ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാട്ടിയെന്ന വെളിപ്പെടുത്തലുമായി മുൻമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ജി സുധാകരൻ. തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്കുവേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

36 വർഷം മുൻപ് 1989ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു ജി സുധാകരൻ സംസാരിച്ചത്. ‘സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെ എസ് ടി എയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ഞാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. ഇവ തിരുത്തി.
ഞങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തി. സർവീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂർണമായി പാർട്ടി സ്ഥാനാർത്ഥിക്ക് ലഭിക്കാറില്ല. ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതേണ്ട, ഞങ്ങൾ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് കിട്ടുമ്പോൾ മറ്റാർക്കും ചെയ്യരുത്. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മിഷൻ എനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ല’- എന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തൽ. 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വക്കം പുരുഷോത്തമന് എതിരെയായിരുന്നു ദേവദാസ് മത്സരിച്ചത്. കാൽ ലക്ഷത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വക്കം പുരുഷോത്തമനായിരുന്നു അന്ന് വിജയി.
