
കോഴിക്കോട്: ജീവനൊടുക്കാന്‍ കോഴിക്കോട് ഫറോക്ക് പുതിയ പാലത്തില്‍ കയറിയ യുവാവിനെ പിന്തിരിപ്പിച്ച് പൊലീസ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 24 കാരനെയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ താഴെയിറക്കിയത്.
യുവാവ് 112 ലേക്ക് വിളിച്ചതോടെയാണ് പൊലീസ് ലൊക്കേഷന്‍ കണ്ടെത്തി സംഭവ സ്ഥലത്തെത്തിയത്. എസിപിയുടെ കീഴിലുള്ള സബ്ഡിവിഷനിലെ കണ്‍ട്രോള്‍ റൂം, ഫറൂഖ് പൊലീസ്, മാറാട് സിഐ ബെന്നി ലാലു എന്നിവരുടെ സംയുക്ത സംഘമാണ് യുവാവിനെ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.
റോഡില്‍ ബൈക്ക് സ്റ്റാന്റില്‍ വെച്ചതിന് ശേഷം പാലത്തിന് മുകളില്‍ കയറി നിന്നാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ആ നിമിഷം, ആത്മധൈര്യവും സ്നേഹവും കരുതലുമെല്ലാം നിറച്ച് പൊലീസുകാര്‍ അവനോട് സംസാരിച്ചു തുടങ്ങി. പ്രശ്നങ്ങളില്ലാത്ത മനുഷ്യരുണ്ടോ. എന്തു പ്രശ്നവും സംസാരിച്ചു തീര്‍ക്കാന്‍ പറ്റും. നിന്നെക്കാള്‍ പ്രശ്നങ്ങള്‍ എനിക്കുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. നിനക്കെത്ര വയസ്സുണ്ട്…നിന്റെ പേരെന്താണ് എന്നൊക്കെ ചോദിക്കുമ്പോള്‍ യുവാവ് മറുപടിയും പറയുന്നുണ്ട്.
വിഡിയോയ്ക്കു താഴെ കേരള പൊലീസിനെ അഭിനന്ദിച്ചു കൊണ്ട് കമന്റുകളുടെ പൂരമാണ്. അനിയാ എന്നുള്ള വിളിയാണ് പലരുടേയും ഹൃദയത്തെ സ്പര്‍ശിച്ചത്. ഒന്ന് ചേര്‍ത്ത് പിടിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളേ തനിക്കുള്ളൂ എന്നാണ് മറ്റ് ചിലര്‍ കമന്റ് ചെയ്തത്.