
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. പാർട്ടി ഗ്രാമ മായ മലപ്പട്ടത്ത് വെച്ച് സിപിഎം പ്രവർത്തകർ കുപ്പിയും വടിയുമെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം.
അടുവാപ്പുറത്തു നിന്ന് ആരംഭിച്ച യാത്ര മലപ്പട്ടത്തു എത്തിയപ്പോഴും തുടർന്ന് ചേർന്ന പൊതുസമ്മേളനിടെയും സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് സംഘഷർ നടന്നിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ കാൽനട യാത്ര സംഘടിപ്പിച്ചത്.
യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോൾ സിപിഎം പ്രവർത്തകർ ആക്രമിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നെങ്കിലും ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. കുപ്പിയും വടിയും കല്ലു മെറിഞ്ഞ് ഇരുവിഭാഗവും നേരിട്ട് ഏറ്റുമുട്ടി. കെ സുധാകരൻ എംപി പ്രസംഗിക്കാനിരുന്ന വേദിക്ക് നേരെയും അതിക്രമമുണ്ടായതായി പരാതിയുണ്ട്. അതിശക്തമായ പൊലീസ് സന്നാഹത്തോടെയാണ് പ്രതിഷേധ പൊതുസമ്മേളനം നടന്നത്.