12,13,14 തീയതികളിലായിരുന്നു കൂടുതൽ. 13ന് 9760 പേരെത്തിയതാണ് കൂടുതൽ. ഹൈക്കോർട്ട്- ഫോർട്ടുകൊച്ചി റൂട്ടിലാണ് യാത്രക്കാർ കൂടുതൽ. കുറവ് പുതിയ റൂട്ടായ ഏലൂർ- ചേരാനെല്ലൂരിലും.
ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിൽ എത്രയും വേഗത്തിൽ വാട്ടർമെട്രോ സർവീട് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. മട്ടാഞ്ചേരി ടെർമിനലിന്റെ നിർമ്മാണജോലികൾ പൂർത്തീകരിച്ച് അവസാനവട്ട മിനുക്കു പണികളിലാണ്. അതിനു പിന്നാലെ വെല്ലിംഗ്ടൺ ഫെറി ടെർമിനലും വരും. നിലവിൽ ആകെ അഞ്ച് റൂട്ടുകളാണ് വാട്ടർ മെട്രോയ്ക്കുള്ളത്. ആറാമത്തെ റൂട്ട് വൈകാതെ ആരംഭിക്കും.
നിലവിലെ വാട്ടർ മെട്രോ റൂട്ടുകൾ
* ഹൈക്കോർട്ട്- വൈപ്പിൻ
* ഹൈക്കോർട്ട്-ഫോർട്ടുകൊച്ചി
* ഹൈക്കോർട്ട് -സൗത്ത് ചിറ്റൂർ
* വൈറ്റില- കാക്കനാട്
* സൗത്ത് ചിറ്റൂർ- ചേരാനല്ലൂർ