കോഴിക്കോട്: താമരശേരിക്ക് സമീപം കട്ടിപ്പാറയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകന് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ വേണാടി സ്വദേശി മുഹമ്മദിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മുഹമ്മദിന് നേരെ ആക്രമണം ഉണ്ടായത്. ലഹരി മാഫിയ സംഘത്തിൽപ്പെട്ട മൂന്നുപേർ ചേർന്ന് മർദിക്കുകയായിരുന്നു. കഴിഞ്ഞ മാസം 26ന് പ്രതികളിൽ ഒരാളായ പ്രമോദിന്റെ വീട്ടിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന് ലഹരി വിരുദ്ധ സമിതി പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുകയും ചെയ്‌തു. ഇതിന് ശേഷം പ്രമോദ്, മുഹമ്മദിനെ പല തവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് കഴിഞ്ഞ 28ന് മുഹമ്മദ് താമരശേരി പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. ഇതിന്റെ പ്രതികാരമായാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് മുഹമ്മദ് പരാതിപ്പെട്ടു. കട്ടിപ്പാറ പഞ്ചായത്തിലെ ലഹരി വിരുദ്ധ സമിതി പ്രവർത്തകനാണ് ആക്രമണത്തിന് ഇരയായ മുഹമ്മദ്. മൂന്നംഗ അക്രമി സംഘത്തിലെ കെ ലിജേഷ് എന്ന പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ നടക്കുകയാണ്.