ആരാണ് വേടൻ? ജെൻ സിയെ സ്വാധീനിച്ച റാപ്പർ?; ദലിത് രാഷ്ട്രീയം ‘പച്ചയ്ക്കു പറയുന്ന’ വിവാദ നായകൻ


‘ഞാന്‍ അനുഭവം കൊണ്ട് പറയുകയാണ് മക്കളേ, സിന്തറ്റിക് ഡ്രഗ് പത്തുപേര്‍ അടിച്ചു കഴിഞ്ഞാല്‍ രണ്ടുപേര്‍ ചത്തു പോവും. അത് ചെകുത്താനാണ്, അവനെ ഒഴിവാക്കുക. ദയവുചെയ്ത്… പ്ലീസ്. എത്ര അമ്മയും അപ്പനുമാണ് എന്റെയടുത്ത് വന്ന് കാലുപിടിക്കുന്നത്, മക്കളെ ഇതൊന്ന് പറഞ്ഞു മനസിലാക്ക് എന്ന്. എനിക്കിത് പറയേണ്ട ആവശ്യമില്ല, പക്ഷേ, ഞാന്‍ നിങ്ങളുടെ ചേട്ടനാണല്ലോ,” – തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിനിടെ നടന്ന പരിപാടിയില്‍ രാസലഹരിക്കെതിരെ വേടന്‍ പറഞ്ഞ വാക്കുകളാണിത്. രാസലഹരിക്കെതിരെ നിരന്തരം പറഞ്ഞുകൊണ്ടിരുന്ന വേടന്‍ കഞ്ചാവ് കേസില്‍ പിടിയിലായെന്ന, വിരോധാഭാസം നിറഞ്ഞ വാര്‍ത്തയാണ് ഇന്നു മലയാളികളിലേക്കെത്തിയത്.

ജെന്‍ സി തലമുറയ്ക്ക് പാട്ടിനൊപ്പം രാഷ്ട്രീയവും കൂടി പകര്‍ന്നു നല്‍കുന്നുവെന്നാണ് വേടന്റെ സംഗീതത്തെ ആളുകള്‍ വിശേഷിപ്പിച്ചിരുന്നത്. ഞാന്‍ പാണനല്ല, പുലയനല്ല, നീ തമ്പുരാനുമല്ലെന്ന് പകുതി പറയുകയും പാടുകയും ചെയ്ത വേടനെ പുതിയ തലമുറ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വേടന്റെ പാട്ട് കേള്‍ക്കാന്‍ നിറഞ്ഞ് കവിഞ്ഞ സദസിനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ചൂട് അടങ്ങും മുന്‍പാണ് ഗായകന്‍ കഞ്ചാവ് കേസില്‍ പിടിയിലാ വുന്നത്. ജെന്‍സിയെ ഇത്രധികം സ്വാധീനിച്ച വേടന്‍ ആരാണ്?

ഹിരണ്‍ ദാസ് മുരളിയെന്ന തൃശൂര്‍ സ്വദേശിയാണ് വേടന്‍ എന്ന പേര് സ്വീകരിച്ച് റാപ്പ് മേഖലയില്‍ പേരെടുത്തത്. മ്യൂസിക് ഷോകളില്‍ വസ്ത്രം കൊണ്ടും വ്യത്യസ്തനാണ് വേടന്‍. ദലിത് രാഷ്ട്രീയം പച്ചക്ക് പറയുന്ന ഗായകനെന്നാണ് മാധ്യമങ്ങള്‍ വേടനെ വിശേഷിപ്പിച്ചത്.

വോയ്‌സ് ഓഫ് വോയിസ് ലെസ് എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് വേടന്‍ ശ്രദ്ധേയനാകുന്നത്. ആദ്യ വിഡിയോ പുറത്തിറക്കിയത് ഇരുപത്തിയഞ്ചാം വയസ്സില്‍. ആദ്യ വിഡിയോ തന്നെ സംഗീത പ്രേമികള്‍ ഏറ്റെടുത്തു. വിദ്യാഭ്യാസത്തിന് ശേഷം നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന വേടന്‍ എഡിറ്റര്‍ ബി അജിത് കുമാറിന്റെ സ്റ്റുഡിയോ ബോയ് ആയി പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ റാപ്പറായ ടൂപാക് ഷാക്കൂറില്‍ നിന്ന് പ്രചോദിതമായാണ് റാപ്പ് രംഗത്തേയ്ക്ക് എത്തുന്നത്.

2021 ല്‍ പുറത്തിറങ്ങിയ നായാട്ട്, 2023 ല്‍ പുറത്തിറങ്ങിയ കരം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയിലെ പാട്ടുകള്‍ ശ്രദ്ധേയമായി. എന്നാല്‍ ഇതിനിടയില്‍ വേടനെതിരെ ലൈംഗികാരോപണവും ഉയര്‍ന്നു വന്നു.

‘വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്മെന്റ്’ എന്ന കൂട്ടായ്മയ വഴിയാണ് ഏതാനും സ്ത്രീകള്‍ വേടനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മദ്യലഹരിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. സുഹൃദ വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണ മുണ്ടായിരുന്നു. എംപുരാന്‍ വിവാദവുമായി ബന്ധപ്പെട്ട്, സിനിമ ചെയ്തതിന് ഇഡി റെയ്ഡ് വരുന്ന കാലമാണിതെന്ന വേടന്റെ വാക്കുകള്‍ വൈറലായി. കാരണവന്മാര്‍ മണ്ടത്തരം കാണിച്ച് നടക്കുക യാണെന്നും പുതുതലമുറയില്‍ മാത്രമാണ് പ്രതീക്ഷയെന്നും വേടന്‍ അന്ന് പറഞ്ഞു.


Read Previous

മലയാള സിനിമയുടെ മുഖവും മുഖശ്രീയും’; ഷാജി എൻ കരുണിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Read Next

നീറ്റ് യുജി: ഇത്തവണ പഴുതടച്ച സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന ‘സ്കാനിങ്’, പരിശോധനയ്ക്ക് കലക്ടര്‍ നേരിട്ടെത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »